ക്രിക്കറ്റ് താരം എന്നതിലുപരി ഒരു മില്ല്യണിലേറെ സബ്സ്ക്രൈബർമാരുള്ള യൂട്യൂബ് ചാനലിന്റെ ഉടമയാണ് രവിചന്ദ്ര അശ്വിൻ. തന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം അറിയിക്കുന്നത് ഈ ചാനലിലൂടെയാണ്. കഴിഞ്ഞദിവസം ജൊഹാനസ്ബെർഗിൽ നടക്കുന്ന ട്വന്റി ട്വന്റി സീരിസിൽ പങ്കെടുക്കുന്നതിനു വേണ്ടി യാത്ര ചെയ്ത അനുഭവം അദ്ദേഹം പങ്കുവെയ്ക്കുകയുണ്ടായി. ഈ യാത്രയ്ക്കിടെ വിമാനത്തിലിരുന്ന് കണ്ട മലയാളചിത്രത്തേക്കുറിച്ചും അതിലെ നായകന്റെ പ്രകടനത്തേക്കുറിച്ചും വാതോരാതെയാണ് അശ്വിൻ സംസാരിച്ചത്.

To advertise here,

മലയാള നടൻ ജയസൂര്യയും അദ്ദേഹം അഭിനയിച്ച ജോൺ ലൂഥർ എന്ന ചിത്രവുമാണ് ആർ അശ്വിന്റെ മനംകവർന്നത്. അതി​ഗംഭീര ചിത്രമാണിതെന്നും നിർബന്ധമായി എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണിതെന്നും അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽക്കൂടി പറഞ്ഞു. ജോൺ ലൂഥർ കണ്ടതോടെ മലയാള സിനിമകളുടെ ആരാധകനായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഉറങ്ങാനൊന്നുംപറ്റാറില്ല. അങ്ങനെയുള്ളപ്പോൾ വിമാനത്തിലെ ടി.വിയിൽ എന്റർടെയ്ൻമെന്റ് സെക്ഷനിൽപ്പോയി തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഓർഡറിൽ സിനിമകൾ കാണും. ഇം​ഗ്ലീഷ് സിനിമകൾ അത്രയും രസമുള്ളതാണെങ്കിലേ കാണൂ എന്നും അശ്വിൻ പറയുന്നു.

‘‘വിജയ് ആന്റണി നായകനായ ‘കൊലൈ’ എന്നൊരു സിനിമ കണ്ടു. അതൊരു പൊലീസ് സ്റ്റോറിയായിരുന്നു. ഡീസന്റ് വാച്ച് എന്നാണ് പറയേണ്ടത്. സിനിമകൾ കാണുമ്പോൾ എന്നെ തൃപ്തിപ്പെടുത്തുന്നുണ്ടോ എന്നുമാത്രമേ നോക്കാറുള്ളൂ. പക്ഷേ അതിനു ശേഷം ഞാനൊരു സിനിമ കണ്ടു, ‘ജോൺ ലൂഥർ’. എന്നാ ആക്ടിങ്. ഞാൻ പറയുന്നത് ശരിയാണെങ്കിൽ ഇതേ ഹീറോ തന്നെയാണ് വസൂൽ രാജ എംബിബിഎസിൽ കമൽഹാസനൊപ്പം സാക്കിർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാ ആക്ടിങ്. സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരാളുടെ ജീവൻ ആയാളുടെ ജോലിയിലാണിരിക്കുന്നത് എന്ന് പറയുന്നതുപോലെ.‘‘

‘‘ഒരു കഥാപാത്രത്തെ എങ്ങനെ രൂപപ്പെടുത്തുന്നു, തിരക്കഥയുടെ മികവ് ഇതെല്ലാം കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമ. വിമാനത്തിൽ ഇരിക്കുമ്പോൾ മറ്റ് ചില ജോലികളും തീർക്കാം എന്ന് വിചാരിച്ചിരുന്നതാണ്. ഫ്ലൈറ്റ് ഇന്റർനെറ്റ് വരെ വാങ്ങി, ഡയറിയും എടുത്തു. ഇതെല്ലാം റെഡിയാക്കിയ ശേഷമാണ് ജോൺ ലൂഥർ കണ്ടുതുടങ്ങിയത്. സിനിമ തുടങ്ങിയ ശേഷം ഫോണിലും ഡയറിയിലുമൊന്നും തൊട്ടേയില്ല. അതുപോലെ തന്നെ ഇരുന്ന് രണ്ടരമണിക്കൂർ സിനിമയിൽ മുഴുകിയിരുന്നു.‘‘

ഈ സിനിമ കണ്ടതോടെ മലയാള സിനിമയുടെ വലിയ ആരാധകനായി മാറിയെന്നാണ് അശ്വിൻ പറയുന്നത്. ഇതിനു മുമ്പും പല സിനിമകളും കണ്ടിട്ടുണ്ട്. നൃത്തസംവിധായിക കലാ മാസ്റ്റർ പറയുന്നതുപോലെ ‘കിഴിച്ചിട്ടാങ്കേ’ എന്നു പറയേണ്ടി വരും. അതിഗംഭീരം. നന്നായി ആസ്വദിച്ചു. നിങ്ങളും ഈ സിനിമ തീർച്ചയായും കാണണം.’’–അശ്വിൻ പറഞ്ഞു. കഴിഞ്ഞയാഴ്ച കണ്ട കാലാ പാനി എന്ന വെബ്സീരീസിനെ അഭിനന്ദിച്ചുകൊണ്ടാണ് അശ്വിൻ വ്ലോ​ഗ് അവസാനിപ്പിക്കുന്നത്. 

നവാ​ഗത സംവിധായകൻ അഭിജിത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ക്രൈം ത്രില്ലറാണ് ജോൺ ലൂഥർ. പോലീസ് വേഷത്തിലാണ് ജയസൂര്യയെത്തിയത്. കേസന്വേഷണത്തിനിടെ ഒരപകടത്തിൽപ്പെട്ട് ഒരു ചെവിയുടെ കേൾവിശക്തി നഷ്ടപ്പെട്ട പോലീസ് ഉദ്യോ​ഗസ്ഥനായാണ് ജയസൂര്യയെത്തിയത്. ആത്മീയ രാജൻ, സിദ്ദിഖ്, ദീപക് പറമ്പോൽ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ. കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ സിനിമയുടെ ഛായാഗ്രാഹകൻ കണ്ണൂർ സ്ക്വാഡിന്റെ സംവിധായകനായ റോബി വർഗീസ് രാജ് ആയിരുന്നു.