ഷാഹിദ് കപൂറിനൊപ്പം രശ്മിക മന്ദാനയും കൃതി സനോണും ഒന്നിക്കുന്ന ചിത്രമാണ് 'കോക്ടെയിൽ 2'. 2012-ൽ പുറത്തിറങ്ങിയ 'കോക്ടെയിലി'ന്റെ സ്പിരിച്വൽ സീക്വൽ എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. സംവിധായകൻ ഹോമി അദജാനിയ തന്നെയാണ് രണ്ടാംഭാഗവും ഒരുക്കുന്നത്. ചിത്രം സ്വവർഗാനുരാഗികളുടെ കഥയാണെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, ഇതിനോട് പ്രതികരിക്കുകയാണ് ഇപ്പോൾ നായികമാരായ രശ്മികയും കൃതി സനോണും.

To advertise here,

ചിത്രം ലെസ്ബിയൻ പ്രണയകഥയാണോ എന്ന ചോദ്യത്തിന് ചിരിയടക്കാൻ കഴിയാതെ പ്രതികരിക്കുന്ന രശ്മികയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ചോദ്യം കേട്ടയുടനെ രശ്മിക പൊട്ടിച്ചിരിച്ചുപോയി. എന്നാൽ, ഇടപെട്ട് സംസാരിച്ച കൃതി, ഇതൊരു സ്വവർഗാനുരാഗകഥയല്ലെന്ന് വ്യക്തമാക്കി. ഇടപെട്ട് സംസാരിച്ച രശ്മിക, 'ഞങ്ങൾക്കിടയിൽ അങ്ങനെയൊരു കെമിസ്ട്രിയുണ്ടെന്ന് അറിയാം', എന്ന് കൂട്ടിച്ചേർത്തു.

'ഞങ്ങൾ മൂന്നുപേരുടെയും കഥാപാത്രങ്ങൾ സ്ട്രെയിറ്റ് (വിപരീതലിംഗാനുരാഗികൾ) ആണ്. ഇതൊരു ഇമോഷണൽ (വൈകാരിക) ത്രീസം ആണ്, ഫിസിക്കൽ (ശാരീരിക) അല്ല', കൃതി വ്യക്തമാക്കി.

മുമ്പും 'കോക്ടെയിൽ 2' ടീമിനോട് സമാന ചോദ്യം ഉയർന്നിരുന്നു. കൃതിയോട് ചോദിച്ചപ്പോൾ, അവർ ചോദ്യം ഷാഹിദിന് കൈമാറി. ചിത്രവുമായി ബന്ധപ്പെട്ട് പ്രചരിച്ച അഭ്യൂഹങ്ങളെല്ലാം ഹോമി അദജാനിയയും നിർമാതാവ് ദിനേഷ് വിജാനും തള്ളിയിരുന്നു. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തും.