പനജി: നല്ലതും ചീത്തയും തമ്മിലുള്ള വേർതിരിവുകളെ സിനിമയിലൂടെ താൻ എങ്ങനെ ചോദ്യം ചെയ്യുന്നു എന്നത് സംബന്ധിച്ച് കാഴ്ചപ്പാടുകൾ പങ്കുവെച്ച് പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജ്. ഗോവയിൽ നടക്കുന്ന 57-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ 'വാട്ട് ഇഫ് ദി വില്ലൻ ഈസ് റൈറ്റ്?' എന്ന ഇന്റർവ്യൂ സെഷനിലാണ് അദ്ദേഹം മനസ്സുതുറന്നത്. ചലച്ചിത്ര നിരൂപകൻ സുധീർ ശ്രീനിവാസനായിരുന്നു മോഡറേറ്റർ.

To advertise here,

മനുഷ്യന്റെ പെരുമാറ്റവും സ്വഭാവവും രൂപപ്പെടുന്നത് ചുറ്റുപാടുകളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയുമാണെന്ന് കാർത്തിക് സുബ്ബരാജ് അഭിപ്രായപ്പെട്ടു. എല്ലാവരും അടിസ്ഥാനപരമായി ഗ്രേ ആണ്. കണ്ടുമുട്ടുന്ന മനുഷ്യരും നേരിടുന്ന സാഹചര്യങ്ങളുമാണ് അയാളെ നല്ലവനായോ മോശക്കാരനായോ മറ്റുള്ളവർ കാണുന്ന തരത്തിലേക്ക് എത്തിക്കുന്നതെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു.

ബോധപൂർവം തിന്മ ചെയ്യുന്ന കഥാപാത്രങ്ങളും ഉള്ളിൽ പതിഞ്ഞ സാമൂഹിക മുൻവിധികൾ കാരണം ദോഷകരമായി പെരുമാറുന്ന കഥാപാത്രങ്ങളും തമ്മിലുള്ള വ്യത്യാസം 'ഡൊറോത്തി' എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി. 'വിസിൽ വീരയ്യ' പ്രത്യക്ഷത്തിൽ തന്നെ തിന്മ ചെയ്യുന്ന ആളാകുമ്പോൾ തന്നെ സ്വന്തം മുൻവിധികളും തെറ്റുകളും തിരിച്ചറിയാത്ത പൊറോട്ട കടയുടമയെപ്പോലുള്ളവർ കൂടുതൽ അപകടകാരികളാകാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഡൊറോത്തി'യിൽ പ്രധാന കഥാപാത്രത്തിന്റെ മരണത്തിന് പിന്നിലെ കാരണങ്ങളായി ആൺമേൽക്കോയ്മയെയും പുരുഷമേധാവിത്ത മനോഭാവങ്ങളെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. അടിച്ചമർത്തുന്ന ഒരു മനോഭാവത്തെയാണ് യഥാർഥ പ്രതിനായകനായി ഒരൊറ്റ വ്യക്തിയേക്കാൾ ഉപരിയായി സിനിമ കാണിക്കുന്നത്. ഒരു ഗ്രാമത്തിന്റെ കൂട്ടായ മനോഭാവം എങ്ങനെയാണ് നെഗറ്റീവായി കാണിച്ചിരിക്കുന്നതെന്നും സമൂഹത്തിലെ മനോഭാവങ്ങളിൽ നിന്നാണ് വ്യക്തിപരമായ തിന്മകൾ ഉണ്ടാകുന്നതെന്നും 'മെർക്കുറി' എന്ന ചിത്രവുമായി ഇതിനെ ചേർത്തുവെച്ച് അദ്ദേഹം വ്യക്തമാക്കി.

ALSO READ | എൻ.എഫ്.ഡി.സി- സോണി പിക്ചേഴ്സ് ധാരണാപത്രം: മലയാളത്തെ തഴഞ്ഞോ?; മറുപടിയുമായി കൃഷ്ണകുമാർ

ഒരാളുടെ കഴിവില്ലായ്മയെ കളിയാക്കുന്നതും ചിരിക്കുന്നതും ശകാരിക്കുന്നതിനേക്കാൾ കൂടുതൽ വേദനിപ്പിക്കുമെന്ന് അപമാനത്തെയും ഉത്തരവാദിത്തത്തെയും കുറിച്ച് സംസാരിക്കുമ്പോൾ കാർത്തിക് സുബ്ബരാജ് പറഞ്ഞു. സ്വന്തം പ്രവൃത്തികളുടെ ഫലം എപ്പോഴും ശാരീരിക ഉപദ്രവമോ മരണമോ ആകണമെന്നില്ലെന്നും പശ്ചാത്താപവും കുറ്റബോധവും തന്നെയാണ് ഏറ്റവും വലിയ ശിക്ഷകളാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സിനിമയ്ക്ക് കഴിയുമെന്ന വിശ്വാസവും കാർത്തിക് പങ്കുവെച്ചു. 'ഡൊറോത്തി' കണ്ടപ്പോൾ ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവരെ പ്രേക്ഷകർ ചേർത്തുപിടിച്ച നിമിഷങ്ങളും പുരുഷന്മാർ പോലും കണ്ണീരണിഞ്ഞ കാഴ്ചകളും അദ്ദേഹം ഓർമിച്ചു. കേവലം വിനോദത്തിനപ്പുറം സഹാനുഭൂതി വളർത്താനും സാമൂഹിക മാറ്റങ്ങൾക്ക് പ്രേരണയാകാനും സിനിമയ്ക്ക് സാധിക്കുമെന്ന് പ്രതികരണങ്ങൾ തെളിയിച്ചു. കഥപറച്ചിലിലൂടെ മാറ്റങ്ങൾ കൊണ്ടുവരിക എന്ന ആശയം 'ജിഗർതണ്ട' ചെയ്തപ്പോഴും താൻ പിന്തുടർന്നിരുന്നതായും കാർത്തിക് സുബ്ബരാജ് പറഞ്ഞു.

പൂർണമായും നല്ലവനായ നായകനെയോ തീർത്തും മോശക്കാരനായ വില്ലനെയോ കാണിക്കാൻ തനിക്ക് താല്പര്യമില്ലെന്ന് കാർത്തിക് സുബ്ബരാജ് വ്യക്തമാക്കി. ശരിയും തെറ്റും പ്രേക്ഷകർ തന്നെ വിലയിരുത്തട്ടെ എന്ന രീതിയിലാണ് കഥാപാത്രങ്ങളെ ഒരുക്കുന്നത്. അതിലൂടെ കഥാപാത്രങ്ങളെയും അവരുടെ വ്യക്തിപരമായ തീരുമാനങ്ങളെയും സ്വന്തം കാഴ്ചപ്പാടിൽനിന്ന് കാണാൻ പ്രേക്ഷകർക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.