അന്തരിച്ച നടൻ സലിം കുമാറിനെ അനുസ്മരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. അവിശ്വസനീയമായ വേർപാടാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറവൂരിൽ സലിം കുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഇത് ഒരു കുടുംബാംഗത്തെ നഷ്ടപ്പെട്ടതിന് തുല്യമായ വേദനയാണ്. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരാളായിരുന്ന അദ്ദേഹം, ഓരോ മലയാളിയുടെയും കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരാളായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം അവിശ്വസനീയമാണെന്നും അക്ഷരാർത്ഥത്തിൽ ഒരു കൂടപ്പിറപ്പിനെയാണ് തനിക്ക് നഷ്ടമായതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

To advertise here,

"എല്ലാ മലയാളി കുടുംബങ്ങളുടെയും കുടുംബ സദസ്സുകളിൽ നർമം വിതറി നമ്മെ എല്ലാവരെയും ചിരിപ്പിച്ചിട്ടുള്ളതാണ് അദ്ദേഹം. ദൃശ്യത്തിൽ കാണുമ്പോൾ മാത്രമല്ല സലിംകുമാറിന്റെ നർമം കേട്ട് നമ്മൾ ചിരിക്കുന്നത്. നമ്മളെല്ലാം പിന്നീടത് ഓർത്തോർത്ത് ചിരിക്കുമായിരുന്നു; അദ്ദേഹത്തിന് അത്രമാത്രം വലിയ സ്ഥാനമാണ് എല്ലാവരുടെയും ഹൃദയത്തിൽ നൽകിയത്. സോഷ്യൽ മീഡിയയിൽ ഒരു ട്രോൾ വന്നാൽ പോലും ആ ട്രോളുകൾ വരുന്ന 80 ശതമാനവും സലിം കുമാറിന്റെ ഒരു മുഖം കാണിച്ചുകൊണ്ടിട്ടുള്ള ട്രോളുകൾ ആയിരിക്കും. കാരണം അത്രമാത്രം ആളുകളെ റിലേറ്റ് ചെയ്യാൻ പറ്റുന്ന, ജീവിത അവസ്ഥകളെ കുറിച്ച്, ജീവിതത്തിന്റെ വ്യത്യസ്തമായ ഭാവങ്ങളെ കുറിച്ച്, വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സലിംകുമാർ എല്ലാവരെയും ചിരിപ്പിക്കുകയായിരുന്നു.

എന്നാൽ തനിക്ക് ചിരിപ്പിക്കാൻ മാത്രമല്ല, ഗൗരവത്തോടെയുള്ള ഒരു കഥാപാത്രത്തെ, ദേശീയ രംഗത്ത് ശ്രദ്ധേയമാകുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുമെന്ന് 'ആദാമിന്റെ മകൻ അബു'വിലൂടെ അദ്ദേഹം തെളിയിച്ചു. സലിംകുമാറിനെ പോലുള്ള ഒരു താരത്തിന്റെ ഒരു റേഞ്ച്, അത് നമ്മളൊന്നും ഉദ്ദേശിക്കുന്ന തലത്തിലുള്ള ഒരു റേഞ്ച് അല്ല, അതിന് അപ്പുറത്തുള്ള ഒരു റേഞ്ച് ആണ് എന്ന് കണ്ടെത്തിയ സംവിധായകൻ കൂടിയാണ് സലിം അഹമ്മദ്. അതാണ് അദ്ദേഹത്തെ ദേശീയ അവാർഡിലേക്ക് നയിച്ചത്, ഭരത് അവാർഡിലേക്ക് നയിച്ചത്. ആ ഭരത് അവാർഡ് സലിംകുമാറിന് മാത്രമല്ല കിട്ടിയത്. സലിംകുമാറിനെ ഇഷ്ടപ്പെടുന്ന നമുക്കെല്ലാവർക്കും, അദ്ദേഹത്തിന്റെ കുടുംബത്തിനും, അദ്ദേഹത്തിനെ ഒരു കുടുംബമായി കരുതുന്ന ഈ പറവൂരിനും നമുക്കെല്ലാവർക്കും കിട്ടിയ ഒരു ഭരത് അവാർഡ് ആണ്. ആ ഭരത് അവാർഡ് കിട്ടിക്കഴിഞ്ഞപ്പോഴും അദ്ദേഹത്തിന്റെ പ്രതികരണം ഈ നാടിന് മുഴുവൻ കിട്ടിയ ഒരു സമ്മാനം എന്നുള്ള നിലയിലായിരുന്നു. ആ ഭരത് അവാർഡ് ആ ചിത്രവും അദ്ദേഹത്തെ മറ്റൊരു വ്യത്യസ്തമായ തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

അദ്ദേഹത്തിന്റെ വ്യത്യസ്ത വേഷങ്ങൾ ആസ്വദിക്കാത്ത ഒരാൾ പോലും ഉണ്ടാവില്ല. തന്റെ ആ രംഗത്ത് നിറഞ്ഞു നിൽക്കുമ്പോഴും പൂർണമായി അതിനോടുള്ള അർപ്പണ മനോഭാവത്തോടെ കൂടി ഏതു മേഖലയിൽ നമ്മൾ പ്രവർത്തിക്കുമ്പോഴും നമുക്ക് വേണ്ടത് ആ മേഖലയോടുള്ള അർപ്പണബോധമാണ്; സിനിമയിൽ ആണെങ്കിലും നാടകത്തിൽ ആണെങ്കിലും രാഷ്ട്രീയത്തിൽ ആണെങ്കിലും എവിടെയാണെങ്കിലും നമ്മൾ പൊതുപ്രവർത്തനത്തിൽ ആണെങ്കിലും കാണിക്കേണ്ട ഒരു അർപ്പണബോധമാണ്. ആ സമർപ്പണം സലിംകുമാറിന് ഉണ്ടായിരുന്നു.

തന്റെ ജീവിതം സിനിമയ്ക്കുള്ളതാണ് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. ആ സിനിമ വരാൻ വേണ്ടി അദ്ദേഹം ഒരുപാട് നാൾ കാത്തിരുന്നു. കാത്തിരുന്ന് കാത്തിരുന്ന് അദ്ദേഹത്തിന് കിട്ടിയ അവസരങ്ങളെല്ലാം ശ്രദ്ധേയമാക്കി മാറ്റി എന്നുള്ളതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഈ രംഗത്ത് പൂർണമായ അർപ്പണബോധത്തോടെ ഉറച്ചു നിൽക്കുമ്പോഴും വിദ്യാർത്ഥിയായിരിക്കുന്ന കാലം മുതൽ തന്റെ മനസ്സിൽ രൂഢമൂലമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ അദ്ദേഹം ഹൃദയത്തിലേറ്റി. വളരെ അപൂർവം ആളുകൾക്ക് മാത്രം കഴിയുന്ന ഒരു കാര്യമാണ് താൻ വിശ്വസിച്ച ഒരു പ്രത്യയശാസ്ത്രത്തെ ഹൃദയത്തിൽ ഇടംകൊടുത്ത് അത് കൊണ്ടുനടക്കുക, ആ വിഷയം വരുമ്പോൾ അതിൽ വെള്ളം ചേർക്കാതിരിക്കുക, തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയുക എന്നത്. അതിൽ ആർക്കൊക്കെ സങ്കടം വരുമോ, ആർക്കൊക്കെ വിഷമം വരുമോ, തന്റെ അവസരങ്ങൾ ഇല്ലാതാകുമോ എന്നൊന്നും അദ്ദേഹം സങ്കടപ്പെട്ടില്ല. താൻ വിശ്വസിച്ച ആ പ്രത്യയശാസ്ത്രത്തിന് വേണ്ടി അചഞ്ചലമായ കാർക്കശ്യത്തോടുകൂടിയ നിലപാട് അദ്ദേഹത്തിന് എല്ലാ കാലത്തും ഉണ്ടായിരുന്നു. നമുക്കൊരുപാട് പേർക്ക് പഠിക്കാനുണ്ട് ആ കാര്യത്തിൽ.

എനിക്ക് വ്യക്തിപരമായി ഉണ്ടായ നഷ്ടം പറഞ്ഞറിയിക്കാൻ വയ്യാത്ത നഷ്ടമാണ്. അക്ഷരാർത്ഥത്തിൽ ഒരു സഹോദരനെ, ഒരു കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടതിന്റെ ദുഃഖമാണ് ഇത്. സ്നേഹം എന്ന് പറയുന്നത് നമ്മൾ എല്ലാ ദിവസവും ഫോൺ ചെയ്യുന്നതിലൂടെ അല്ല, എല്ലാ ദിവസവും കാണുന്നതിലൂടെ മാത്രമല്ല. നമ്മൾ കാണാതിരുന്നാലും ഫോൺ ചെയ്യാതിരുന്നാലും കുറെ ദിവസങ്ങൾ കൂടി നമ്മൾ കൂട്ടിമുട്ടിയാലും സ്നേഹവും ആ ഹൃദയബന്ധവും എത്ര വലുതാണ് എന്ന് എനിക്ക് ബോധ്യമാക്കി തന്ന ഒരാൾ കൂടിയാണ് സലിംകുമാർ. കാരണം അത്രമാത്രം ഞങ്ങൾ തമ്മിൽ ഹൃദയബന്ധം ഉണ്ടായിരുന്നു എന്നതാണ് എന്നെ ഇപ്പോൾ ഏറെ വേദനിപ്പിക്കുന്ന ഒരു കാര്യം. സലിംകുമാർ ഇവിടെ ഉണ്ട് എന്നുള്ള ഒരു ചിന്തയാണ്. നമ്മൾ പറവൂരിനെ കുറിച്ച് ചിന്തിക്കുമ്പോൾ സലിംകുമാറിനെ കുറിച്ച് ചിന്തിക്കും; സലിംകുമാറിന്റെ സാന്നിധ്യം എല്ലാ സ്ഥലത്തും ഉണ്ട്. അദ്ദേഹം വെള്ളപ്പൊക്കം വരുമ്പോൾ നമ്മളെ സഹായിക്കാൻ വരും, തിരഞ്ഞെടുപ്പ് വരുമ്പോൾ നമ്മളെ സഹായിക്കാൻ വരും, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അപ്പോൾ സലിംകുമാറിന്റെ സാന്നിധ്യം നമ്മുടെ തൊട്ടരികിൽ ഉണ്ടാകും.

അതുകഴിഞ്ഞാൽ പിന്നെ അദ്ദേഹം, അദ്ദേഹത്തിന്റെ ലോകത്തേക്ക് യാത്രയാകും. ഇടയ്ക്കൊരു വിളി വരും; പിന്നെ രോഗം വരുമ്പോൾ നമ്മൾ അന്വേഷിച്ച് അങ്ങോട്ടു ചെല്ലണം. അപ്പോൾ മാത്രമേ രോഗവിവരത്തെക്കുറിച്ച് നമ്മളോട് പറയുകയുള്ളൂ. 10, 12 വർഷം മുമ്പ് ഗുരുതരമായ ഒരു രോഗം അദ്ദേഹത്തെ അലട്ടിയ സമയത്ത് അത് ഒളിച്ചു വയ്ക്കാനാണ് ശ്രമിച്ചത്. ഞാൻ അത് കണ്ടെത്തുകയായിരുന്നു അദ്ദേഹത്തോട് സംസാരിച്ചു. ഇപ്പോഴും ‘ആ ഒരു കുഴപ്പവുമില്ല’ എന്ന് പറഞ്ഞതാണ്. ഏറ്റവും അവസാനം അദ്ദേഹം പങ്കെടുത്ത ഒരു പൊതുചടങ്ങ് എനിക്കിവിടെ നൽകിയ, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം എനിക്ക് ഈ പറവൂരിൽ നൽകിയ പൗരസ്വീകരണമാണ്. അന്ന് എന്നോട് എന്റെ അടുത്ത് ചേർന്നിരുന്നുകൊണ്ട് എന്റെ കൈ പിടിച്ചുകൊണ്ട് എന്നോട് പറഞ്ഞു, ‘എനിക്ക് എല്ലാം പൂർത്തിയായതുപോലെയാണ്’ എന്ന്; അറം പറ്റിയ വാക്കുകൾ പോലെയാണ് ഇപ്പോൾ എനിക്ക് അത് തോന്നുന്നത്.

സലിം പറഞ്ഞു, ‘ 2011ൽ മന്ത്രിയാകാതെ വന്നപ്പോൾ ഞാൻ വീട്ടിൽ ഇരുന്ന് ഒരുപാട് കരഞ്ഞു. ഇപ്പോൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ, ഇവിടെ വന്ന് പറവൂരിലെ സ്വീകരണത്തിൽ പങ്കെടുക്കുന്നത് കാണാൻ എനിക്ക് ഭാഗ്യം ഉണ്ടായി, ജീവിതത്തിൽ എല്ലാം പൂർത്തിയായതുപോലെ’ എന്ന്. തന്റെ ഒരു സുഹൃത്തിന് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാനം ലഭിച്ചപ്പോൾ തന്റെ ജീവിതത്തിലെ ലക്ഷ്യങ്ങളെല്ലാം പൂർത്തിയായി എന്ന് വിശ്വസിക്കുന്ന ഒരാളെ നമ്മൾ സുഹൃത്ത് എന്ന ചെറിയ വാക്കിൽ ഒതുക്കി നിർത്താൻ പറ്റുമോ എന്നാണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത്; അതിനേക്കാൾ എത്രയോ അപ്പുറമാണത്! ‘എന്റെ ജീവിതലക്ഷ്യം പൂർത്തിയായി’ എന്നാണ് എന്നോട് കൈ പിടിച്ചുകൊണ്ട് പറഞ്ഞത്. ഞാൻ പറഞ്ഞു, ‘ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്’ എന്ന്. അതുപറഞ്ഞ് തിരിച്ചു കൈപിടിച്ച് ഞാൻ ആശ്വസിപ്പിക്കുകയായിരുന്നു.

 

യാത്ര ചോദിക്കുന്ന വാക്കുകളാണ് സത്യത്തിൽ എന്നോട് പറഞ്ഞത്; യാത്ര ചോദിക്കുകയായിരുന്നു എന്ന് പിന്നീട് ഈ മരണവിവരം കേട്ടപ്പോൾ എനിക്ക് മനസ്സിലായി. എന്നോട് യാത്ര ചോദിക്കുകയായിരുന്നു. അത്ര വികാരനിർഭരമായിട്ടാണ് എന്റെ കൈ പിടിച്ചുകൊണ്ട് അത് പറഞ്ഞത്. സലിംകുമാർ, ആരു വിചാരിച്ചാലും നമ്മുടെ ഹൃദയത്തിൽ നിന്ന് നിങ്ങളെ അടർത്തി മാറ്റാൻ പറ്റില്ല. നമ്മുടെ ഹൃദയത്തിൽ ഒരു സ്ഥാനം... നമ്മുടെ കുടുംബാംഗങ്ങൾക്ക്, ഇഷ്ടപ്പെട്ടവർക്ക്, നമ്മൾ ഏറ്റവുമധികം സ്നേഹിക്കുന്നവർക്ക് ഹൃദയത്തിൽ ഒരു ഇടം കൊടുത്ത സ്ഥലത്ത്, സലിംകുമാർ അങ്ങ് തീർച്ചയായും ഉണ്ടാകും. എന്റെ മാത്രമല്ല, അങ്ങയെ സ്നേഹിക്കുന്ന അങ്ങയെ ഇഷ്ടപ്പെടുന്ന എല്ലാവരുടെയും ഹൃദയത്തിൽ ഉണ്ടാകും" മുഖ്യമന്ത്രിയുടെ വാക്കുകൾ.