റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന 'ചത്താ പച്ച: ദ റിങ് ഓഫ് റൗഡീസ്' ഒരു ഇന്‍ഡസ്ട്രി ഇവന്റ് തന്നെയായി മാറിക്കഴിഞ്ഞിരിക്കുന്നു. ധര്‍മ പ്രൊഡക്ഷന്‍സ്, മൈത്രി മൂവി മേക്കേഴ്‌സ്, പിവിആര്‍ ഐനോക്‌സ്, വേഫെറര്‍ ഫിലിംസ് തുടങ്ങിയ ഇന്ത്യയിലെ മുന്‍നിര വിതരണ സ്ഥാപനങ്ങളാണ് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ദി പ്ലോട്ട് പിക്‌ചേഴ്‌സ് ചിത്രത്തിന്റെ അന്താരാഷ്ട്ര റിലീസ് കൈകാര്യം ചെയ്യുന്നു.

To advertise here,

ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറും കൂടിയായ ഷിഹാന്‍ ഷൗക്കത്തിനോടൊപ്പം റിതേഷ്, രമേശ് എസ്. രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനായ അദ്വൈത് നായര്‍ ആണ്. റെസ്ലിങിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'ചത്താ പച്ച'യുടെ ടീസര്‍ പുറത്ത് വന്നതോടുകൂടി ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.

എനര്‍ജി നിറഞ്ഞു നില്‍കുന്ന ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ഒരേസമയം പുറത്തിറങ്ങിയ ടീസര്‍, എല്ലാ ഭാഷകളിലുമുള്ള സിനിമാസ്വാദകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ ഭാഷയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് ഇന്ത്യന്‍ സിനിമാ ലോകത്തെ മുഴുവന്‍ ആവേശത്തിലാഴ്ത്തി മലയാള സിനിമയുടെ സ്‌കെയിലിനെ പുനര്‍നിര്‍വചിക്കുന്ന ദൃശ്യോത്സവമായി വളര്‍ന്നിരിക്കുകയാണ് 'ചത്താ പച്ച'.

മലയാളത്തിലെ മികച്ച നിര്‍മാണ കമ്പനികളില്‍ ഒന്നായ ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ 'ചത്താ പച്ച'യുടെ റിലീസിന് നേതൃത്വം വഹിക്കുന്നത്. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും തിയറ്ററുകളില്‍ ചിത്രം എത്തിക്കുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ഡിസ്ട്രിബ്യൂട്ടര്‍ ആയ പിവിആര്‍ ഐനോക്‌സ് പിക്‌ചേഴ്‌സ് ആണ്. ആന്ധ്രയിലും തെലുങ്കാനയിലും 'പുഷ്പ' എന്ന വമ്പന്‍ സിനിമയുടെ പിന്നിലെ മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം ഡിസ്ട്രിബ്യൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. ഇതോടൊപ്പം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊഡക്ഷനിലൊന്നായ കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് ആണ് 'ചത്താ പച്ച'യെ നോര്‍ത്ത് ഇന്ത്യയിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്.

മലയാള സിനിമയുമായുള്ള ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ആദ്യ പങ്കാളിത്തം കൂടിയാണ് ഇത്. പ്ലോട്ട് പിക്‌ചേഴ്‌സ് ചിത്രം ആഗോള തലത്തില്‍ നൂറിലധികം രാജ്യങ്ങളില്‍ എത്തിക്കുന്നതോടെ 'ചത്താ പച്ച'യുടെ യാത്ര അതിര്‍ത്തികള്‍ കടന്നുള്ള പ്രേക്ഷകാസ്വാദനതിന് വഴിയൊരുക്കും.

മലയാള സിനിമയില്‍ ഇതാദ്യമായി ശങ്കര്‍- എഹ്‌സാന്‍- ലോയ് സംഗീതസംവിധായത്രയം രംഗപ്രവേശനം ചെയ്യുന്നതും പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു ഹൈലൈറ്റാണ്. വമ്പന്‍ ഡിസ്ട്രിബ്യൂട്ടോഴ്സിനോടൊപ്പം ചിത്രത്തിന്റെ സംഗീത അവകാശം നേടിയിരിക്കുന്നതാകട്ടെ ഇന്ത്യയിലെ മ്യൂസിക്കല്‍ പവര്‍ഹൗസായ ടീ സീരീസ് ആണ്. ചിത്രം സംഗീതപരമായും ഒരുപാട് പ്രതീക്ഷകള്‍ക്ക് വഴിയൊരുക്കുന്നുണ്ട്.

അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആനന്ദ് സി. ചന്ദ്രന്റെ സിനിമാറ്റോഗ്രാഫി, ജോമോന്‍ ടി. ജോണിന്റെയും സുധീപ് എളമണ്ണിന്റെയും അഡിഷണല്‍ സിനിമാറ്റോഗ്രഫി, റോണക്സ് സേവ്യറിന്റെ മേക്കപ്പ്, മെല്‍വി ജെയുടെ വസ്ത്രാലങ്കാരം, സനൂപ് തയ്ക്കൂടത്തിന്റെ തിരക്കഥ, കലൈ കിങ്സണിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി, വിനായക് ശശികുമാറിന്റെ വരികള്‍, മുജീബ് മജീദിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍, പ്രവീണ്‍ പ്രഭാകറിന്റെ എഡിറ്റിങ് എന്നിങ്ങനെ മികച്ച ഒരു ടെക്‌നിക്കല്‍ ടീം തന്നെ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു.

ഇത്രയും ശക്തമായ കൂട്ടുകെട്ടുകളിലൂടെ, എല്ലാ ഭാഷകളിലും ചര്‍ച്ച ചെയ്യപ്പെടുന്ന അനൗണ്‍സ്‌മെന്റുകളുമായി മലയാള സിനിമയെ പാന്‍ ഇന്ത്യന്‍ അരങ്ങിലെ മുന്‍നിരയില്‍ തന്നെ കൊണ്ടുപോകാന്‍ കെല്പുള്ള ഒരു മലയാള ചിത്രം ആകുകയാണ് 'ചത്താ പച്ച'. ഇനിയും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന അനൗണ്‍സ്‌മെന്റുകളാണ് വരാനിരിക്കുന്നത്. 2026 ജനുവരി റിലീസിനായി ചിത്രം തയ്യാറെടുക്കുമ്പോള്‍, മലയാള സിനിമയ്ക്ക് പുതിയ വര്‍ഷത്തെ ഏറ്റവും എനര്‍ജറ്റിക് ആയ തുടക്കം നല്‍കുന്ന സിനിമയാകും എന്നത് ഉറപ്പാണ്. ഇപ്പോള്‍ പോസ്റ്റ്- പ്രൊഡക്ഷന്‍ ഘട്ടത്തിലൂടെ വേഗത്തില്‍ മുന്നേറുന്ന ചിത്രം, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ തിയേറ്ററുകളിലേക്ക് എത്തുന്നതാണ്.