സ്ത്രീത്വത്തെ അപമാനിച്ചതിന് നടൻ വിനായകനെതിരെ കേസ്. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് പോലീസിന്റെ നടപടി. മാവേലിക്കര പോലീസാണ് കേസെടുത്തത്.

To advertise here,

കഴിഞ്ഞ വർഷം ജൂലായിലാണ്‌ കേസിനാസ്പദമായ സംഭവം. മാവേലിക്കര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തഴക്കര സ്വദേശിയാണ് പരാതിക്കാരൻ. വിനായകനെതിരെയുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പരാതിക്കാരൻ അദ്ദേഹത്തിന്റെ വാട്സാപ്പ് നമ്പറിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതിൽ പ്രകോപിതനായ വിനായകൻ, പരാതിക്കാരന്റെ വാട്സാപ്പ് പ്രൊഫൈൽ ചിത്രമായിരുന്ന എട്ടു വയസ്സുള്ള മകളുടെ ഫോട്ടോയും ഒപ്പം പരാതിക്കാരന്റെ ഫോൺ നമ്പറും അശ്ലീലച്ചുവയോടെ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ പങ്കുവെക്കുകയായിരുന്നു. തുടർന്ന് നിരവധി ആളുകൾ ഈ നമ്പറിലേക്ക് വിളിച്ച് ഇയാളെ അസഭ്യം പറയുന്ന സ്ഥിതിയുമുണ്ടായി.

ഇതിനെതിരെ പെൺകുട്ടിയുടെ അച്ഛൻ ബാലാവകാശ കമ്മീഷനെ സമീപിച്ചു. ഇതേ തുടർന്നാണ് വിനായകനെതിരെ കേസെടുക്കാൻ കമ്മീഷൻ നിർദേശം നൽകിയത്. ഐടി നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. മോശമായ പെരുമാറ്റത്തിന്റേയും ആളുകളെ അധിക്ഷേപിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകളുടേയും പേരിൽ വിനായകൻ മുമ്പും വിവാദങ്ങളിൽ പെട്ടിട്ടുണ്ട്.