മലയാള നാടകവേദി കണ്ട എക്കാലത്തെയും മികച്ച നാടകങ്ങളിലൊന്നായ 'ബോംബെ ടെയ്‌ലേഴ്‌സ്' വീണ്ടും അരങ്ങിലേക്ക്. 'മാജിക് ഇഫ്' അവതരിപ്പിക്കുന്ന നാടകം, 2016-ല്‍ ആദ്യമായി അവതരിപ്പിച്ച ശേഷം ഒരുപതിറ്റാണ്ടിന് ശേഷമാണ് 2025-ല്‍ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ നാടകത്തിന്റെ ആദ്യടിക്കറ്റ് ഏറ്റുവാങ്ങി.

To advertise here,

പ്രശസ്ത നാടകപ്രവര്‍ത്തകനായ വിനോദ് കുമാര്‍ ആണ് 'ബോംബെ ടെയ്‌ലേഴ്സിന്റെ' രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. 1960-കള്‍ മുതലുള്ള മലയാള നാടകവേദി, സിനിമ, വസ്ത്രധാരണ സംസ്‌കാരം എന്നിവയാണ് കഥയുടെ പശ്ചാത്തലം. മുഹമ്മദ് ഖദീര്‍ ബാബുവിന്റെ പ്രശസ്തമായ 'ന്യൂ ബോംബെ ടെയ്‌ലേഴ്‌സ്' എന്ന തെലുങ്ക് ചെറുകഥയെ ആസ്പദമാക്കിയാണ് നാടകം ഒരുക്കിയിരിക്കുന്നത്.

ഇത്തവണ അരങ്ങിലേക്ക് എത്തുമ്പോള്‍ 'ബോംബെ ടെയ്‌ലേഴ്സിന്റെ' പ്രധാന ആകര്‍ഷണം, ദേശീയ പുരസ്‌കാര ജേതാവായ നടി സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വീണ്ടും വേദിയിലേക്ക് എത്തുന്നു എന്നതാണ്. ശ്രീകാന്ത് മുരളി, സ്‌നേഹ ശ്രീകുമാര്‍, അരുണ്‍ സി.എം, കുമാര്‍ സുനില്‍, മീനാക്ഷി മാധവി തുടങ്ങിയ പ്രമുഖ അഭിനേതാക്കളാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിതാര കൃഷ്ണകുമാര്‍, മഖ്ബൂല്‍, സുദര്‍ശന്‍ എന്നിവരാണ് ഗാനങ്ങള്‍ പാടിയിരിക്കുന്നത്. ഗാനങ്ങള്‍ രചിച്ചതും സംഗീതം നല്‍കിയിരിക്കുന്നതും സുരഭി ലക്ഷ്മി തന്നെയാണ്. നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നടനും നര്‍ത്തകനുമായ റംസാന്‍ ആണ്. 2025- ലെ ഈ പുതിയ അവതരണത്തില്‍, 50-ഓളം കലാകാരന്മാരും സാങ്കേതിക വിദഗ്ധരുമാണ് അണിനിരക്കുന്നത്.

2016- ല്‍ അതീഥി: എ സ്‌പേസ് ഫോര്‍ ഡാന്‍സ് ആന്‍ഡ് തിയേറ്റര്‍ അരങ്ങിലേക്ക് എത്തിച്ച 'ബോംബെ ടെയ്ലേഴ്‌സി'ന് ആ വര്‍ഷത്തെ മികച്ച തിരക്കഥ, മികച്ച നാടകം, മികച്ച നടന്‍, മികച്ച നടി എന്നിവയുള്‍പ്പെടെ നാല് കേരള സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നവംബര്‍ 24, 26 തീയതികളിലാണ് നാടകം അവതരിപ്പിക്കുന്നത്. ടിക്കറ്റുകള്‍ ഇപ്പോള്‍ ബുക്ക്‌മൈഷോ വഴി ബുക്ക് ചെയ്യാവുന്നതാണ്.