നടൻ ധർമേന്ദ്രയുടെ മരണം ബാക്കിവെച്ച ശൂന്യതയേക്കുറിച്ച് നിരന്തരം പങ്കുവെക്കാറുണ്ട് മക്കളും നടന്മാരുമായ ബോബി ഡിയോളും സണ്ണി ഡിയോളും. ഇപ്പോഴിതാ അച്ഛന്റെ വിയോഗത്തേക്കുറിച്ചും ചികിത്സയിലിരിക്കവേ അച്ഛനെ കാണാനെത്തിയ പാപ്പരാസികളോട് സണ്ണി ഡിയോൾ പൊട്ടിത്തെറിച്ചതിനേക്കുറിച്ചും പങ്കുവെക്കുകയാണ് ബോബി ഡിയോൾ.

To advertise here,

ആശുപത്രിവാസം കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്ന ധർമേന്ദ്രയെ കാണാനെത്തിയ പാപ്പരാസികളോടാണ് സണ്ണി ഡിയോൾ കയർത്തത്. പിന്നാലെ നടന്ന് ശല്യം ചെയ്യാൻ നാണമില്ലേയെന്നും വീട്ടിൽ മാതാപിതാക്കളും കുട്ടികളുമില്ലേ എന്നും അദ്ദേഹം ചോദിച്ചിരുന്നു. വിടാതെ പിന്തുടർന്ന് വീഡിയോ പകർത്തുന്നതിൽ നാണം തോന്നുന്നില്ലേയെന്നും സണ്ണി ഡിയോൾ ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രതികരിച്ച് സെലിബ്രിറ്റികളാണ് എന്നതുകൊണ്ടുമാത്രം തങ്ങളുടെ സ്വകാര്യ വീഡിയോകൾ പകർത്തി സാമൂഹികമാധ്യമത്തിൽ പങ്കുവെക്കുന്ന പാപ്പരാസികളുടെ രീതി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് പറയുകയാണ് ബോബി ഡിയോൾ.

തങ്ങളുടെ കുടുംബത്തിനു മാത്രമല്ല ഇങ്ങനെ സംഭവിക്കുന്നത്. ഒരുപാടുപേർ ഇത്തരത്തിൽ നേരിടുന്നുണ്ട്. പക്ഷേ തങ്ങളുടെ കുടുംബം പ്രശസ്തരായതുകൊണ്ടുമാത്രം ആളുകൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കും. ഏത് സാധാരണ നഗരത്തിലുമായിക്കോട്ടെ, എന്തെങ്കിലും തെറ്റായി സംഭവിക്കുമ്പോൾ ആളുകൾ വീഡിയോ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കും. ആ വ്യക്തിയും കുടുംബവും കടന്നുപോകുന്ന വേദനയേക്കുറിച്ച് അവർ ചിന്തിക്കില്ല. ആളുകൾ അത് തിരിച്ചറിയണം. തിരിച്ചറിഞ്ഞുതുടങ്ങിയാൽ അവർ ഇത്തരം റീലുകൾ പങ്കുവെക്കുന്നത് നിർത്തുമെന്ന് തോന്നുന്നു- ബോബി പറഞ്ഞു.

അച്ഛന്റെ വിയോഗവുമായി ഇപ്പോഴും പൊരുത്തപ്പെടാനായിട്ടില്ലെന്നും ബോബി പറയുന്നു. മാതാപിതാക്കളെ നഷ്ടമാകുക എന്നത് ഏതൊരാളെ സംബന്ധിച്ചും കഷ്ടമാണ്. അതിനെ നേരിടാൻ കൃത്യമായൊരു വഴിയില്ല, നിങ്ങളുടേതായ വഴി സ്വീകരിക്കുക എന്നുമാത്രം. അച്ഛൻ ചുറ്റുമുണ്ടെന്നാണ് തനിക്ക് തോന്നാറുള്ളത്. ഇപ്പോൾപ്പോലും ഇവിടെയുണ്ടെന്നും തന്നെ കാണുന്നുണ്ടെന്നും അഭിമാനിക്കുന്നുണ്ടെന്നും തോന്നുന്നുണ്ട്. അദ്ദേഹത്തിന്റെ എനർജിയാണ് തന്നെ നന്നായി ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്നും ബോബി പറഞ്ഞു.

നവംബർ 24-ന് 89-ാം വയസ്സിലാണ് ധർമേന്ദ്ര അന്തരിച്ചത്. കുറച്ചുകാലമായി നടൻ അസുഖബാധിതനായിരുന്നു. നവംബർ 10-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ശേഷം വീട്ടിൽ വിശ്രമത്തിലായിരിക്കെയാണ് അന്ത്യം. നവംബർ 25-ന് മുംബൈയിൽവെച്ചായിരുന്നു ധർമേന്ദ്രയുടെ സംസ്‌കാരച്ചടങ്ങുകൾ നടന്നത്.