പ്രഖ്യാപിക്കപ്പെട്ട നാൾ മുതൽ തമിഴ് സിനിമാ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് എ.ആർ.മുരു​ഗദോസും ശിവ കാർത്തികേയനും ഒരുമിക്കുന്ന ചിത്രത്തിനായി. ചിത്രീകരണം പുരോ​ഗമിക്കുന്ന ചിത്രത്തിന് ഇതുവര പേരിട്ടിട്ടില്ല. ഇപ്പോഴിതാ ചിത്രത്തേക്കുറിച്ച് മലയാളികൾക്കും സന്തോഷിക്കാവുന്ന ഒരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

To advertise here,

മലയാളികളുടെ പ്രിയനടൻ ബിജു മേനോനും ചിത്രത്തിന്റെ ഭാ​ഗമാവുന്നു എന്നതാണ് പുറത്തുവന്നിരിക്കുന്ന വിവരം. നിർമാതാക്കളായ ശ്രീലക്ഷ്മി മൂവീസ് ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിലേക്ക് ബിജു മേനോനെ സ്വാ​ഗതം ചെയ്തുകൊണ്ടുള്ള വീഡിയോയും അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നുള്ള ഒരു ​ഗംഭീര അഭിനേതാവ് തങ്ങൾക്കൊപ്പം ചേർന്നിരിക്കുന്നു എന്നാണ് വീഡിയോക്കൊപ്പം നിർമാതാക്കൾ കുറിച്ചത്.

14 വർഷങ്ങൾക്കുശേഷമാണ് ബിജു മേനോൻ തമിഴ്ചിത്രത്തിൽ അഭിനയിക്കുന്നത്. ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ ബിജു മേനോന്റേത് എന്തുവേഷമായിരിക്കും എന്നതിന്റെ സൂചനകൾ വീഡിയോയിലുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷമാണ് ബിജു മേനോൻ തമിഴിലേക്കെത്തുന്നത്. 2005-ൽ ഷാഫിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മജാ ആണ് ബിജു മേനോന്റെ ആദ്യ തമിഴ് ചിത്രം. 2010-ൽ പുറത്തിറങ്ങിയ പോർക്കളത്തിലാണ് അദ്ദേഹം ഇതിനുമുൻപ് തമിഴിൽ വേഷമിട്ടത്.

കന്നഡ താരം രു​ഗ്മിണി വസന്ത് ആണ് നായികയാവുന്നത്. വിദ്യുത് ജംവാളാണ് വില്ലൻ വേഷത്തിൽ. ശിവ കാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. മുമ്പ് 2014ൽ പുറത്തിറങ്ങിയ 'മാൻ കരാട്ടെ' എന്ന ശിവകാർത്തികേയൻ നായകനായ ചിത്രത്തിന്റെ നിർമ്മാതാവ് മുരുഗദോസായിരുന്നു.

അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- സുദീപ് ഇളമൺ, എഡിറ്റിംഗ്- ശ്രീകർ പ്രസാദ്, കലാസംവിധാനം- അരുൺ വെഞ്ഞാറമ്മൂട്, സംഘട്ടന സംവിധാനം- മാസ്റ്റർ ദിലീപ് സുബ്ബരായൻ.  പിആർഒ- ശബരി.