വൈക്കം മുഹമ്മദ് ബഷീര്‍ 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്'എന്ന നോവല്‍ എഴുതിയെങ്കില്‍ ചങ്ങനാശ്ശേരിക്കാരന്‍ ഭീമന്‍ രഘു 'ന്റപ്പൂപ്പന് 15 ആനേണ്ടാര്‍ന്ന്'' എന്ന്പറയും. ഭീമന്‍ രഘുവിന്റെ അമ്മ തങ്കമ്മയുടെ കറുകച്ചാല്‍ വാഴുവേലില്‍ കുടുംബത്തില്‍ പണ്ട് 15 ആനകളുണ്ടായിരുന്നു. 'ആ ആനകള്‍ക്കൊപ്പമായിരുന്നു എന്റെ കുട്ടിക്കാലം.' ഇതൊക്കെ കേട്ട് ആരു ട്രോളിയാലും നെഞ്ചും വിരിച്ച് അങ്ങ് നിന്നുകളഞ്ഞേക്കും രഘു. എന്നാല്‍, അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഉള്ളില്‍ ഒരു നോവുണ്ടായേക്കാം. അങ്ങനെയൊരു സുഹൃത്ത് അടുത്തയിടെ ഫെയ്‌സ് ബുക്കില്‍ ഇങ്ങനെ കുറിച്ചു.

To advertise here,

'പ്രിയപ്പെട്ട രഘു...1970-71 മുതല്‍ താങ്കള്‍ ആലപ്പുഴ എസ്.ഡി. കോളേജില്‍ എന്റെ സീനിയറായി പഠിച്ച വ്യക്തിയാണ്... കോളേജിന്റെ വെയ്റ്റ് ലിഫ്ടിങ് ടീമിലൊക്കെ ഒന്നിച്ചുണ്ടായിരുന്നു... അന്ന് താങ്കളുടെ പിതാവ് ദാമോദരന്‍ നായര്‍ ആലപ്പുഴ മുനിസിപ്പല്‍ കമ്മീഷണറായിരുന്നു. അങ്ങനെ നല്ല കുടുംബനിലവാരമുള്ള താങ്കള്‍ ഇങ്ങനെ അധഃപതിക്കരുത്... 70 വയസ്സ് ആയില്ലേ?.. പ്രായത്തിന്റെ പക്വത കാണിക്ക് മനുഷ്യാ.' ഇതൊക്കെ രഘു അറിയുന്നുണ്ട്. പക്ഷേ, പരിഭവമില്ല.

ട്രോളുകള്‍ വിഷമമിപ്പിക്കാറില്ലേ?

 ''എനിക്കിത് കാണുമ്പോള്‍ നല്ല രസമായിട്ടാണ് തോന്നുന്നത്. ചിലത് കാണുമ്പോള്‍ സന്തോഷം.  ചിലത് സങ്കടമുണ്ടാക്കുന്നുമുണ്ട്.''  ഭീമന്‍ രഘു ഇന്നും ഇന്നലേയും  തുടങ്ങിയതല്ല ഈ ഞെട്ടിക്കല്‍ പരമ്പര. പണ്ട് പോലീസിലെ എസ്.ഐ ഉദ്യോഗം  പുഷ്പം പോലെ ഉപേക്ഷിച്ചിട്ടാണ് സിനിമയില്‍ എത്തിയത്. കോളേജ് കാലത്ത് സി.പി.എം അനുഭാവിയായിട്ടും ഒരു സുപ്രഭാതത്തില്‍   ബി.ജെ.പി  യില്‍ ചേര്‍ന്നു.  പിന്നീട്  എ.കെ.ജി സെന്ററില്‍ സിനിമാ സ്റ്റയിലില്‍ കടും ചുവപ്പ് ഷര്‍ട്ടിട്ടെത്തി  പാര്‍ട്ടി അംഗത്വം എടുത്തു.  സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ എഴുന്നേറ്റു നിന്നും ശ്രദ്ധേയനായി.   കഴിഞ്ഞ ദിവസം  തന്റെ പുതിയ സിനിമയായ 'മിസ്റ്റര്‍ ഹാക്കറി'ന്റെ പ്രമോഷന്‍   പരിപാടിക്കു പാര്‍ട്ടി കൊടിയുമായെത്തിയപ്പോഴും പലരും ട്രോളി .'' പല രാജ്യങ്ങളില്‍ നിന്നും  എന്നെ വിളിക്കുന്നുണ്ട്. അതൊക്കെ ട്രോളുകള്‍ കൊണ്ട് സംഭവിച്ചതാണ്. എനിക്കതില്‍  വിരോധമില്ല. അത് അവരുടെ സംസ്‌കാരം''

ഇപ്പോള്‍ കടുത്ത സി.പി.എം ആരാധകന്‍?

 'മിസ്റ്റര്‍ ഹാക്കര്‍' എന്ന സിനിമയില്‍ എന്റേത് ഒരു  സഖാവിന്റെ വേഷമാണ്.  അതുകൊണ്ട്   പ്രമോഷന്‍ പരിപാടിക്ക് വന്നപ്പോള്‍ ഞാന്‍ പറഞ്ഞിട്ട് കൊടി കൊണ്ടുവന്നിരുന്നു. ഇയാള്‍ എന്തിനാണ് ഈ കൊടി  വെച്ചിറങ്ങുന്നതെന്ന് ആളുകള്‍ ട്രോളിറക്കുമല്ലോ. അങ്ങനേയും ചര്‍ച്ചയാകുമല്ലോ.''-ഭീമന്‍ രഘു പറയുന്നു. ഇപ്പോള്‍ ലോകത്തിന്റെ പല ഭാഗത്ത് നിന്നും രഘുവിനെ തേടി അന്വേഷണം വരുമ്പോള്‍ കോട്ടയം ചങ്ങനാശേരി പുഴവാത് മാവേലി വടക്കേതില്‍ റിട്ട. കോര്‍പറേഷന്‍ കമ്മീഷണര്‍ കെ.പി ദാമോദരന്‍ നായരുടെ മകനെന്ന മേല്‍വിലാസം നല്‍കുന്ന ആത്മവിശ്വാസം വലുതെന്ന് രഘു . ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം .എങ്കിലും പുഴവാതുള്ള സഹോദരി വസുന്ധരാദേവിയുടെയും മറ്റ് ബന്ധുക്കളുടേയും വീട്ടില്‍ മുടങ്ങാതെ വന്ന് പോകുന്നുണ്ട്.

ജീവിതത്തിലെ വലിയ സന്തോഷം?

എല്ലാത്തിനും ഭാര്യ സുധ തരുന്ന സപ്പോര്‍ട്ട് പ്രധാനമാണ്. മൂന്ന് മക്കളും നന്നായി പഠിച്ച് നല്ല ജോലി ചെയ്യുന്നു. അതാണ് ജീവിതത്തിലെ വലിയ സന്തോഷം. മക്കള്‍: ബി.ടെക്., എം.ടെക്കിന് ശേഷം ജപ്പാനില്‍നിന്ന് പിഎച്ച്.ഡി. എടുത്ത ഡോ. രാധിക ഹൈദരാബാദ് ബിറ്റ്‌സ് പിലാനിയിൽ അധ്യാപിക. അവിടെ അധ്യാപകനായ ശബരീഷാണ് ഭര്‍ത്താവ്. മകന്‍ രഞ്ജിത്ത് റെയില്‍വേയില്‍ സീനിയര്‍ ഡിവിഷണല്‍ എന്‍ജിനീയര്‍. ഭാര്യ ഗായത്രി പിഎച്ച്.ഡി. ചെയ്യുന്നു. എന്‍ജിനീയറായ ഇളയമകള്‍ രേവതി മിലിട്ടറി സ്‌കൂളില്‍ അധ്യാപിക. ഭര്‍ത്താവ് രാംദാസ് നേവിയില്‍ ക്യാപ്റ്റനാണ്.