ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത 'പൊന്‍മാന്‍' എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. പ്രമുഖ ബുക്കിങ് പ്ലാറ്റ്‌ഫോമുകളിലെല്ലാം ചിത്രത്തിന്റെ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ മുന്‍കൂറായി ബുക്ക് ചെയ്യാം. ജനുവരി 30-നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. 

To advertise here,

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിച്ച ചിത്രം, ജി.ആര്‍. ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാര്‍' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി.ആര്‍. ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. രണ്ട് ദിവസം മുന്‍പ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു. ഡ്രാമ ത്രില്ലര്‍ സ്വഭാവത്തില്‍ കഥ പറയുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ബേസില്‍ ജോസഫ് ശൈലിയിലുള്ള ലഘു നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ത്രില്ലര്‍, ഡ്രാമ, ആക്ഷന്‍ എന്നീ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയിലര്‍ കാണിച്ചു തരുന്നുണ്ട്. 

പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ ജ്യോതിഷ് ശങ്കര്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. സെന്‍സറിങ്  പൂര്‍ത്തിയായപ്പോള്‍ യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിലെ ഗാനങ്ങളും ഇതിനകം പ്രേക്ഷക ശ്രദ്ധ നേടി. അജേഷ് എന്ന നായക കഥാപാത്രമായി ബേസില്‍ ജോസഫ് വേഷമിട്ടിരിക്കുന്ന ചിത്രത്തില്‍, സ്റ്റെഫി എന്ന നായികയായി ലിജോമോള്‍ ജോസ്, മരിയന്‍ ആയി സജിന്‍ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥന്‍ എന്നിവരും നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ദീപക് പറമ്പോൽ, രാജേഷ് ശര്‍മ്മ, സന്ധ്യ രാജേന്ദ്രന്‍, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചല്‍, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാന്‍, കെ.വി. കടമ്പനാടന്‍ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരണ്‍ പീതാംബരന്‍, മിഥുന്‍ വേണുഗോപാല്‍, ശൈലജ പി. അമ്പു, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. 25-ഓളം മലയാള ചിത്രങ്ങളുടെ കലാസംവിധായകനായി ജോലി ചെയ്തിട്ടുള്ള ജ്യോതിഷ് ശങ്കര്‍, ന്നാ താന്‍ കേസ് കൊട്, കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നീ ചിത്രങ്ങളിലെ ജോലിക്ക് മികച്ച കലാസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്. വൈറസ്, ഭ്രമയുഗം എന്നിവയുള്‍പ്പെടെ പത്തോളം ചിത്രങ്ങളുടെ  പ്രൊഡക്ഷന്‍ ഡിസൈനറായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 

ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍ നിധിന്‍ രാജ് ആരോള്‍, പ്രൊജക്റ്റ് ഡിസൈനര്‍ രഞ്ജിത്ത് കരുണാകരന്‍,  പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, കലാസംവിധായകന്‍ കൃപേഷ് അയ്യപ്പന്‍കുട്ടി, വസ്ത്രാലങ്കാരം മെല്‍വി ജെ,  മേക്കപ്പ് സുധി സുരേന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിമല്‍ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എല്‍സണ്‍ എല്‍ദോസ്, വരികള്‍ സുഹൈല്‍ കോയ, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എ.എസ്, കെ.സി. സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സിങ് അരവിന്ദ് മേനോന്‍, ആക്ഷന്‍  ഫീനിക്‌സ് പ്രഭു, കളറിസ്റ്റ് ലിജു പ്രഭാകര്‍, വി.എഫ്.എക്‌സ് നോക്ടര്‍ണല്‍ ഒക്‌റ്റേവ് പ്രൊഡക്ഷന്‍സ്, സ്റ്റില്‍സ് രോഹിത് കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്, മാര്‍ക്കറ്റിങ് ആരോമല്‍, പി.ആര്‍.ഒ എ.എസ്. ദിനേശ്, ശബരി, അഡ്വര്‍ടൈസ്മെന്റ് ബ്രിങ് ഫോര്‍ത്ത്.