തിരുവനന്തപുരം: കാര്യം അത്ര നിസ്സാരമല്ല, തലയിലൊരു തൂവാലയുംചുറ്റിയിറങ്ങി നെഞ്ചത്ത് തടവിക്കൊണ്ട് അരനൂറ്റാണ്ട് സിനിമാമുറ്റത്ത് ഇങ്ങനെ ഉലാത്തിക്കൊണ്ടിരിക്കാൻ. മലയാള സിനിമയിൽ താൻ വെട്ടിയ പുതുഭാവുകത്വത്തിന്റെ ഒറ്റയാൾപ്പാതയിലേക്ക് തിരിഞ്ഞുനോക്കുകയാണ് ബാലചന്ദ്രമേനോൻ. സിനിമാജീവിതത്തിൽ അൻപതുവർഷം പൂർത്തിയാക്കുന്ന ബാലചന്ദ്രമേനോൻ എന്ന ഓൾറൗണ്ടറുടെ മനസ്സിൽ ഇപ്പോഴും പുതിയൊരു സിനിമ എന്ന ചിന്തമാത്രം.
1975-ൽ ഒരു സിനിമാ പത്രപ്രവർത്തകനായി തുടങ്ങി ദേശീയപുരസ്‌കാരവും പദ്മശ്രീയുംവരെ എത്തിനിൽക്കുന്ന ആ പ്രതിഭാജീവിതത്തിന് ആദരമർപ്പിക്കാനൊരുങ്ങുകയാണ് സുഹൃത്തുക്കൾ. ‘‘വൈകാതെ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ആലോചനയിലാണ്’’ -ഇപ്പോൾ ബി. ഉണ്ണികൃഷ്ണന്റെ ചിത്രത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേഷത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ബാലചന്ദ്രമേനോൻ പറഞ്ഞു. സിനിമയിൽ അരനൂറ്റാണ്ട് നിലനിന്നു എന്നതുതന്നെ ഭാഗ്യമാണ്. തിരിഞ്ഞുനോക്കുമ്പോൾ സന്തോഷം മാത്രം -അദ്ദേഹം പറയുന്നു.
ബാലചന്ദ്രമേനോന്റെ അടുത്ത സുഹൃത്തുക്കൾ ചേർന്നുള്ള ‘റോസ് ദി ഫാമിലി ക്ലബ്ബി’ന്റെ നേതൃത്വത്തിൽ 29-ന് ടാഗോർ തിയേറ്ററിലാണ് 50-ാം വാർഷികാഘോഷങ്ങൾ നടക്കുക. അന്നേദിവസം മാധ്യമങ്ങളുമായി അദ്ദേഹം തന്റെ സിനിമാ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യും.
നാനാ സിനിമാ വാരികയുടെ റിപ്പോർട്ടറായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ബാലചന്ദ്രമേനോൻ ഇറങ്ങുന്നത് 1975-ലാണ്. സിനിമാ ജേണലിസ്റ്റിന്റെ ആ യാത്രകൾ ചെന്നെത്തിയത് സ്വന്തം സിനിമ എന്ന സ്വപ്നത്തിലേക്ക്. ആദ്യചിത്രം ‘ഉത്രാടരാത്രി’ 1978-ൽ പുറത്തിറങ്ങി. തുടർന്ന് ‘ബാലചന്ദ്രമേനോൻ സ്പർശം’ എന്ന് പ്രേക്ഷകർ വിലയിരുത്തിയ സിനിമാക്കാലത്തിന്റെ തുടക്കമായിരുന്നു. വൈകാരികതയെ മെരുക്കി ‘ആരോഹണാവരോഹണ’ ശൈലിയിലുള്ള സംഭാഷണങ്ങളുമായി മലയാളിയെ രസിപ്പിച്ചു. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, സംഗീതസംവിധായകൻ, ഗായകൻ, ഗാനരചയിതാവ്, എഡിറ്റർ, വിതരണക്കാരൻ, എഴുത്തുകാരൻ തുടങ്ങി സിനിമയുടെ സമസ്തമേഖലകളിലും മേനോൻ ഒപ്പുചാർത്തി.
ഇഷ്ടമാണ് പക്ഷേ, ചിരിയോ ചിരി, കാര്യം നിസ്സാരം, ആരാന്റെ മുല്ല കൊച്ചുമുല്ല, ഏപ്രിൽ 18, കുറുപ്പിന്റെ കണക്കുപുസ്തകം, അമ്മയാണെ സത്യം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടസംവിധായകനും നടനുമായി. രണ്ട് സംസ്ഥാന അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും നേടി.
1998-ൽ രചനയും സംവിധാനവും നിർവഹിച്ച ‘സമാന്തരങ്ങളി’ലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടി സമാന്തരസിനിമയിലും പേരുചാർത്തി. 2007-ൽ രാഷ്ട്രം പദ്‌മശ്രീ നൽകി ആദരിച്ചു. ശോഭന, പാർവതി, കാർത്തിക, രോഹിണി, ആനി... ബാലചന്ദ്രമേനോൻ മലയാളത്തിന് സമ്മാനിച്ച പുതുമുഖനായികമാരുടെ പട്ടിക നീളുന്നു.
Content Highlights: Celebrate Balachandra Menon`s 50-year cinematic journey! An all-rounder who redefined Malayalam cinema
Published: 22 Nov 2025, 07:57 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented