
എല്ലാ മാസവും ലാഭ നഷ്ടക്കണക്കുകൾ പുറത്തുവിടുന്ന പ്രവണത മലയാള സിനിമയുടെ നാശത്തിനു തന്നെ കാരണമാകുമെന്ന നിർമാതാവ് സന്തോഷ് ടി. കുരുവിളയുടെ അഭിപ്രായത്തെ പിന്തുണച്ച് നടൻ ബാബുരാജ്. സന്തോഷ് ടി. കുരുവിള കഴിഞ്ഞദിവസം എഴുതിയ സോഷ്യൽ മീഡിയ കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു ഈ വിഷയത്തിൽ ബാബുരാജ് തന്റെ നിലപാട് വ്യക്തമാക്കിയത്.
മലയാളത്തിലിറങ്ങുന്ന സിനിമകളുടെ മാസാവലോകന റിപ്പോർട്ടുകൾ അതും വളരെ കോൺഫിഡൻഷ്യൽ സ്വഭാവത്തിലുള്ള കണക്കുകൾ പുറത്തിട്ട് അലക്കാൻ ഇവരെയൊക്കെ ആര് എൽപ്പിച്ചു എന്നറിയില്ല എന്നാണ് സന്തോഷ് ടി. കുരുവിള സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇത്തരം പ്രവൃത്തികൾ ബന്ധപ്പെട്ടവർ ഉടൻ അവസാനിപ്പിക്കണം. ഈ കണക്കുവിടൽ കലാപരിപാടികൾക്കെതിരെ ആദ്യം രംഗത്തെത്തേണ്ടത് ഈ സംസ്ഥാനത്തെ യുവജന സംഘടനകൾ തന്നെയാണ്. പിന്നീട് തൊഴിലാളി സംഘടനകൾ , സർക്കാർ ഒക്കെയാണെന്നും സന്തോഷ് ടി. കുരുവിള അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ പിന്തുണച്ചാണിപ്പോൾ ബാബുരാജ് രംഗത്തെത്തിയത്.
താൻ സന്തോഷ് ടി. കുരുവിളയെ പിന്തുണയ്ക്കുന്നു എന്നാണ് ബാബുരാജ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്. നിർമാതാവിന്റെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്തുകൊണ്ടാണ് ബാബുരാജ് അദ്ദേഹത്തിനുള്ള തന്റെ പിന്തുണ അറിയിച്ചത്.
വെടക്കാക്കി തനിയ്ക്കാക്കുന്ന ഇത്തരം പരിപാടിയൊക്കെ അവസാനിപ്പിച്ചില്ലെങ്കിൽ സിനിമാ നിർമാണം നിലയ്ക്കുക തന്നെ ചെയ്യും. ഒരു കാര്യം സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാവും. എല്ലാ കച്ചവടവും ലാഭ നഷ്ടങ്ങൾക്ക് വിധേയമാണ്. അത് മുറുക്കാൻ കട നടത്തിയാലും തട്ടുകട നടത്തിയാലും വൻകിട വ്യവസായങ്ങൾ നടത്തിയാലും ഉണ്ടാവും. സംരംഭകത്വം ഒരു വൈദഗ്ധ്യം ആണ്. എല്ലാവർക്കും അത് സാധ്യവുമല്ല. കേവലമായ ലാഭത്തിൻ്റെ ഭാഷ മാത്രമല്ല അത്, അതൊരു പാഷനാണ്. മിടുക്കുള്ളവർ ഈ രംഗത്ത് അതിജീവിയ്ക്കും. ചിലർ വിജയിച്ചു നിൽക്കുമ്പോൾതന്നെ രംഗം വിടും. അതൊക്കെ ഒരോ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും " വിഷൻ " അനുസരിച്ചാവും.
ഈ മേഖല അവിടേയ്ക്ക് എത്തുന്ന നിക്ഷേപങ്ങൾ അവസരങ്ങളുടെ വലിയ സാധ്യത തുറന്നിടുന്നുണ്ട്. അത് അറിയാതെ പോവരുത്. പാമ്പുകൾ പടം പൊഴിയ്ക്കുമ്പോൾ പാമ്പുകൾ കരഞ്ഞുകൊള്ളും. പാമ്പാട്ടികൾ കരയേണ്ടതില്ലെന്നും സന്തോഷ് ടി. കുരുവിള പറഞ്ഞു.. ചില്ലുമേടയിൽ ഇരുന്ന കല്ലെറിയരുതെന്ന ഹാഷ്ടാഗോടെയാണ് സന്തോഷ് ടി. കുരുവിള പോസ്റ്റ് പങ്കുവെച്ചത്.
Content Highlights: Baburaj Supports Santosh T Kuruvilla on Mollywood`s Financial Transparency
Published: 30 Apr 2025, 03:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented