ധുരന്ധർ എന്ന ചിത്രത്തിലെ ശരാറത്ത് എന്ന ഗാനത്തിലൂടെ ഏവരുടേയും പ്രശസ്തി പിടിച്ചുപറ്റിയ നടിയും മോഡലുമാണ് അയേഷ ഖാൻ. ചലച്ചിത്ര മേഖലയിലെ വിവേചനങ്ങളെക്കുറിച്ചും തനിക്ക് നേരിടേണ്ടി വരുന്ന ഓൺലൈൻ അധിക്ഷേപങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് അവർ. സിനിമാ വ്യവസായത്തിലെ കടുത്ത മാനദണ്ഡങ്ങളും ബോഡി ഷെയ്മിംഗും തന്റെ കരിയറിന്റെ തുടക്കത്തിൽതന്നെ വലിയ ആഘാതം സൃഷ്ടിച്ചതായി അവർ പറഞ്ഞു.

To advertise here,

'വി ദ വുമൺ' എന്ന പരിപാടിയിൽ സംസാരിക്കവേയാണ് താൻ നേരിട്ട കഠിനമായ ദുരനുഭവങ്ങളെക്കുറിച്ച് അയേഷ തുറന്നുപറഞ്ഞത്. താൻ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഒരു പ്രധാന ഗാനരംഗത്തിൽ നിന്ന് തടി കൂടുതലാണ് എന്ന കാരണത്താൽ ഒഴിവാക്കപ്പെട്ടുവെന്ന് അയേഷ വെളിപ്പെടുത്തി. ടി-സീരീസിന്റെ ഒരു വലിയ ഗാനത്തിൽ വേഷമിടാൻ വേണ്ടി തിരഞ്ഞെടുത്തിരുന്നുവെങ്കിലും ചിത്രീകരണത്തിന് തൊട്ടുമുമ്പ് തന്നെ മാറ്റുകയായിരുന്നു. ഈ അനുഭവം തന്റെ ആത്മവിശ്വാസത്തെ വലിയ രീതിയിൽ ബാധിച്ചു. സിനിമാ വ്യവസായത്തിന്റെ ഇടുങ്ങിയ സൗന്ദര്യ സങ്കല്പങ്ങളോട് പൊരുത്തപ്പെടാനുള്ള സമ്മർദം വർഷങ്ങളോളം തന്നെ വേട്ടയാടിയെന്നും അയേഷ ഓർത്തെടുത്തു.

ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ താൻ ദിവസേന ബലാത്സംഗ ഭീഷണികൾ നേരിടുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരവും അയേഷ പങ്കുവെച്ചു. താൻ എന്ത് വസ്ത്രം ധരിച്ചാലും തന്നെ ലൈംഗികമായി അധിക്ഷേപിക്കുന്ന കമന്റുകൾ വരാറുണ്ടെന്ന് അവർ പറഞ്ഞു. ഇത്തരം ഭീഷണികൾ വെറും വാക്കുകളല്ല. അവ യഥാർത്ഥ വ്യക്തികൾ ടൈപ്പ് ചെയ്യുന്നതാണെന്ന വസ്തുത തന്നെ ഭയപ്പെടുത്തുന്നുവെന്നും ആയിഷ വ്യക്തമാക്കി. പ്രശസ്തിയോ സ്വയം സംരക്ഷിക്കാനുള്ള ശക്തിയോ ഇല്ലാത്ത ഒരാളായിരുന്നു താനെങ്കിൽ തന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് പലപ്പോഴും ചിന്തിക്കാറുണ്ടെന്നും അവർ പറഞ്ഞു.

ഓൺലൈൻ പീഡനങ്ങൾക്കെതിരെ കർശനമായ നടപടി വേണമെന്ന് അയേഷ ആവശ്യപ്പെട്ടു. ഇത്തരം ഭീഷണികൾ സാധാരണവൽക്കരിക്കപ്പെടുന്നത് സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കും. ചില ദിവസങ്ങളിൽ ഇത്തരം കമന്റുകൾ തന്റെ പഴയ മുറിവുകൾ ഓർമ്മിപ്പിക്കാറുണ്ടെന്നും, ഭയം കാരണം സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാറുണ്ടെന്നും താരം തുറന്നു പറഞ്ഞു. എങ്കിലും തന്റെ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് മുന്നോട്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അയേഷ വ്യക്തമാക്കി.

ഒരു ജൂനിയർ ആർട്ടിസ്റ്റായി അഭിനയം തുടങ്ങിയ അയേഷ 'കസൗട്ടി സിന്ദഗി കായ്', 'ബാൽവീർ റിട്ടേൺസ്' തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 'മുഖചിത്രം' എന്ന തെലുങ്ക് സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചു. സൽമാൻ ഖാൻ അവതാരകനായ 'ബിഗ് ബോസ് 17'-ൽ പങ്കെടുത്തതോടെ വലിയ രീതിയിൽ ജനശ്രദ്ധ പിടിച്ചുപറ്റി. 'ധുരന്ധർ' എന്ന ചിത്രത്തിലെ 'ശരാറത്' എന്ന ഗാനത്തിലെ പ്രകടനം അവർക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു.