ലോസ് ആഞ്ജലിസ്: മാർവൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'അവഞ്ചേഴ്സ്: ഡൂംസ്ഡേ'യുടെ (Avengers: Doomsday) അവസാന ട്രെയിലർ പുറത്തിറങ്ങി. വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളാൽ സമ്പന്നമായ ട്രെയിലർ ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കിലും, പ്രിയ കഥാപാത്രമായ ലോക്കിയുടെ അഭാവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ട്രെയിലറിൽ നിരവധി സൂപ്പർഹീറോകളുടെ ദൃശ്യങ്ങളുണ്ടെങ്കിലും ലോക്കിയെ ഒരിടത്തുപോലും കാണിക്കാത്തതാണ് ആരാധകരെ അമ്പരപ്പിച്ചത്.

To advertise here,

ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ എക്‌സിൽ ചോദ്യങ്ങളുമായി ആരാധകർ രംഗത്തെത്തി. 'എല്ലാം കൊള്ളാം, പക്ഷേ പുതിയ ട്രെയിലറിൽ ലോക്കി എവിടെ?' എന്നാണ് ഒരു ആരാധകൻ കുറിച്ചത്. ഒരൊറ്റ രംഗത്തിൽ പോലും ലോക്കിയില്ലാത്തത് അവിശ്വസനീയമാണെന്നും പ്രപഞ്ചത്തെത്തന്നെ താങ്ങിനിർത്തുന്ന, മാർവലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ ലോക്കി ലോഫീസണെ അണിയറപ്രവർത്തകർ മറന്നുപോയോ എന്നും ചിലർ നിരാശയോടെ ചോദിച്ചു. അതേസമയം, മാർവൽ മനഃപൂർവം ലോക്കിയുടെ രംഗങ്ങൾ രഹസ്യമാക്കി വെച്ചിരിക്കുകയാണോ എന്നും, സിനിമയിൽ ലോക്കി തോറിന്റെ ചുറ്റികയായ 'മ്യോൾനീർ' ഉയർത്തുമെന്നും ട്രെയിലറിൽ കാണുന്നത് തോറല്ല, മറിച്ച് ഓഡിൻഫോഴ്‌സ് ഉപയോഗിക്കുന്ന ലോക്കിയാണെന്നും തുടങ്ങി നിരവധി സിദ്ധാന്തങ്ങളും ആരാധകർ പങ്കുവെക്കുന്നുണ്ട്.

സ്റ്റീവ് റോജേഴ്‌സ് അഥവാ ക്യാപ്റ്റൻ അമേരിക്കയും (ക്രിസ് ഇവാൻസ്) പെഗ്ഗി കാർട്ടറും തമ്മിലുള്ള വൈകാരിക സംഭാഷണത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. ഭൂതകാലത്തേക്ക് മടങ്ങിയെത്തിയ സ്റ്റീവും പെഗ്ഗിയും തങ്ങളുടെ മകനോടൊപ്പം സന്തുഷ്ടരായി ജീവിക്കുന്നതാണ് തുടക്കത്തിൽ കാണിക്കുന്നത്. എന്നാൽ, പഴയകാല തീരുമാനങ്ങളുടെ ഭാരം സ്റ്റീവിനെ അലട്ടുന്നുണ്ട്. തങ്ങൾ ആരാണെന്ന് മകനോട് പറയണമോ എന്ന് സ്റ്റീവ് ചോദിക്കുമ്പോൾ, അവന് എല്ലാം അറിയാമെന്ന് പെഗ്ഗി ആശ്വസിപ്പിക്കുന്നു. തുടർന്ന്, 'അച്ഛൻ ഒരു സൂപ്പർഹീറോ ആയിരുന്നോ?' എന്ന മകന്റെ ചോദ്യത്തിന്, 'അവഞ്ചേഴ്സ് എന്ന് പേരുള്ള ആറ് പേരുണ്ടായിരുന്നു ഞങ്ങൾ' എന്ന് സ്റ്റീവ് മറുപടി നൽകുന്ന ഹൃദയസ്പർശിയായ രംഗവും ട്രെയിലറിലുണ്ട്.

തുടർന്ന്, മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സ് (എം.സി.യു) നേരിടാൻ പോകുന്ന ഏറ്റവും വലിയ ഭീഷണിയായ ഡോക്ടർ ഡൂമിനെ (റോബർട്ട് ഡൗണി ജൂനിയർ) ട്രെയിലർ പരിചയപ്പെടുത്തുന്നു. 'നിങ്ങളെല്ലാവരും മോഷ്ടിക്കപ്പെട്ട ജീവിതമാണ് നയിക്കുന്നത്, ഇനി അത് തിരികെ നൽകേണ്ട സമയമായി' എന്ന ഡൂമിന്റെ ഭീഷണി വരാനിരിക്കുന്ന വൻ പോരാട്ടത്തിന്റെ സൂചന നൽകുന്നു. ഈ വിപത്തിനെ നേരിടാൻ എക്‌സ്-മെൻ, ഫന്റാസ്റ്റിക് ഫോർ ഉൾപ്പെടെയുള്ള സൂപ്പർഹീറോകളെ അഭിസംബോധന ചെയ്യുന്ന തോറിനെയും ട്രെയിലറിൽ കാണാം. ഒരു ടീമിന് ഒറ്റയ്ക്ക് ജയിക്കാൻ കഴിയാത്ത ഈ യുദ്ധത്തിനായി അവഞ്ചേഴ്സ്, വക്കാണ്ടക്കാർ, തണ്ടർബോൾട്ട്സ്, ഫന്റാസ്റ്റിക് ഫോർ, എക്‌സ്-മെൻ എന്നിവർ ഒന്നിക്കുന്ന ആവേശകരമായ ദൃശ്യങ്ങളോടെയാണ് ട്രെയിലർ അവസാനിക്കുന്നത്.

വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ക്രിസ് ഇവാൻസ് (സ്റ്റീവ് റോജേഴ്‌സ്), ക്രിസ് ഹെംസ്വർത്ത് (തോർ), ടോം ഹിഡിൽസ്റ്റൺ (ലോക്കി) എന്നിവർക്കൊപ്പം ആന്റണി മാക്കി (സാം വിൽസൺ), സെബാസ്റ്റ്യൻ സ്റ്റാൻ (ബക്കി ബാർൺസ്), പോൾ റഡ് (സ്‌കോട്ട് ലാങ്), സിമു ലിയു (ഷാങ്-ചി), കാതറിൻ ന്യൂട്ടൺ, ഹെയ്ലി സ്റ്റെയിൻഫെൽഡ്, ഡാനി റാമിറെസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. വക്കാണ്ട, തലോക്കൻ എന്നിവിടങ്ങളിൽ നിന്ന് ലെറ്റിഷ്യ റൈറ്റ് (ഷൂരി), വിൻസ്റ്റൺ ഡ്യൂക്ക് (എം'ബാക്കു), ടെനോച്ച് ഹ്യൂർട്ട മെജിയ (നാമോർ), മാബെൽ കാഡെന എന്നിവരും, ന്യൂ അവഞ്ചേഴ്സ്, തണ്ടർബോൾട്ട്സ് നിരയിൽ നിന്ന് ഫ്‌ലോറൻസ് പ്യൂ (യെലേന ബെലോവ), വ്യാറ്റ് റസ്സൽ, ഡേവിഡ് ഹാർബർ, ഹന്ന ജോൺ-കാമെൻ, ലൂയിസ് പുൾമാൻ (സെൻട്രി) എന്നിവരും ചിത്രത്തിലുണ്ട്. ഫന്റാസ്റ്റിക് ഫോറായി പെഡ്രോ പാസ്‌കൽ, വനേസ കിർബി, ജോസഫ് ക്വിൻ, എബോൺ മോസ്-ബാക്രച്ച് എന്നിവരും, എക്‌സ്-മെൻ താരങ്ങളായ പാട്രിക് സ്റ്റുവർട്ട് (പ്രൊഫസർ എക്‌സ്), ഇയാൻ മക്കല്ലൻ (മാഗ്‌നെറ്റോ), ജെയിംസ് മാർസ്ഡൻ, റെബേക്ക റോമിൻ, അലൻ കമ്മിംഗ്, കെൽസി ഗ്രാമർ, ചാനിംഗ് ടാറ്റം (ഗാംബിറ്റ്) എന്നിവരും ചിത്രത്തിൽ തിരിച്ചെത്തുന്നുണ്ട്. ഡിസംബർ 18-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.