താരസംഘടനയായ 'അമ്മ'യിൽ വീണ്ടും രാജി. നടി ആശാ അരവിന്ദാണ് അഡ്‌ഹോക് കമ്മിറ്റിയിൽ നിന്ന് രാജി വെച്ചത്. കഴിഞ്ഞദിവസം ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെച്ചിരുന്നു. പിന്നാലെയാണ് സംഘടനയെ നയിക്കാനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്. രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ ആശാ അരവിന്ദും അംഗമായിരുന്നു. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് അവർ രാജി വെക്കുന്നതായി അറിയിച്ചത്.

To advertise here,

ഇന്നലെ രാജി സമർപ്പിച്ച 17 അംഗ ഭരണസമിതിയിലെ അംഗമായിരുന്നു ആശാ അരവിന്ദ്. ആ ഭരണസമിതി രാജിവെച്ചതിനെ തുടർന്ന് രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയിൽ എങ്ങനെ ആശാ അരവിന്ദിന് അംഗമാകാൻ കഴിയുമെന്ന ചോദ്യം ഇന്നലെ തന്നെ ഉയർന്നിരുന്നു. ഇത് വലിയ ചർച്ചയായതോടെയാണ് ആശാ അരവിന്ദ് താൻ രാജിവെക്കുകയാണെന്ന് അറിയിച്ചത്. അതേസമയം സംഘടനയിൽ പ്രാഥമികാംഗത്വത്തിൽ തുടരുമെന്നും അവർ വ്യക്തമാക്കി.

17 പേർ ഇല്ലാത്ത ഓഫീസിലേക്ക് കടന്നുചെല്ലാൻ തനിക്ക് ബുദ്ധിമുട്ടാണെന്നാണ് രാജിയെ കുറിച്ച് ആശാ അരവിന്ദ് നൽകിയ വിശദീകരണം. കൂടാതെ ഇപ്പോഴത്തെ ചുമതല വഹിക്കാൻ മാനസികമായി തയ്യാറെടുത്തില്ലെന്നും അവർ വ്യക്തമാക്കി. എക്‌സിക്യുട്ടീവ് അംഗങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് താൻ രാജി വെക്കുകയാണെന്ന് ആശാ അരവിന്ദ് അറിയിച്ചത്. ഒപ്പം ഇമെയിലായും അവർ രാജിക്കത്ത് അയച്ചു.

അംഗങ്ങൾക്ക് മരുന്നുകൾ സൗജന്യമായി നൽകുന്ന 'അമ്മ'യുടെ പദ്ധതിയായ 'സഞ്ജീവനി'യുടെ ചുമതല ആശാ അരവിന്ദിനാണ്. അതുകൊണ്ടാണ് ആശയെ അഡ്‌ഹോക് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്.

നടി മല്ലികാ സുകുമാരൻ 'അമ്മ'യിൽ നിന്ന് നേരത്തേ രാജി വെച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് മല്ലികാ സുകുമാരൻ 'അമ്മ'യിൽ നിന്ന് പടിയിറങ്ങുന്നതായി അറിയിച്ചത്. മുൻ അധ്യക്ഷ ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രാജി.