സിനിമാ ജീവിതത്തിൽ നാലര പതിറ്റാണ്ട് പിന്നിടുകയാണ് നടൻ അബു സലിം. വില്ലനായും കൊമേഡിയനായും സഹനടനായുമെല്ലാം പ്രേക്ഷകരെ രസിപ്പിച്ച താരം ഇനി അണിയുന്നത് നായകവേഷമാണ്. എ.കെ. സാജൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അബു സലിം നായകനാവുന്നത്. അറുപത്തേഴാം വയസിലാണ് താരത്തിന്റെ നായകനായുള്ള അരങ്ങേറ്റം എന്നത് ശ്രദ്ധേയമാണ്.
അർനോൾഡ് ശിവശങ്കരൻ എന്നാണ് ചിത്രത്തിന്റെ പേര്. മാധ്യമപ്രവർത്തകൻ കൂടിയായ ശരത് കൃഷ്ണയുടേതാണ് തിരക്കഥ. ലുക്മാൻ ആണ് മറ്റൊരു പ്രധാനവേഷത്തിൽ. വരുംദിവസങ്ങളിൽ ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടും.
ഏറെ ആരാധിക്കുന്ന താരമാണ് ഹോളിവുഡ് താരം അർനോൾഡെന്നും അദ്ദേഹത്തിന്റെ പേരിലുള്ള ചിത്രത്തിലൂടെ നായകനായി വരുന്നതിൽ സന്തോഷമുണ്ടെന്നും അബു സലിം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കഥയാണ് ഈ ചിത്രത്തിലെ താരം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന എന്റർടെയ്നറായിരിക്കും ചിത്രം. നാടോടിക്കാറ്റിൽ ദാസനും വിജയനും പറഞ്ഞപോലെ എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.
1978-ൽ രാജൻ പറഞ്ഞ കഥ എന്ന ചിത്രത്തിലൂടെയാണ് അബു സലിം ബിഗ് സ്ക്രീനിലെത്തുന്നത്. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും വേഷമിട്ടു. നിരവധി ചിത്രങ്ങളിൽ പോലീസ് വേഷമിട്ടിട്ടുള്ള ഇദ്ദേഹം യഥാർത്ഥജീവിതത്തിലും പോലീസ് ഉദ്യോഗസ്ഥനായിരുന്നു. 2012-ൽ വിരമിച്ചു.
1982-ൽ മിസ്റ്റർ കേരളയും 1983,1986, 1987 വർഷങ്ങളിൽ മിസ്റ്റർ സൗത്ത് ഇന്ത്യയും 1984-ൽ മിസ്റ്റർ ഇന്ത്യയും ആയിട്ടുണ്ട് അദ്ദേഹം. ഈയിടെ പുറത്തിറങ്ങിയ ഭീഷ്മപർവം, പൂക്കാലം എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlights: arnold shivasankaran movie, abu salim as hero, ak sajan movie
Published: 03 Oct 2023, 03:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented