ടി തമന്നയെക്കുറിച്ച് നടത്തിയ അശ്ലീല പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ അന്നു കപൂർ. തമന്നയെ പ്രശംസിക്കാനാണ് താൻ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അത് നടിയെ ഏതെങ്കിലും രീതിയിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരുടെ കാലിൽവീണ് മാപ്പുചോദിക്കാൻ തയ്യാറാണ്. തന്റെ അഭിപ്രായത്തിനുപിന്നിൽ തെറ്റായ ഉദ്ദേശ്യമില്ലെന്നും അന്നു കപൂർ വ്യക്തമാക്കി. കഴിഞ്ഞ വർഷം 'സ്ത്രീ 2' എന്ന ചിത്രത്തിലെ ആജ് കി രാത് എന്ന ഹിറ്റ് ഗാനത്തിലെ തമന്നയുടെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പ്രയോഗിച്ച ഒരു വാക്കാണ് നടനെ വിവാദത്തിലാക്കിയത്.

To advertise here,

താൻ ആ വാക്ക് ഉപയോഗിച്ചത് തമന്നയുടെ പ്രകടനത്തെ അഭിനന്ദിക്കാൻ മാത്രമാണെന്ന് സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് അന്നു കപൂർ വ്യക്തമാക്കി. അമേരിക്കയിൽ നടന്ന ഒരു പര്യടനത്തിനിടെ തന്റെ ടീം അംഗങ്ങൾ നിർദ്ദേശിച്ചതനുസരിച്ചാണ് താൻ ആ വീഡിയോ കണ്ടത്. തമന്ന വളരെ നന്നായി നൃത്തം ചെയ്യുന്നുണ്ടെന്ന് താൻ അന്ന് പറഞ്ഞതായും അദ്ദേഹം ഓർമിച്ചു. ഭാഷയുടെ വ്യത്യാസമാണ് ഇത്ര വലിയ വിമർശനങ്ങൾക്ക് കാരണമായതെന്നാണ് അന്നു കപൂർ വാദിക്കുന്നത്.

ആ വാക്ക് ഇംഗ്ലീഷിൽ പറഞ്ഞിരുന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. ഹിന്ദിയിൽ പറഞ്ഞപ്പോഴാണ് കുഴപ്പമായത്. ഒരാളുടെ ശാരീരിക സൗന്ദര്യത്തെ അഭിനന്ദിക്കുന്നത് അവരോടുള്ള മോശം ആഗ്രഹമായി കാണരുത്. തനിക്ക് അത്തരം ദുരുദ്ദേശ്യങ്ങൾ ഒന്നുമില്ലായിരുന്നു. തന്റെ പരാമർശം തമന്നയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ തനിക്ക് യാതൊരു മടിയുമില്ല. വിഷമമായെന്ന് തന്നോട് പറഞ്ഞാൽ അവരുടെ കാലിൽ വീണ് മാപ്പ് ചോദിക്കും. 71 വയസ്സുള്ള താൻ തെറ്റായ ഉദ്ദേശ്യത്തോടെയല്ല ഇത് ചെയ്തത്. അതിനാൽ തന്നെ മാപ്പ് ചോദിക്കുന്നതിൽ കുറച്ചിലൊന്നും തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിനന്ദനവും മോശം താല്പര്യവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് അന്നു കപൂർ പറഞ്ഞു. ഒരു വിലകൂടിയ കാറിനെ അഭിനന്ദിക്കുന്നത് പോലെയാണ് താൻ ആ പ്രകടനത്തെയും കണ്ടതെന്നും, അതിൽ ദുരുദ്ദേശമൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.