ശരീരഭാരം കുറച്ചതിനെക്കുറിച്ച് മനസുതുറന്ന് നടി അന്ന രേഷ്മ രാജൻ. ശരീരഭാരം കുറഞ്ഞതുമായി ബന്ധപ്പെട്ട് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വന്ന പരിഹാസ കമന്റുകൾക്ക് മറുപടി നൽകുകയായിരുന്നു അവർ. ഇത് 'എക്സ്ട്രാ ഫിറ്റിങ്' ഉപയോഗിക്കാൻ മറന്നതല്ലെന്നും, കഠിനാധ്വാനം ചെയ്ത് ഭാരം കുറച്ചതാണെന്നും അന്ന വ്യക്തമാക്കി. ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലായിരുന്നു താനെന്നും താരം വെളിപ്പെടുത്തി.

To advertise here,

കഠിനാധ്വാനം ചെയ്തതിന്റെ ഫലമായി തന്റെ വണ്ണം കുറഞ്ഞെന്ന് അന്ന രേഷ്മ രാജൻ പറഞ്ഞു. ഇപ്പോൾ വളരെ സന്തോഷമുണ്ട്. ശരീരം വളരെയധികം ആരോഗ്യമുള്ളതായി തോന്നുന്നു. ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലാണ് താൻ. തടികുറച്ചപ്പോൾ എ മുമ്പത്തേക്കാൾ ചെറുപ്പമായതുപോലെ തോന്നുന്നു, ഇപ്പോൾ ഏറെ ആത്മവിശ്വാസം തോന്നുന്നു എന്ന് അഭിമാനത്തോടെ പറയാൻ കഴിയും. ഇപ്പോഴും താൻ ലക്ഷ്യത്തിലെത്തിയിട്ടില്ല, ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. എക്സ്ട്രാ ഫിറ്റിങ് വയ്ക്കുന്നുണ്ടെന്ന രീതിയിലുള്ള കുറെ കമന്റുകൾ കാണാറുണ്ടെന്നും അതെല്ലാം ആസ്വദിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

"ഇതാണ് ഞാൻ ആഗ്രഹിച്ചിരുന്ന യഥാർഥ ഞാൻ. ഒടുവിൽ, ഞാൻ അത് നേടി. എല്ലാ യൂട്യൂബർമാരോടും, എന്നെക്കുറിച്ച് കണ്ടന്റ് ഉണ്ടാക്കുന്നവരോടും ഒരു കാര്യം പറയാനാഗ്രഹിക്കുന്നു. ഞാൻ ഇത്രയും കാലം നിശബ്ദത പാലിച്ചത് എനിക്ക് ഉത്തരമില്ലാത്തതുകൊണ്ടല്ല, മറിച്ച് എന്നെക്കുറിച്ചുള്ള കണ്ടന്റുകളാണ് നിങ്ങളുടെ വീട്ടിലെ കഞ്ഞിക്ക് വകയാകുന്നത് എന്ന് എനിക്കറിയാവുന്നതുകൊണ്ടാണ്. അതിനാൽ ദയവായി, തുടരുക. പക്ഷേ നിങ്ങളുടെ സന്തോഷത്തിനായി മറ്റുള്ളവരെ വേദനിപ്പിക്കരുത്. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക -പക്ഷേ അത് ദയയുള്ളതായിരിക്കട്ടെ." അന്ന രാജന്റെ വാക്കുകൾ.

'ലിച്ചി' എന്ന വിളിപ്പേരിൽ പ്രശസ്തയായ നടിയാണ് അന്ന രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണവർ സിനിമയിലെത്തിയത്. ഈ സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് ലിച്ചി എന്നത്. ഉദ്ഘാടന വേദികളിലെ വസ്ത്രധാരണത്തിന്റെ പേരിൽ അവർ സാമൂഹിക മാധ്യമങ്ങളിൽ നിരന്തരമായി വിമർശനങ്ങൾ നേരിടാറുണ്ട്. ഈ കമന്റുകൾ ബോഡി ഷെയ്മിങ് എന്ന നിലയിലേക്കും മാറാറുണ്ട്. ഇതിനെല്ലാമുള്ള മറുപടിയാണ് ഇപ്പോൾ അന്ന നൽകിയിരിക്കുന്നത്.