മിന്നൽ മുരളി, ആർഡിഎക്സ് എന്നീ ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ സഹനിർമ്മാതാവായ അൻജന ഫിലിപ്പും സിനിമ-പരസ്യ ചലച്ചിത്ര സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാറും സംയുക്തമായി സിനിമ നിർമ്മാണത്തിലേയ്ക്ക്. സംയുക്ത സിനിമാ സംരംഭത്തിന്റെ ദൃശ്യ മുദ്ര മോഹൻലാൽ പ്രകാശനം ചെയ്തു. ഇവരുടെ ആദ്യ സിനിമയുടെ ചിത്രീകരണം ജനുവരിയിൽ പാലക്കാട് ആരംഭിക്കും.
കുവൈറ്റ് ആസ്ഥാനമാക്കി ഓയിൽ നാചുറൽ ഗ്യാസ് വ്യവസായം നടത്തുന്ന ഫിലിപ്പ് സക്കറിയയുടെയും ഭാര്യ അൻജന ഫിലിപ്പിന്റെയും ഉടമസ്ഥതയിലുള്ള അൻജന ടാക്കീസും വി. എ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വാർസ് സ്റ്റുഡിയോസും ഇതോടെ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ജോഷി സംവിധാനം ചെയ്ത 'ലൈല ഓ ലൈല'യുടെ നിർമ്മാതാവായ ഓസ്ട്രേലിയയിൽ താമസമാക്കിയ മലയാളി സംരംഭകൻ സന്തോഷ് കോട്ടായിയും ഈ സംയുക്ത പദ്ധതിയുടെ ഭാഗമാണ്.
'വലിപ്പത്തിലേക്ക് വളരുന്ന മലയാളം ഉൾപ്പെട്ട തെന്നിന്ത്യൻ സിനിമയ്ക്കൊപ്പം അൻജന - വാർസ് സംരംഭങ്ങളും ഇനി ഉണ്ടെന്നത് ഏറെ സന്തോഷകരം. ഏറ്റവും മികച്ച കഥകൾ കണ്ടെത്തി മുന്നേറാനുള്ള ഈ സംരഭത്തിന്റെ തീരുമാനം ഉചിതം. എല്ലാ ആശംസകളും പ്രാർത്ഥനയും'- മോഹൻലാൽ പറഞ്ഞു.
കാമ്പും കാതലുമുള്ള ഉള്ളടക്കം കണ്ടെത്തി ചലച്ചിത്ര മാധ്യമത്തിൽ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അൻജന ടാക്കീസും വാർസ് സ്റ്റുഡിയോയും ഒന്നിക്കുന്നത്. ആറോളം പ്രോജക്ടുകളുടെ രചന ജോലികൾ പൂർത്തിയായി വരുകയാണ്. സാഹിത്യത്തിലെ സമകാലിക എഴുത്തുകാരായ എസ്. ഹരീഷ്, സി.പി സുരേന്ദ്രൻ, ലാസർ ഷൈൻ, വിനോയി തോമസ്, വി. ഷിനിലാൽ, അബിൻ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് ആദ്യ സിനിമകൾ.
'സാഹിത്യം, നടന്ന സംഭവങ്ങൾ- എന്നീ സ്രോതസ്സുകളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ സിനിമയുടെ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നത്. ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യരായ സംവിധായകരെ ചുമതലപ്പെടുത്തുന്ന രീതിയായിരിക്കും അവലംബിക്കുക. നല്ല കഥകൾ കണ്ടെത്തുവാനായി, എന്നതാണ് നിർമ്മാണം ആരംഭിക്കാനുള്ള പ്രചോദനം. സിനിമകളോട് കുടുംബസമേതം ഞങ്ങൾക്കുള്ള ഇഷ്ടമാണ് നിർമ്മാണത്തിലേക്ക് ഞങ്ങളെ നയിച്ചത്. സിനിമാ നിർമ്മാണ പ്രക്രിയയെ ഒരു വ്യവസായം എന്ന നിലയ്ക്ക് തികച്ചും പ്രൊഫഷണൽ രീതികളോടെയാകും സമീപിക്കുക'- അൻജന ഫിലിപ്പ് പറഞ്ഞു.
'എല്ലാ സിനിമകൾക്കും ഈ ലോകത്തെ എല്ലാവരും പ്രേക്ഷകരായ ഒരു കാലത്താണ് ഇന്ന് നമ്മൾ. ഭാഷയുടെ അതിരുകൾ സിനിമയ്ക്ക് ബാധകമല്ല. നല്ല സിനിമകൾക്ക് ലോകമാകെ വിപണി ലഭിച്ച കാലമാണിത്. ലോകം മുഴുവനും നമ്മുടെ സിനിമകൾക്കും എത്താനാകും. ഉള്ളടക്കമാണ് ഇപ്പോൾ സിനിമയുടെ ജയം നിർണ്ണയിക്കുന്നതും തിയറ്ററുകൾ നിറയ്ക്കുന്നതും. അൻജന ടാക്കീസുമായി ചേർന്ന് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സിനിമകൾ കണ്ടെത്തിയത് ഈ പാഠങ്ങളിൽ നിന്നാണ്'- വി.എ ശ്രീകുമാർ പറഞ്ഞു.
നോവലിസ്റ്റും കഥാകൃത്തും ഏദൻ, ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം- തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തുമായ എസ്. ഹരീഷിന്റ കഥയാണ് ആദ്യം ചലച്ചിത്രമാകുന്നത്. രചനയിൽ ഹരീഷിനൊപ്പം പങ്കാളിയായി പ്രേം ശങ്കർ ആദ്യ സിനിമ സംവിധാനം ചെയ്യും. പാലക്കാടൻ പശ്ചാത്തലത്തിലെ ഹാസ്യ പ്രമേയമാണ് ചിത്രത്തിന്റേത്. നിരവധി പരസ്യചിത്രങ്ങൾ സംവിധാനം ചെയ്ത പ്രേം ശങ്കറിന്റെ രണ്ടാമത്തെ സിനിമയാണിത്. ആദ്യ ചിത്രം 'രണ്ടു പേർ' 2017-ൽ ഐഎഫ്എഫ്കെയിൽ മത്സര ചിത്രമായിരുന്നു.മറ്റു സിനിമകളുടെയും സംവിധായകരുടെയും പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. പി.ആർ.ഒ: പി. ശിവപ്രസാദ്
Content Highlights: anjana vars director sreekumar anjana philip new venture
Published: 22 Nov 2023, 09:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented