എച്ച് ബി ഒ യുടെ ഹിറ്റ് സീരീസായ യൂഫോറിയയിലൂടെ പ്രശസ്തനായ നടൻ അം​ഗസ് ക്ലൗഡിനെ കാലിഫോർണിയ ഓക് ലാൻഡിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 25 വയസായിരുന്നു. യൂഫോറിയയിലെ മയക്കുമരുന്ന് വ്യാപാരിയായ ഫെസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് അം​ഗ‌സ്. മരണകാരണം വ്യക്തമല്ല. അം​ഗസിന്റെ മരണത്തിൽ അ​ഗാധ ദുഃഖമുണ്ടെന്ന് കുടുംബം പ്രതികരിച്ചു.

To advertise here,

പിതാവ് മരിച്ച് രണ്ടാഴ്ച പിന്നിട്ട വേളയിലാണ് അം​ഗസിന്റെയും മരണം. അം​ഗസിന്റെ അടുത്ത സുഹൃത്തുകൂടിയായിരുന്നു പിതാവെന്ന് കുടുംബാം​ഗങ്ങൾ പറഞ്ഞു. പിതാവിന്റെ മരണ ദിവസം എനിക്ക് നിങ്ങളെ മിസ് ചെയ്യുന്നു എന്നാണ് അം​ഗസ് ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. അച്ഛന്റെ മരണാനന്തര ചടങ്ങുകൾ അയർലൻഡിൽ വെച്ച് പൂർത്തിയാക്കിയശേഷം തിരികെ വസതിയിലെത്തിയ നടൻ ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അം​ഗസ് ക്ലൗഡിന്റെ വിയോ​ഗത്തിൽ അ​ഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് എച്ച്.ബി.ഓ പ്രസ്താവനയിൽ അറിയിച്ചു. കഴിവുറ്റ പ്രതിഭയും എച്ച്.ബി.ഓയുടേയും യൂഫോറിയയുടേയും കുടുംബത്തിലെ ഒഴിച്ചുകൂടാനാവാത്ത അം​ഗമായിരുന്നു ക്ലൗഡെന്നും അവർ കൂട്ടിച്ചേർത്തു.

നോർത്ത് ഹോളിവുഡ്, ദ ലൈൻ എന്നീ ചിത്രങ്ങളിൽ അം​ഗസ് ക്ലൗഡ് മുഖം കാണിച്ചിട്ടുണ്ടെങ്കിലും ലോകപ്രശസ്തിയിലേക്കുയർന്നത് യൂഫോറിയയിലെ ഹൈസ്കൂൾ ഡ്ര​ഗ് ഡീലറുടെ വേഷത്തോടെയായിരുന്നു. ആദ്യ സീസണിലെ സ്വീകാര്യത കണക്കിലെടുത്ത് രണ്ടാം സീസണിൽ ഫെസ് എന്ന കഥാപാത്രത്തിനെ അണിയറപ്രവർത്തകർ കൂടുതൽ വികസിപ്പിച്ചിരുന്നു.