തിരുവനന്തപുരത്തിന് അനന്തൻ കാട് എന്നൊരു പേരുണ്ടായിരുന്നു. മുമ്പ് ഒരു ഘോരവനമായിരുന്നതിനാലാണത്രേ ഇവിടം ഇങ്ങനെ അറിയപ്പെടാൻ കാരണം. സിംഹവും വിഷപ്പാമ്പും കടുവയും കീരിയും മാനുമെല്ലാം വിഹരിക്കുന്ന ഘോരവനം പിന്നീട് പതിയെപ്പതിയെ നഗരമായി മാറുകയായിരുന്നു. കോൺക്രീറ്റ് കെട്ടിടങ്ങൾ അനുദിനം തലയുയർത്തി വരുന്നുണ്ടെങ്കിലും ഇന്നും ആ പഴയ കാടിന്റെ സ്വഭാവം തിരുവനന്തപുരം സ്വന്തം ഉള്ളിൽ സൂക്ഷിക്കുന്നുണ്ടെങ്കിലോ? ഈ ആശയത്തെ ഒരുപറ്റം മനുഷ്യരുടെ കഥാപശ്ചാത്തലമാക്കി വികസിപ്പിച്ചിരിക്കുകയാണ് സംവിധായകൻ ജിയെൻ കൃഷ്ണകുമാറും തിരക്കഥാകൃത്ത് മുരളി ഗോപിയും ചേർന്ന്. അതാണ് അനന്തൻ കാട്.

To advertise here,

കഥ നടക്കുന്നത് നാട്ടിലാണെങ്കിലും ഒരു കാടിന്റെ വന്യത പുലർത്തുന്ന പശ്ചാത്തലവും കഥാസന്ദർഭങ്ങളുമാണ് ചിത്രത്തിലുള്ളത്. വേട്ടയാടുന്നവരും വേട്ടയാടപ്പെടുന്നവരും ചേർന്നാണ് ചിത്രത്തെ നയിക്കുന്നത്. രണ്ട് കൂട്ടർക്കും തുല്യ പ്രാധാന്യമുണ്ട് ചിത്രത്തിൽ. പ്രധാന കഥാപാത്രങ്ങളെല്ലാംതന്നെ ഏതെങ്കിലും വിധത്തിൽ അധികാരവർഗങ്ങളാൽ വേട്ടയാടപ്പെടുന്നവരാണ് എന്നത് ശ്രദ്ധേയമാണ്. ഒരുകാലത്ത് അധികാരികൾക്കുവേണ്ടി കൊല്ലും കൊലയും കൂലിത്തല്ലും ചെയ്തിരുന്ന കുറച്ചാളുകൾ സ്വസ്ഥജീവിതം നയിക്കാനായി ഗാനമേള ട്രൂപ്പ് നടത്തുകയാണ്. എന്നാൽ പഴയ അതേ രക്തരൂക്ഷിതമായ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ ഇവർ നിർബന്ധിതരാകുകയാണ്. ഇവർക്കിടയിലേക്ക് തീർത്തും അപരിചിതമായ സാഹചര്യത്തിലുള്ള മറ്റൊരാൾകൂടി കടന്നുവരുന്നതോടെ അനന്തൻ കാട് അതിന്റെ യഥാർത്ഥ വന്യത പുറത്തെടുക്കുകയാണ്.

മുരളി ഗോപി തിരക്കഥയെഴുതിയ മുൻ ചിത്രങ്ങളെപ്പോലെ യഥാർത്ഥ സംഭവങ്ങൾ കടന്നുവരുന്നുണ്ട്. രാഷ്ട്രീയ അധികാര കേന്ദ്രങ്ങളേയും അവരുടെ നിർദേശാനുസരണം പ്രവർത്തിക്കുന്ന പോലീസ് സംവിധാനങ്ങളേയുമാണ് ചിത്രം വിമർശനത്തിന് വിധേയമാക്കുന്നത്. ഏതുനാട്ടിലായാലും വേട്ടയാടുന്നവർക്കും വേട്ടയാടപ്പെടുന്നവർക്കും ഒരേ മുഖമാണെന്നാണ് ചിത്രം പറയുന്നത്. തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽക്കിടക്കുന്നവരെ ഉപയോഗിക്കുന്ന അധികാരികൾ സ്വന്തം ആവശ്യം കഴിഞ്ഞാൽ ഇവരെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുകയെന്നും ചിത്രം അടിവരയിടുന്നു.

അജനീഷ് ലോകനാഥിന്റെ സംഗീതവും എസ്. യുവയുടെ ഛായാഗ്രഹണവും ആർ. ശക്തി ശരവണന്റെ ആക്ഷൻ രംഗങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാണ്. ചിത്രത്തിന്റെ രണ്ടിടങ്ങളിൽ വരുന്ന പോലീസ് ഭീകരതയുടെ രംഗങ്ങൾ തെല്ല് നടുക്കത്തോടെയേ കണ്ടിരിക്കാനാകൂ.

സമാധാനജീവിതം ആഗ്രഹിച്ചിട്ടും അതിലേക്കെത്താൻ സാധിക്കാത്ത ഒരുപറ്റം ജീവിതങ്ങളാണ് പ്രധാനകഥാപാത്രങ്ങളെല്ലാം. ആര്യയുടെ വെട്രി, മുരളി ഗോപിയുടെ തങ്കരാജ്, ദേവ് മോഹൻ അവതരിപ്പിച്ച മുരളി, അപ്പാനി ശരത്തിന്റെ ജാക്സൻ, ഇന്ദ്രൻസിന്റെ കൃഷ്ണൻകുട്ടി, ശാന്തിയുടെ കാർത്തി, നിഖില വിമലിന്റെ ദീപ ടീച്ചർ, റെജീന കസാൻഡ്രയുടെ നടി എന്നിവരെല്ലാം ഇതിനുദാഹരണങ്ങളാണ്. ഓരോ കഥാപാത്രങ്ങളും ഹൃദയത്തിൽ തറയ്ക്കുംവിധമാണ് അണിയറപ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത് എന്നത് കയ്യടിയർഹിക്കുന്ന കാര്യമാണ്. പ്രതിനായകരായി എത്തിയ വിജയരാഘവൻ, സുനിൽ, അച്യുത് കുമാർ എന്നിവരെ അവതരിപ്പിച്ചിരിക്കുംവിധവും എടുത്തുപറയേണ്ടിയിരിക്കുന്നു. നായകന്മാരുടെ ജീവിതം അത്രമേൽ ദുസ്സഹമാക്കുന്നത് ഈ മൂന്നുപേരാണെന്ന് വ്യക്തമായി കാണിച്ചിരിക്കുന്നു. മറ്റുള്ളവരുടെ വേദനയിൽ ആനന്ദം കണ്ടെത്തുന്നവർ എന്ന സ്വഭാവമാണ് വില്ലൻ കഥാപാത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. എല്ലാം തീരുമാനിക്കുന്നത് തങ്ങളാണെന്നും, ജീവനൊടുങ്ങുന്നതിനെ വളമാക്കി സ്വന്തം ഉള്ളിലേക്ക് വലിച്ചെടുത്ത്, സ്വന്തം വളർച്ചയ്ക്ക് വളമാക്കുന്ന കാടാണ് അധികാര വർമെന്നും അടിവരയിടുന്നുണ്ട് ചിത്രം.

പണ്ട് ഉള്ളൂർ എഴുതിയിട്ടുണ്ട്; ‘നമുക്ക് നാമേ പണിവതു നാകം, നരകവുമതുപോലെ’ എന്ന്. സ്വർഗവും നരകവും തീർക്കുന്നത് അവനവൻ തന്നെയാണ് എന്ന് സാരാംശം. അങ്ങനെ നോക്കുകയാണെങ്കിൽ അതുതന്നെയാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾക്കും സംഭവിച്ചിരിക്കുന്നത്. ശക്തമായ പ്രമേയവും താരപ്രകടനങ്ങൾക്കും മികവുറ്റ അവതരണരീതിക്കും സാക്ഷ്യം വഹിക്കാൻ അനന്തൻ കാടിന് ടിക്കറ്റെടുക്കാം.