"ഞാൻ മലയാളത്തിൽ അഭിനയിക്കണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ചത് എന്റെ കുടുംബമാണ്. മലയാളിയാണെങ്കിലും എന്നെ തമിഴ് നടനായി കാണുന്നവരാണ് ഏറെയും. എന്റെ സ്വന്തം ഭാഷയിൽ ഒരു നല്ല ചിത്രത്തിൽ നായക വേഷത്തിൽ വരണമെന്ന് ഉണ്ടായിരുന്നു എല്ലാംകൊണ്ടും സമയം ശരിയായി വന്നത് അനന്തൻകാടിലൂടെയാണ്." മലയാളത്തിൽ നിന്ന് തമിഴിൽ എത്തി സൂപ്പർ താരമായി മാറിയ ആര്യയുടേതാണീ വാക്കുകൾ. സിനിമാ-ഫിറ്റ്നസ് വിശേഷങ്ങളുമായി ആര്യ മാതൃഭൂമി ഡോട്ട് കോമിനൊപ്പം ചേരുന്നു.

To advertise here,

'ഹോം കമിങ്' എന്തുകൊണ്ടാണ് വൈകിയത് ?

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിലേക്ക് വീണ്ടും എത്തുന്നത്. 2013-ൽ ഇറങ്ങിയ രാജാറാണിക്ക് ശേഷം തമിഴ് സിനിമകളിൽ തിരക്കായി. അതുമാത്രമല്ല, നല്ലൊരു തുടക്കം തന്നെ മലയാളത്തിൽ സംഭവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഇവിടെ സജീവമാകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ശരിയായ കോൺടാക്റ്റുകളോ സാഹചര്യമോ ഒത്തുവന്നില്ല. ഉറുമിയിലൂടെയാണ് ആദ്യമായി മലയാളത്തിൽ ഒരു കണക്ഷൻ ഉണ്ടാകുന്നത്. അതിന് ശേഷം ഓഗസ്റ്റ് സിനിമാസിന്റെ കൂടെ ചേർന്ന് കുറച്ച് പ്രൊഡക്ഷൻ ഒക്കെ ചെയ്തിരുന്നു. അങ്ങനെ പ്രൊഡക്ഷൻ ചെയ്യുന്ന പടത്തിൽ ഒരു അഞ്ചോ പത്തോ ദിവസം ഷൂട്ട് വേണ്ടി വരുന്ന കഥാപാത്രങ്ങൾ ചെയ്യാൻ പറ്റുമായിരുന്നു,

പക്ഷേ നായകനായി മലയാളത്തിൽ എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളുടെ ചെറിയ ശതമാനമെങ്കിലും നിറവേറ്റുന്ന ഒരു നല്ല ചിത്രം വേണമെന്ന നിർബന്ധവും ഈ തിരിച്ച് വരവ് വൈകിയതിന് കാരണമാണ്. ഞാൻ ഒരു മലയാള സിനിമ ചെയ്യണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ചത് എന്റെ കുടുംബമാണ്. നേരത്തെ ഗ്രേറ്റ് ഫാദർ പോലുള്ള സിനിമകളിൽ ഞാൻ മലയാളം സംസാരിച്ചപ്പോൾ അവർക്ക് വലിയ സന്തോഷമായിരുന്നു.

എന്തുകൊണ്ട് അനന്തൻകാട് ?

മുരളി ഗോപിയുടെ തിരക്കഥ, അതോടൊപ്പം ജിയെൻ കൃഷ്ണകുമാറിന്റെ സംവിധാനം ഇത് തന്നെയാണ് തിരിച്ചുവരവിനായി അനന്തൻകാട് തിരഞ്ഞെടുക്കാൻ പ്രധാന കാരണം. എന്റെ 'വെട്രി' എന്ന കഥാപാത്രം തമിഴ്നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്ന ഒരാളാണ്. തമിഴ് നടനായി എന്നെ കാണുന്ന മലയാളി പ്രേക്ഷകർക്ക് ഈ കഥാപാത്രം വേഗത്തിൽ കണക്ട് ചെയ്യാൻ സാധിക്കുമെന്നാണ് എനിക്ക് തോന്നിയത്.

'ഉറുമി' ഇന്നും എല്ലാവരുടെയും പ്രിയപ്പെട്ട ചിത്രമാണ്

ഉറുമി എന്റെ കരിയറിലെ പ്രധാന ചിത്രങ്ങളിൽ ഒന്നാണ്. സന്തോഷ് ശിവൻ സാർ നൽകിയ ആത്മവിശ്വാസത്തിലാണ് ആ സിനിമ ചെയ്തത്. അദ്ദേഹത്തോട് എന്നും കടപ്പാടുണ്ട്. എന്നെക്കൊണ്ട് ചിറക്കൽ പൊതുവാൾ എന്ന കഥപാത്രം ചെയ്യാൻ പറ്റുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. വെറും മൂന്ന് ദിവസത്തെ ഷൂട്ടിംഗ് മാത്രമായിരുന്നു എങ്കിലും ആ കഥാപാത്രം വലിയ ഇംപാക്ട് ഉണ്ടാക്കി. ആ സിനിമയ്ക്ക് ശേഷമാണ് പൃഥ്വിയുൾപ്പടെയുള്ളവരുമായി അടുപ്പമാകുന്നത്.
 

'നാൻ കടവുൾ' പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ സിനിമ

ബാല സാർ വിളിച്ച് ആവശ്യപ്പെട്ടതനുസരിച്ചാണ് നാൻ കടവുൾ ചെയ്യുന്നത്. ആ കഥാപാത്രത്തിനായി വാരണാസിയിലും മറ്റും ഒരുപാട് കാലം താടിയും മുടിയും വളർത്തി ജീവിച്ചു. മാനസികമായി എന്നെ മാറ്റിയ സിനിമയാണ് നാൻ കടവുൾ. ആത്മീയതയ്ക്ക് എന്നിൽ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചു.

ആര്യ - സന്താനം കോമ്പോ എന്നും പ്രേക്ഷകന് പ്രിയപ്പെട്ടതാണ്

സന്താനവുമായി നിങ്ങൾ സ്ക്രീനിൽ കാണുന്ന പോലെതന്നെ ഓഫ് സ്ക്രീനിലും അതേ കെമിസ്ട്രിയും അതേ ഫ്രണ്ട്ഷിപ്പും ഉണ്ട്. കുറേക്കാലമായി രാജാറാണി, ബോസ് എങ്കിറാ ഭാസ്കർ പോലുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട് ഞങ്ങൾക്ക്. സന്താനം ഹീറോ ആയി അഭിനയിക്കാൻ പോയി ശേഷം കോമഡി കഥാപാത്രങ്ങൾ ചെയ്തിരുന്നില്ല. അതുപോലൊരു സിനിമ ചെയ്യണ്ടേ മച്ചാ എന്ന് ഞങ്ങൾ പരസ്പരം ചോദിക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. അതിനുവേണ്ടിയിട്ടുള്ള ഒരു സ്ക്രിപ്റ്റ് സെലക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്.

മലയാളത്തിൽ ചെയ്യണമെന്ന് ആഗ്രഹിച്ച കഥാപാത്രം

മലയാള സിനിമകൾ ധാരാളം കാണാറുണ്ട്. ഈ അടുത്തിറങ്ങിയതിൽ ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ അവതരിപ്പിച്ച രംഗൻ എന്ന കഥാപാത്രം പ്രിയപ്പെട്ടതാണ്. അങ്ങനൊരു കഥാപാത്രം ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്.

കേരളം എന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ വരുന്നത് എന്താണ്?

കേരളം എന്റെ സ്വന്തം സ്ഥലമല്ലേ. തമിഴ്നാട് മിനി കേരളമാണ്, കാരണം എന്റെ കുടുംബം മുഴുവനും ഇപ്പോൾ അവിടെ തന്നെയാണല്ലോ. എങ്കിലും ഇവിടെ എനിക്കറ്റവും മിസ് ചെയ്യുന്നത് ഭക്ഷണം തന്നെയാണ്. അക്കാര്യത്തിൽ ഞാൻ ഡയറ്റ് നോക്കാറില്ല. ബിരിയാണി ആണ് ഏറ്റവും ഇഷ്ടം. പ്രത്യേകിച്ച് എന്റെ അമ്മ ഉണ്ടാക്കുന്ന ബിരിയാണി.

സൈക്ലിങ്ങും വ്യായാമവും ആര്യയെ സ്വാധീനിച്ചത് എങ്ങനെയാണ്?

സൈക്ലിങ്ങിനെ ഒരു മെഡിറ്റേഷൻ പോലെയാണ് ഞാൻ കാണുന്നത്. എന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ എടുത്താൽ മുഴുവൻ ഫിറ്റ്‌നസും ഫുട്ബോളും സംബന്ധമായ കാര്യങ്ങളാകും കാണാൻ സാധിക്കുക. സയേഷ ഇത് കണ്ട് പലപ്പോഴും തമാശയാക്കാറുണ്ട്. സാർപട്ടൈ പരമ്പര എന്ന സിനിമ കണ്ടതിനുശേഷം ഒരുപാട് പേരുടെ ട്രാൻസ്ഫർമേഷൻ വീഡിയോകൾ എനിക്ക് കിട്ടിയിട്ടുണ്ട്. ജീവിതത്തിൽ ഒരു വീഴ്ച്ച സംഭവിച്ചതിന് ശേഷം തിരിച്ച് വന്നവർ ഈ സിനിമ കണ്ടാണ് ഞങ്ങൾ ട്രെയ്നിങ് തുടങ്ങി ജീവിതം തിരിച്ചുപിടിച്ചതെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ കേൾക്കുമ്പോൾ വല്ലാത്ത സന്തോഷമാണ്. നമ്മൾ കാരണം, നമ്മുടെ ഒരു സിനിമ കാരണം ഒരു ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ സാധിച്ചുവെന്നത് സംതൃപ്തി നൽകുന്നുണ്ട്.