
ഹൈദരാബാദ്: 'പുഷ്പ 2' സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസില്‍ ജയില്‍ മോചിതനായ ശേഷം ആദ്യമായി പ്രതികരിച്ച് നടന്‍ അല്ലു അര്‍ജുന്‍. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ അല്ലു അന്വേഷണവുമായി സഹകരിക്കുമെന്നും അറിയിച്ചു. ജയില്‍ മോചിതനായി വീട്ടിലെത്തിയ ശേഷമാണ് നടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
'ആരാധകര്‍ ഉള്‍പ്പെടെയുള്ള നിരവധിപേര്‍ എനിക്ക് പിന്തുണയുമായെത്തി. അവര്‍ക്കെല്ലാവര്‍ക്കും നന്ദി പറയുകയാണ്. രാജ്യത്തെ നിമയം പാലിക്കുന്ന ഒരു പൗരനാണ് ഞാന്‍. അതുകൊണ്ടുതന്നെ അന്വേഷണവുമായി സഹകരിക്കും. തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ചത് വേദനാജനകമായ സംഭവമാണ്. ഒരിക്കലും അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ആ കുടുംബത്തിന്റെ കൂടെ എപ്പോഴുമുണ്ടാകും.'- അല്ലു വ്യക്തമാക്കി.
ശനിയാഴ്ച്ച രാവിലെയാണ് താരം ജയില്‍മോചിതനായത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലിന്റെ പിന്നിലെ ഗേറ്റ് വഴിയാണ് അല്ലു അര്‍ജുനെ പുറത്തിറക്കിയത്. പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡിയും അല്ലുവിനെ സ്വീകരിക്കാന്‍ ജയിലിന് മുന്നിലെത്തിയിരുന്നു. ജയിലില്‍ നിന്നിറങ്ങിയശേഷം അല്ലു ആദ്യം പോയത് സ്വന്തം ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ ഗീത ആര്‍ട്‌സിന്റെ ഓഫീസിലേക്കാണ്. അവിടെ കുറച്ചുനേരം ചെലഴിച്ച ശേഷമാണ് വീട്ടിലെത്തിയത്.
വീടിന് പുറത്ത് സഹോദരന്‍ അല്ലു സിരീഷും ഭാര്യ സ്‌നേഹ റെഡ്ഡിയും മക്കളും അല്ലുവിനെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കെട്ടിപ്പിടിച്ച് സന്തോഷക്കണ്ണീരോടെയാണ് സ്‌നേഹ അല്ലുവിനെ സ്വീകരിച്ചത്. നേരത്തെ പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് അല്ലു ഭാര്യയ്ക്ക് ചുംബനം നല്‍കിയിരുന്നു. ഭാര്യയെ ആശ്വസിപ്പിച്ച ശേഷമാണ് അല്ലു പോലീസിനൊപ്പം പോയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തിയാണ് അല്ലു അര്‍ജുനെ പോലീസ് അറസ്റ്റുചെയ്തത്.
തെലങ്കാന ഹൈക്കോടതി താരത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഉത്തരവ് വൈകി എത്തിയ പശ്ചാത്തലത്തിലാണ് ജയിലില്‍ കഴിയേണ്ടി വന്നത്. ഏകദേശം രാത്രി 11 മണിയോടെയാണ് ഇടക്കാല ജാമ്യ ഉത്തരവ് ചഞ്ചല്‍ഗുഡ ജയില്‍ സൂപ്രണ്ടിന് ലഭിച്ചത്. തടവുപുള്ളികളെ രാത്രി വൈകി മോചിതരാക്കാന്‍ ജയില്‍ ചട്ടം അനുവദിക്കുന്നില്ല. ജയിലിലെ എ1 ബാരക്കിലാണ് അല്ലു ഒരു രാത്രി കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകമാണ് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നടനാണെങ്കിലും പൗരനെന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നാലാഴ്ച്ചത്തെ ജാമ്യം നല്‍കിയത്.
Content Highlights: allu arjuns first response after leaving jail
Published: 14 Dec 2024, 09:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented