പ്രിയദർശൻ ചിത്രം ഹൈവാനിൽ തന്റേത് അടിമുടി വില്ലൻ കഥാപാത്രമാണെന്ന് നടൻ അക്ഷയ് കുമാർ. പൂർണാർഥത്തിൽ ഒരു വില്ലൻ കഥാപാത്രത്തെ താൻ ആദ്യമായി അവതരിപ്പിക്കുകയാണെന്നും അക്ഷയ് കുമാർ പറഞ്ഞു. അക്ഷയ് കുമാർ ആ കഥാപാത്രം ചെയ്യുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് പ്രിയദർശനും പറഞ്ഞു.

To advertise here,

'ചിത്രത്തിന്റെ പേരുപോലെ 'ഹൈവാനി'ൽ പൂർണമായും ഒരു വില്ലൻ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ എന്റെ കഥാപാത്രത്തിന് ഗ്രേ ഷേഡുകളൊന്നുമില്ല. സ്‌ക്രീനിൽ ഒരു സൈക്കോ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ചിത്രങ്ങളിലൂടെ കോമഡി, ഹൊറർ, ആക്ഷൻ, ഡ്രാമ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങൾ ചെയ്യാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ പൂർണാർഥത്തിൽ ഒരു വില്ലനായി അഭിനയിക്കുന്നത് ഇതാദ്യമാണ്', കഥാപാത്രത്തെക്കുറിച്ച് അക്ഷയ് കുമാർ പ്രതികരിച്ചു.

ചിത്രത്തിലെ അക്ഷയ് കുമാറിന്റെ വേഷത്തെക്കുറിച്ച് സംവിധായകൻ പ്രിയദർശനും മനസുതുറന്നു. 'ഭൂത് ബംഗ്ലായുടെ സെറ്റിൽ ഒരുദിവസം അക്ഷയ് ബീനി ധരിച്ചുവന്നു. ആ ലുക്ക് എനിക്ക് ഇഷ്ടമായി. ഹൈവാനിൽ അക്ഷയ് ബീനി ധരിക്കണം എന്നത് എന്റെ ആശയമായിരുന്നു. ഹൈവാന്റെ കഥ പറയുമ്പോൾ അദ്ദേഹം അത് ചെയ്യില്ല എന്ന് ഉറപ്പിച്ചുകൊണ്ട് ആ റോൾ ആര് ചെയ്യണം എന്ന് ഞാൻ ചോദിച്ചു. 'ഞാൻ ഇത് ചെയ്യട്ടേ' എന്ന് അക്ഷയ് ചോദിച്ചു. ഞാൻ അത്ഭുതപ്പെട്ടുപോയി. എന്റെ ചിത്രത്തിൽ അക്ഷയ് കുമാറിലെ നടന്റെ പൂർണമായ കഴിവ് പുറത്തെടുക്കാൻ ഇതൊരു അവസരമായി ഞാൻ കണ്ടു', പ്രിയദർശന്റെ വാക്കുകൾ.

അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന ഹൈവാൻ സെപ്റ്റംബർ 11-ന് തിയേറ്ററിലെത്തും. ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. കെ.വി.എൻ. പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നീ ബാനറുകളിൽ വെങ്കട് കെ. നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മോഹൻലാൽ നായകനായ 'ഒപ്പം' എന്ന മലയാള ചിത്രത്തിന്റെ ബോളിവുഡ് റീമേക്കാണ് ഹൈവാൻ എന്നാണ് സൂചന.

കേരളത്തിൽ ചിത്രീകരണം ആരംഭിച്ച 'ഹൈവാൻ', കൊച്ചി, വാഗമൺ, ഊട്ടി, മുംബൈ എന്നിവിടങ്ങളിൽ ആയാണ് പൂർത്തീകരിച്ചത്. മോഹൻലാലും ചിത്രത്തിൽ അതിഥിവേഷത്തിലുണ്ടെന്നാണ് സൂചന.