ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് സംവിധായകന്‍ ബോയപതി ശ്രീനു- നന്ദമൂരി ബാലകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്ന 'അഖണ്ഡ 2: താണ്ഡവം' ടീസര്‍ പുറത്ത്. ബാലകൃഷ്ണയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്ത് വിട്ടത്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ 'അഖണ്ഡ 2: താണ്ഡവം', ഇവരുടെ മുന്‍ ചിത്രമായ 'അഖണ്ഡ'യുടെ തുടര്‍ച്ചയാണ്.

To advertise here,

14 റീല്‍സ് പ്ലസ് ബാനറില്‍ രാംഅചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യഭാഗത്തേക്കാള്‍ വമ്പന്‍ ആക്ഷനും ഡ്രാമയും ഉള്‍പ്പെടുത്തിയാണ് രണ്ടാംഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ടീസര്‍ നല്‍കുന്ന സൂചന. സെപ്റ്റംബര്‍ 25-ന് ദസറയ്ക്ക് ചിത്രം ആഗോളറിലീസായെത്തും.

ഉഗ്രരൂപത്തില്‍ ത്രിശൂലവുമേന്തി മഞ്ഞുനിറഞ്ഞ ഹിമാലയത്തില്‍ ശിവഭഗവാന്റെ പ്രതിരൂപമായി ദുഷ്ട ശക്തികളെ നിഗ്രഹിക്കുന്ന ബാലകൃഷ്ണയുടെ കഥാപാത്രത്തെയാണ് ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സംഘട്ടന സംവിധായകരായ രാം-ലക്ഷ്മണന്റെ മേല്‍നോട്ടത്തിലാണ് ചിത്രത്തിലെ അതിശയിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്. തമന്‍ ഒരുക്കിയ പശ്ചാത്തലസംഗീതം ടീസറിന്റെ തീവ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. സംയുക്ത നായികാ വേഷം ചെയ്യുന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് 'അഖണ്ഡ 2: താണ്ഡവം' റിലീസ് ചെയ്യുക.

രചന: ബോയപതി ശ്രീനു, സംഗീതം: തമന്‍ എസ്, ഛായാഗ്രഹണം: സി. രാംപ്രസാദ്, സന്തോഷ് ഡി, എഡിറ്റര്‍: തമ്മിരാജു, കലാസംവിധാനം: എ.എസ്. പ്രകാശ്, സംഘട്ടനം: റാം-ലക്ഷ്മണ്‍, മാര്‍ക്കറ്റിങ്: ഫസ്റ്റ് ഷോ, പിആര്‍ഒ: ശബരി.