കഴിഞ്ഞ കുറച്ചുദിവസങ്ങളായി താരസംഘടനയായ അമ്മയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് വാർത്തകളിലെ സ്ഥിരം സാന്നിധ്യമാണ് നടി അൻസിബ ഹസൻ. ഇപ്പോഴിതാ നടൻ മോഹൻലാലിനൊപ്പമുള്ള ചിത്രം സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. ആ സ്നേഹവും കരുതലും ഒരുപോലെ തുടരുന്നു എന്ന ക്യാപ്ഷനോടെയാണ് അൻസിബ ചിത്രം പങ്കുവെച്ചത്.

To advertise here,

ഓൺസ്ക്രീനിലും ഓഫ്സ്ക്രീനിലും ആ സ്നേഹവും കരുതലും ഒരുപോലെ തുടരുന്നു എന്നാണ് ചിത്രത്തിന് അൻസിബ നൽകിയ ക്യാപ്ഷൻ. ഇരുവരും അച്ഛനും മകളുമായി അഭിനയിച്ച ദൃശ്യം സിനിമയുടെ മൂന്നാംഭാഗം അടുത്തിടെയാണ് പുറത്തുവന്നത്. ദൃശ്യം സിനിമയുടെയും ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരുകളും അൻസിബ ഹാഷ്ടാഗായി പങ്കുവെച്ചിട്ടുണ്ട്.

തന്നെ അധിക്ഷേപിച്ച് ഒറ്റപ്പെടുത്താൻ ജനപ്രതിനിധിയും കൂട്ടുനിന്നുവെന്നും ലക്ഷങ്ങൾ ഒഴുക്കി പി.ആർ. ഏജൻസികളെക്കൊണ്ട് തനിക്കെതിരെ ഗൂഢാലോചന മെനയുകയാണെന്നും അൻസിബ ഇന്ന്(വെള്ളി) ആരോപിച്ചിരുന്നു. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് അൻസിബയുടെ ഗുരുതര ആരോപണം.

'എന്റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം 'മേത്തച്ചി'യാക്കി, പിന്നെ 'ജിഹാദി'യാക്കി, മതപരിവർത്തനത്തിന്റെ പേരിൽ എന്നെ ഒറ്റപ്പെടുത്തി. ജനപ്രതിനിധി മുതൽ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകൻ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: 'തളരരുത്'. ചാരുകസേരയിൽ ഇരുന്ന് അവർ എന്റെ സ്വഭാവഹത്യ നടത്തി. മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരിൽ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോൾ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകൾ നീളുന്നു', അൻസിബ ആരോപിച്ചു.

സാമൂഹികമാധ്യമങ്ങളിൽ വ്യാജവും അശ്ലീലം നിറഞ്ഞതുമായ വീഡിയോ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് അൻസിബ കൊച്ചി പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നു. രാജിവെച്ച അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ, വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ എന്നിവർക്കെതിരെയാണ് പരാതി. അമ്മ ഭാരവാഹിത്വം രാജിവെച്ചു പോകേണ്ടിവന്നതിലെ വ്യക്തിവൈരാഗ്യം മൂലം ലക്ഷ്മിപ്രിയയും ശ്വേതാ മേനോനും ചേർന്ന് തന്നെ വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അധിക്ഷേപിക്കാനുമായി വ്യാജമായ കാര്യങ്ങൾ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുകയാണെന്ന് അൻസിബ ആരോപിച്ചു.

രാജിവെച്ച് പോയതിന് ശേഷം ശ്വേത തിരുവനന്തപുരത്തുള്ള സാമൂഹികമാധ്യമ പി.ആർ. ഏജൻസിയുമായി ചേർന്ന് വ്യാജ കാര്യങ്ങൾ പ്രചരിപ്പിക്കാനായി നിയമവിരുദ്ധമായ കരാറുകളിൽ എർപ്പെട്ടു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണം. ലക്ഷ്മിപ്രിയ പ്രചരിപ്പിച്ച വീഡിയോയിലെ പരാമർശങ്ങൾ അശ്ലീലവും സ്ത്രീയെന്ന നിലയിൽ തന്റെ അന്തസ്സിനെയും മര്യാദയെയും തകർക്കുന്നതും പൊതുസമൂഹമധ്യത്തിൽ തന്നെ അപകീർത്തിപ്പെടുത്തുന്നതുമാണ്. ലക്ഷ്മിപ്രിയക്കും ശ്വേതാ മേനോനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.