ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് നടി അഹാന കൃഷ്ണ. നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ കടുത്ത പ്രതികരണമാണ് താരം പങ്കുവെച്ചത്. പരീക്ഷാ ക്രമക്കേടുകളിൽ കടുത്ത നടപടി വേണമെന്ന് നടി ആവശ്യപ്പെട്ടു. വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയെ പിന്തുണച്ച് പിതാവ് കൃഷ്ണകുമാർ രംഗത്തെത്തിയതിന് പിന്നാലെയാണ് നടി പ്രതികരണം.

To advertise here,

'തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് വേദനാജനകമാണ്. ഓരോ പരീക്ഷയ്ക്ക് പിന്നിലും നമ്മൾ കാണാത്ത ഒരു കഥയുണ്ട് - വർഷങ്ങളുടെ തയ്യാറെടുപ്പ്, ത്യാഗം, കഠിനാധ്വാനം എവിടെയെങ്കിലും എത്തിക്കുമെന്ന ഉറച്ച വിശ്വാസം. ഓരോ വാർത്തയ്ക്കും പിന്നിൽ സ്വപ്നങ്ങളുള്ള കുറച്ച് ചെറുപ്പക്കാരും, അവരുടെ മികച്ചൊരു ഭാവി പ്രതീക്ഷിച്ചു കഴിയുന്ന കുടുംബങ്ങളുമുണ്ട്', അഹാന കുറിച്ചു.

'വർഷങ്ങളോളം തയ്യാറെടുത്ത്, പരീക്ഷയുടെ തലേദിവസം അത് റദ്ദാക്കപ്പെട്ടപ്പോൾ തളർന്നുപോയ സുഹൃത്തുക്കളെ എനിക്കടുത്തറിയാം. അത് എത്രമാത്രം വിനാശകരമാണെന്ന് ഞാൻ കണ്ടിട്ടുണ്ട്. അത് അവരുടെ പ്ലാനുകളെ മാത്രമല്ല, നീതിയെക്കുറിച്ചുള്ള അവരുടെ സങ്കൽപ്പങ്ങളെത്തന്നെ എങ്ങനെയൊക്കെയാണ് തകർത്തു കളയുന്നതെന്നും ഞാൻ കണ്ടിട്ടുണ്ട്', അവർ ചൂണ്ടിക്കാട്ടി.

'ഇത് എല്ലാവർക്കും ഒരുപോലെയല്ല. സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തിലെ കുട്ടിയെ സംബന്ധിച്ച് തിരിച്ചടികൾ കേവലം ഒരു തിരിച്ചടി മാത്രമായിരിക്കാം. എന്നാൽ വളരെ പരിമിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരു കുടുംബത്തിലെ കുട്ടിയെ സംബന്ധിച്ച്, അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്ന ഒരേയൊരു വഴിയാണ് വിദ്യാഭ്യാസം.ആ വിശ്വാസം തകരുമ്പോൾ, നഷ്ടപ്പെടുന്നത് ഒരു പരീക്ഷ മാത്രമല്ല... ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്', അഹാന അഭിപ്രായപ്പെട്ടു.

'ഇത്തരം വീഴ്ചകൾക്ക് ഉത്തരവാദികളായവർ ആരായാലും, ഒരു ഒഴിവുകഴിവുമില്ലാതെ അവർ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം. സുതാര്യവും നീതിയുക്തവും തങ്ങളുടെ വിശ്വാസത്തിന് അർഹവുമായ ഒരു സംവിധാനം നമ്മുടെ കുട്ടികൾ അർഹിക്കുന്നുണ്ട്. ഒരു കുട്ടിക്കും ഇനി ഇത്തരം ഈ ഭാരം പേറേണ്ടി വരില്ലെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. ഒരിക്കൽ നൽകിയ പ്രതീക്ഷകൾ ഇത്ര എളുപ്പത്തിൽ ഇല്ലാതാകാതിരിക്കുന്ന ഒരു നാളേക്ക് വേണ്ടി', അവർ കുറിച്ചു.

വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ അടിച്ചമർത്തൽ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ രംഗത്തെത്തിയിരുന്നു. 'കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ, പിന്നെയാ ഡൽഹി', എന്നെഴുതിയ പോസ്റ്റർ ആയിരുന്നു കൃഷ്ണകുമാർ പങ്കുവെച്ചത്.