വെണ്ണല തൈക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി നടി ഷക്കീല. കേരളത്തില്‍ വീണ്ടും വരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഷക്കീല പറഞ്ഞു. ഗംഭീര വരവേല്‍പ്പാണ് ഷക്കീലയ്ക്ക് ക്ഷേത്രത്തില്‍ ലഭിച്ചത്. ഒട്ടേറെയാളുകള്‍ ഷക്കീലയെ കാണാന്‍ എത്തിയിരുന്നു.

To advertise here,

'ഇവിടെ വരാന്‍ കഴിഞ്ഞത് നിയോഗമാണ്. അന്ന് ഞാന്‍ കോഴിക്കോട് മാളിലേക്ക് വരുന്നത് പ്രശ്‌നമായിരുന്നു. ഇപ്പോള്‍ എനിക്ക് മനസിലായി ദൈവത്തിന് കൃത്യമായ പദ്ധതികളുണ്ട്. ആ മാളില്‍ എന്നെ കാണാന്‍ ഇരുന്നൂറോ മുന്നൂറോ ആളുകള്‍ വരുമായിരിക്കും. പക്ഷെ ഇന്ന് ഞാന്‍ ആയിരങ്ങളുടെ മുന്നിലാണ് നില്‍ക്കുന്നത്. ഇത് ഭഗവാന്‍ ശിവന്‍ എനിക്ക് കരുതി വച്ചിരുന്നതാണ്. അന്നെനിക്ക് കിട്ടാതെ പോയത് വളരെ നന്നായി കാരണം ഇന്ന് എനിക്ക് എല്ലാവരെയും കാണാന്‍ ഒരവസരം ലഭിച്ചു- ഷക്കീല പറഞ്ഞു. 

ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് ഷക്കീല ആയിരുന്നു മുഖ്യാതിഥി. എന്നാല്‍ പരിപാടി റദ്ദായി. ഷക്കീല അതിഥിയായതിനാലാണ് മാള്‍ അധികൃതര്‍ പരിപാടി റദ്ദാക്കിയതെന്ന് ഒമര്‍ ലുലു ആരോപിച്ചു. അതിന് ശേഷം നടി പ്രതികരണവുമായി എത്തിയിരുന്നു.

എന്നാല്‍ ഒമര്‍ ലുലുവിന്റെ ആരോപണം മാള്‍ അധികൃതര്‍ നിഷേധിച്ചു. ചെറിയ പരിപാടിയാണ് സംഘടിപ്പിക്കുന്നതെന്നാണ് സംവിധായകന്‍ അറിയിച്ചത്. നടി ഷക്കീല പങ്കെടുക്കുന്ന കാര്യം അവസാന നിമിഷമാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തപ്പോഴാണ് അറിഞ്ഞത്. അതിഥികളുണ്ടെങ്കില്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതുണ്ട്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അത് ചെയ്തില്ലെന്നും മാള്‍ അധികൃതര്‍ പറഞ്ഞു.