
മലയാളതാരങ്ങൾക്കൊപ്പം അഭിനയിച്ച അനുഭവം തുറന്നുപറഞ്ഞ് നടി സാമന്ത. വാർപ്പുമാതൃകകളെ ഭേദിക്കാനും കാണികളെ അമ്പരപ്പിക്കാനും അപാരമായ കഴിവുള്ളവരാണ് മലയാളത്തിൽ നിന്നുള്ള താരങ്ങളെന്നാണ് സാമന്തയുടെ പക്ഷം. പുതിയ ചിത്രമായ ശാകുന്തളത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
മലയാളസിനിമയിലെ നടന്മാർക്കൊപ്പം പ്രവർത്തിച്ചപ്പോൾ മറ്റുഭാഷാ നടന്മാരിൽ നിന്ന് എന്ത് വ്യത്യാസമാണ് അനുഭവപ്പെട്ടത് എന്നായിരുന്നു സാമന്തയോടുള്ള ഒരു ചോദ്യം. ഒരു ആക്ടിങ് സ്കൂളിൽ പഠിക്കുന്നതുപോലെ എന്നായിരുന്നു ഇതിന് സാമന്ത നൽകിയ മറുപടി. ഭൂരിഭാഗം പേർക്കും അസാമാന്യ കഴിവാണുള്ളത്. അതുകൊണ്ട് തന്നെ മലയാളസിനിമയോട് അസൂയ തോന്നുന്നുവെന്നും അവർ പറഞ്ഞു.
"ഒരു മലയാളതാരത്തിനൊപ്പം അഭിനയിക്കുമ്പോൾ ആക്ടിങ് സ്കൂളിൽ പോകുന്നതുപോലെയാണ് തോന്നിയിട്ടുള്ളത്. അവർ നിങ്ങളെ അദ്ഭുതപ്പെടുത്തും. ഫഹദ് ഫാസിലിനെ ഉദാഹരണമായെടുത്താൽ നിങ്ങൾ മനസിൽ കാണുന്ന കാര്യമായിരിക്കില്ല അദ്ദേഹം ചെയ്യുക. മലയാളത്തിലെ ഒരുവിധത്തിൽപ്പെട്ട നടന്മാർക്കെല്ലാം അങ്ങനെയൊരു കഴിവുണ്ട്. അത് വളരെ പ്രചോദനം നൽകുന്ന കാര്യമാണ്. നടിമാരുടെ കാര്യവും അങ്ങനെതന്നെ." അവർ കൂട്ടിച്ചേർത്തു.
2019-ൽ പുറത്തിറങ്ങിയ സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലും കഴിഞ്ഞവർഷം പുറത്തിറങ്ങിയ യശോദയിൽ ഉണ്ണി മുകുന്ദനുമായിരുന്നു സാമന്തയ്ക്കൊപ്പം എത്തിയ മലയാളി താരങ്ങൾ. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ദേവ് മോഹനാണ് ഇത്തവണ സാമന്തയ്ക്കൊപ്പമുള്ള മലയാളി സാന്നിധ്യം. 'ദുഷ്യന്തനാ'യാണ് ശാകുന്തളത്തിൽ ദേവ് വേഷമിടുന്നത്. ഗുണശേഖർ ആണ് 'ശാകുന്തളം' സംവിധാനം ചെയ്തിരിക്കുന്നത്.
'ശകുന്തള'യുടെ വീക്ഷണകോണിൽ നിന്നുള്ളതായിരിക്കും ചിത്രം. അല്ലു അർഹ, സച്ചിൻ ഖേഡേക്കർ, കബീർ ബേദി, ഡോ. എം മോഹൻ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുണ ടീം വർക്സിന്റെ ബാനറിൽ നീലിമ ഗുണ നിർമ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുഗു ഉൾപ്പടെ അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം ത്രീഡിയിൽ ആണ് റിലീസ് ചെയ്യുക.
Content Highlights: actress samantha about acting with malayalam actors, shaakuntalam movie press meet kochi
Published: 03 Apr 2023, 06:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented