തിരുവനന്തപുരം: താൻ ഹൈക്കോടതിയിൽ നൽകിയ ഹർജി പരി​ഗണിച്ച് ഹേമാ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്ച പുറത്തുവിടാത്തതിൽ മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് നടി രഞ്ജിനി. സ്വകാര്യത സംബന്ധിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ കമ്മീഷന് മുന്നിൽ മൊഴികൊടുക്കാൻ പോകില്ലല്ലോ എന്ന് അവർ പറഞ്ഞു.

To advertise here,

എല്ലാവർക്കും നീതി കിട്ടണമെന്നും സിനിമാ മേഖലയിൽ ഒരു ട്രിബ്യൂണൽ വേണമെന്നും രഞ്ജിനി മാധ്യമങ്ങളോട് പറഞ്ഞു. വിനോദ മേഖലയിൽ വളരെ ​ഗൗരവമുള്ള സംഭവങ്ങളാണ് നടക്കുന്നത്. ഇതെല്ലാം നിർത്തേണ്ടിയിരിക്കുന്നു. അമ്മ പോലുള്ള സംഘടനകളിലൊന്നും പരാതിയുമായി പോയിട്ട് കാര്യമില്ല. അതുകൊണ്ടാണ് കമ്മീഷന് മുമ്പാകെ ചെന്നത്. എന്റെ മൊഴി അവർ രേഖപ്പെടുത്തി. അതിന്റെ പകർപ്പ് ബന്ധപ്പെട്ടവർ തന്നിട്ടില്ല. അതിലെന്താണ് എഴുതിയിരിക്കുന്നതെന്ന് തനിക്കറിയണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു.

"സ്വകാര്യതയെ ഹനിക്കുന്ന കാര്യങ്ങളുണ്ടാവില്ല എന്നൊക്കെ എല്ലാവരും പറയുന്നതാണ്. പക്ഷേ അത് എനിക്ക് നേരിൽക്കാണണ്ടേ? കണ്ടിട്ട് പുറത്തുവിടാമല്ലോ. ഈ റിപ്പോർട്ട് പുറത്തുവരാൻ അഞ്ചുവർഷം നമ്മൾ കാത്തിരുന്നു. അത് പുറത്തുവരാഞ്ഞിട്ട് മാധ്യമങ്ങളാണ് അക്ഷമ കാണിക്കുന്നത്. റിപ്പോർട്ടിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ വൈകിയിട്ടില്ല. സംസ്ഥാന വനിതാ കമ്മീഷൻ ഇതേക്കുറിച്ച് ചോദിക്കുമെന്നാണ് ഞാൻ കരുതിയത്. അത് ചോ​ദിക്കാത്തതുകൊണ്ടാണ് ഞാൻ കോടതിയെ സമീപിച്ചത്."

റിപ്പോർട്ട് പുറത്തുവരികതന്നെ വേണം. തിങ്കളാഴ്ചവരെ സമയമുണ്ടല്ലോ. കോടതിയെ ബഹുമാനമുണ്ട്. റിപ്പോർട്ട് ശനിയാഴ്ച പുറത്തുവരാതെ തടഞ്ഞതിന് മുഖ്യമന്ത്രിയോട് പ്രത്യേകം നന്ദി പറയുന്നുവെന്നും രഞ്ജിനി പറഞ്ഞു.