
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഉള്ളടക്കം മൊഴികൊടുക്കുന്നവർ അറിയാതെ എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നതെന്ന് നടി രഞ്ജിനി. കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയ താനുൾപ്പടെയുള്ളവർക്ക് റിപ്പോർട്ടിൻ്റെ കോപ്പി നൽകിയില്ലെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന ഹർജി നൽകിയതിന് പിന്നാലെ മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിക്കുകയായിരുന്നു നടി.
'ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഉള്ളടക്കം അറിയാതെ എങ്ങനെ അത് പ്രസിദ്ധീകരിക്കും. റിപ്പോർട്ട് പുറത്തുവിടണ്ട എന്നല്ല ഞാൻ പറയുന്നത്. എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് അറിയണം. ഞാൻ പറഞ്ഞ കാര്യങ്ങളിൽ എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് എനിക്ക് അറിയില്ല. അവർ എനിക്ക് അതിൻ്റെ കോപ്പി നൽകിയിട്ടില്ല. അങ്ങനെയുള്ളപ്പോൾ എങ്ങനെ റിപ്പോർട്ട് വെളിപ്പെടുത്തും. ആരെങ്കിലും ഈ ചോദ്യം ചോദിക്കുമെന്ന് ഞാൻ കരുതി. വനിത കമ്മീഷൻ പോലും ഇക്കാര്യം ചോദിച്ചില്ല. സ്വകാര്യത സംരക്ഷിക്കുമെന്ന് പറഞ്ഞിട്ടാണ് മൊഴി രേഖപ്പെടുത്തിയത്. റിപ്പോർട്ട് വിശദമായി പഠിക്കണം.
അവസാന നിമിഷം എനിക്ക് എൻ്റെ അവകാശത്തിന് വേണ്ടി ചോദ്യമുയർത്തേണ്ടി വന്നു. റിപ്പോർട്ട് രഹസ്യമായി വെച്ചിട്ടുണ്ടെന്ന് പറയുന്നുവെങ്കിലും അതിലെന്താണ് എഴുതി വെച്ചേക്കുന്നതെന്ന് അറിയാനുള്ള അവകാശം ഞങ്ങൾക്കില്ലേ. ആദ്യം മൊഴികൊടുത്ത എല്ലാവർക്കും റിപ്പോർട്ടിൻ്റെ പകർപ്പ് കൊടുക്കണം. ഞങ്ങൾക്ക് സമ്മതമാണെങ്കിൽ മാത്രമേ റിപ്പോർട്ട് പ്രസിദ്ധീകരിക്കാവൂ. സർക്കാർ കമ്മിറ്റി രൂപീകരിച്ചത് നല്ല കാര്യം. പക്ഷേ കോപ്പി ഉറപ്പായും നൽകണം. വനിത കമ്മീഷൻ വനിതകൾക്ക് വേണ്ടി പോരാടുമെന്ന് കരുതിയാണ് ഞാൻ ഒന്നും ചെയ്യാതിരുന്നത്. പക്ഷേ വനിത കമ്മീഷൻ റിപ്പോർട്ട് കണ്ടിട്ടില്ല. കാണാതെ എങ്ങനെ ഇവർ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ പറയുന്നത്. അതിലൊന്നും ഇല്ലെന്ന് ഇവർക്ക് എന്ത് ഉറപ്പാണുള്ളത്. റിപ്പോർട്ട് പുറത്തുവരണം, പക്ഷേ അതിന് മുൻപ് ഞങ്ങൾക്ക് അത് കാണണം. ഹേമ കമ്മീഷൻ രൂപീകരണത്തിനും റിപ്പോർട്ട് പുറത്ത് വരുന്നതിന് പിന്നിലും ഡബ്ല്യുസിസി വലിയ അധ്വാനം ചെയ്തിട്ടുണ്ട്', രഞ്ജിനി പറഞ്ഞു.
സർക്കാർ ശനിയാഴ്ച (ഓഗസ്റ്റ് 17) റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് നടി ഹെെക്കോടതിയെ സമീപിച്ചത്. മുമ്പ് കോടതിയെ സമീപിക്കാത്ത ഹർജിക്കാരിക്ക് അപ്പീൽ സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് അനുമതി നൽകുകയായിരുന്നു. റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന ഹർജിയിൽ ഹെെക്കാടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. തിങ്കളാഴ്ച ഹർജി പരിഗണിക്കണമെന്നും കോടതി അറിയിച്ചു.
നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട് ഓഗസ്റ്റിന് 17-ന് പുറത്തുവിടുമെന്നാണ് അറിയിച്ചിരുന്നത്. 233 പേജുള്ള റിപ്പോർട്ട് പുറത്തുവിടുമെന്നാണ് വിവരങ്ങൾ. നേരത്തെ പരസ്യമാക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങൾ ഒഴിവാക്കിത്തന്നെയാണ് റിപ്പോർട്ട് പുറത്തുവിടുക.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴിൽസാഹചര്യങ്ങളുമൊക്കെ പഠിക്കാൻ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്. മുൻ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗ സമിതി ഏറെ ശ്രദ്ധയാണ് തുടക്കം മുതലേ നേടിയത്.
2017-ൽ നിയോഗിക്കപ്പെട്ട സമിതി ആറു മാസത്തിനകം പഠനറിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറിൽ കമ്മീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
Content Highlights: actress ranjini hema committee report
Published: 16 Aug 2024, 06:22 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented