ലൗ ഇൻഷുറൻസ് കമ്പനി എന്ന ചിത്രത്തിനെതിരെ രൂക്ഷമായ വിമർശനവുമായി നടി മാനുഷി ഖൈർ. ഇൻസ്റ്റാഗ്രാമിലൂടെയാണ് അവർ പരിഹാസ പോസ്റ്റ് പങ്കുവെച്ചത്. പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ലൗ ഇൻഷുറൻസ് കമ്പനി. പ്രഖ്യാപനം മുതൽ വലിയ ഹൈപ്പ് സൃഷ്ടിച്ച ചിത്രത്തിന് റിലീസിനുശേഷം സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

To advertise here,

തിയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ സ്ക്രീനിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അന്തംവിട്ടിരിക്കുന്ന തന്റെ ഒരു വീഡിയോ ആണ് മാനുഷി പോസ്റ്റ് ചെയ്തത്. ‘കിഡ്‌നി ടച്ചിങ് മൂവി ഓഫ് ദി ഇയർ’ എന്ന പരിഹാസരൂപേണയുള്ള വരികളോടെയാണ് മാനുഷി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ തിരക്കഥയിലെയും മേക്കിങ്ങിലെയും പോരായ്മകളെയാണ് മാനുഷി തമാശരൂപേണ വിമർശിച്ചത്.

ഫ്യൂച്ചറിസ്റ്റിക് സയൻസ് ഫിക്ഷൻ ചിത്രമായാണ് ലൗ ഇൻഷുറൻസ് കമ്പനി തിയേറ്ററുകളിലെത്തിയത്. കൃതി ഷെട്ടി നായികയാകുന്ന ചിത്രത്തിൽ എസ്.ജെ. സൂര്യയും പ്രധാനവേഷത്തിലുണ്ട്.

ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളിതാരമാണ് മാനുഷി ഖൈർ. 15-ാം വയസ്സിൽ മോഡലിങ്ങിലൂടെയാണ് മാനുഷി കരിയർ ആരംഭിച്ചത്. ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെയാണ് അവർ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ ബ്ലെസി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ചൊരു തിയറ്റർ ആർട്ടിസ്റ്റ് കൂടിയാണ് മാനുഷി.