നടി ഖുശ്ബു സുന്ദറിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മൂത്ത മകൾ അവന്തിക സുന്ദറിന്റെ വിവാഹം ഗോവയിലെ ഒരു ആഡംബര റിസോർട്ടിൽ വെച്ച് നടന്നു. ശ്രാവൺ ശ്രീനിവാസനാണ് അവന്തികയുടെ വരൻ. സിനിമാ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത ഈ വിവാഹ ചടങ്ങ് താരസമ്പന്നമായ ഒരു ആഘോഷമായി മാറി. ഖുശ്ബുവിനും സുന്ദർ സിക്കും അവന്തികയെ കൂടാതെ അനന്ദിത എന്നൊരു മകൾ കൂടി ഉണ്ട്.

To advertise here,

ദക്ഷിണേന്ത്യൻ ചലച്ചിത്ര ലോകത്തെ വൻതാരനിരയാണ് വിവാഹത്തിൽ പങ്കെടുക്കാൻ ഗോവയിൽ എത്തിയത്. തെലുങ്ക് സൂപ്പർ താരങ്ങളായ ചിരഞ്ജീവി, നാഗാർജുന അക്കിനേനി, വെങ്കിടേഷ് എന്നിവരും അമല അക്കിനേനി, തൃഷ കൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ ചെന്നൈയിലെ വസതിയിലെത്തി നേരിട്ട് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം വിവാഹ ചടങ്ങിൽ പങ്കെടുത്തില്ല. പ്രമുഖ താരങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

ബോളിവുഡിൽ നിന്നും ജാക്കി ഷ്രോഫ്, അനിൽ കപൂർ എന്നിവരും വിവാഹത്തിൽ പങ്കെടുത്ത് അതിഥികളുമായി സംവദിച്ചു. പരമ്പരാഗത ദക്ഷിണേന്ത്യൻ വേഷമായ മുണ്ടും വേഷ്ടിയും ധരിച്ചാണ് താരങ്ങൾ ചടങ്ങിൽ എത്തിയത് എന്നത് ശ്രദ്ധേയമായി. താരങ്ങളുടെ ഈ ലളിതവും മനോഹരവുമായ ലുക്ക് ആരാധകർക്കിടയിൽ വലിയ ചർച്ചാവിഷയമായിട്ടുണ്ട്.

വിവാഹത്തിന് മുന്നോടിയായി ഖുശ്ബുവും സുന്ദർ സിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് ക്ഷണം നൽകിയിരുന്നു. ദില്ലിയിൽ വെച്ച് നടന്ന ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഖുശ്ബു സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും പ്രധാനമന്ത്രിയുടെ അനുഗ്രഹത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

വിവാഹ ചടങ്ങിനിടെ തെന്നിന്ത്യൻ താരം തൃഷ സൂപ്പർ താരം ചിരഞ്ജീവിയുമായും അദ്ദേഹത്തിന്റെ ഭാര്യയുമായും സംസാരിച്ചിരിക്കുന്ന വീഡിയോകൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. 80-കളിലെ പ്രമുഖ താരങ്ങളെല്ലാം ഒരേ ഫ്രെയിമിൽ എത്തിയ ഈ വിവാഹ ചടങ്ങ് സിനിമാ പ്രേമികൾക്ക് ഒരു വലിയ വിരുന്നായി മാറി.