തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവാളികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ പ്രതീക്ഷിച്ചുവെന്ന് സംവിധായകന്‍ കമല്‍. പരമാവധി ശിക്ഷ ആര്‍ക്കും ലഭിച്ചില്ല. നീതി നടപ്പായിട്ടില്ലെന്നും അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നാണ് മനസിലാക്കുന്നതെന്നും കമല്‍ പറഞ്ഞു. അതേസമയം, കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നത്‌ പൊതുസമൂഹത്തിന്റെ ആഗ്രഹമായിരുന്നുവെന്ന്ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ. മധു പറഞ്ഞു. ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു ഇരുവരും.

To advertise here,

നീചമായ പ്രവര്‍ത്തിയാണ് പ്രതികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കൂടുതല്‍ ശിക്ഷ ലഭിക്കണമെന്ന് വ്യക്തിപരമായി ആഗ്രഹിച്ചു. കോടതിവിധിയില്‍ അഭിപ്രായം പറയാനില്ല. സൈബര്‍ അധിക്ഷേപം പോലുള്ള കാര്യങ്ങളെ അപലപിക്കുന്നു. കെ. മധു പറഞ്ഞു.

പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ആണ് ആറ് പ്രതികൾക്കും 20 വർഷം കഠിനതടവ്  വിധിച്ചത്.  പ്രതികളുടെ പ്രായം, കുടുംബപശ്ചാത്തലം, ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം എന്നിവ കണക്കിലെടുത്താണ് പരമാവധി ശിക്ഷ നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞത്.

പള്‍സര്‍ സുനിയെ കൂടാതെ, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞിട്ടുള്ളത്.

നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ എട്ടാംപ്രതി നടന്‍ ദിലീപ് ഉള്‍പ്പെടെ നാലുപ്രതികളെ കോടതി വെറുതേ വിട്ടിരുന്നു. മികച്ച രീതിയില്‍ എഴുതിയ ഒരു തിരക്കഥ ക്രൂരമായി ചുരുളഴിയുന്നതാണ് ദൃശ്യമായതെന്നാണ് അന്ന് വിധി പുറത്തുവന്നതിനുപിന്നാലെ പാര്‍വതി കുറിച്ചത്.

നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നകേസില്‍ വിധിവരുന്നത് സംഭവം നടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ്. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്.