ൻസിബ ഹസന്റെ പരാതിയിൽ ലക്ഷ്മിപ്രിയയ്ക്കെതിരെ കേസെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എഫ്ഐആറിലെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പോലീസ് സ്റ്റേഷനിൽ വെച്ച് എസ്.ഐയുടെ സാന്നിധ്യത്തിൽ അൻസിബയെ ലക്ഷ്മിപ്രിയ ചോദ്യം ചെയ്തെന്ന് എഫ്ഐആറിൽ പറയുന്നു. പത്തോളം വകുപ്പുകൾ ചുമത്തിയാണ് ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്.ഐ രേഷ്മ, ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയേഷ് എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

To advertise here,

ലക്ഷ്മിപ്രിയയുടെ പരാതിയിൽ അൻസിബയെ ജയിലിലിടുമെന്ന് എസ്.ഐ രേഷ്മ ഭീഷണിപ്പെടുത്തിയെന്നാണ് പുറത്തുവന്നിരിക്കുന്ന സുപ്രധാനവിവരം. അൻസിബയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി തടഞ്ഞുവെച്ചു. ഭീഷണിപ്പെടുത്തി സ്റ്റേഷൻ റെക്കോർഡിൽ ഒപ്പിടാൻ നിർബന്ധിച്ചു. അൻസിബ പറഞ്ഞതിന് വിപരീതമായി രേഖകൾ തയ്യാറാക്കി ഉപയോഗിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.
 

ഒരു വ്യാജ പരാതിയുടെ പേരിൽ തന്നെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മണിക്കൂറുകളോളം അധിക്ഷേപിച്ചുവെന്നും എസ്.ഐയുടെ സാന്നിധ്യത്തിൽ ലക്ഷ്മിപ്രിയ തന്നെ ചോദ്യം ചെയ്തുവെന്നുമാണ് അൻസിബയുടെ പരാതി. ആദ്യം ഈ പരാതിയിൽ കഴമ്പില്ലെന്ന് പറഞ്ഞ് പോലീസ് തള്ളിയെങ്കിലും അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു. പോലീസ് കേസെടുക്കാൻ തയ്യാറാകുന്നില്ല എന്ന ഹർജി പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിനോട് കേസെടുക്കാൻ നിർദ്ദേശിച്ചത്.

നേരത്തേ നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയും ആദ്യഘട്ടത്തിൽ പോലീസ് അവഗണിക്കുകയും പിന്നീട് കോടതിയുടെ ഇടപെടലിനെ തുടർന്ന് പരാതിയിൽ കേസെടുക്കുകയും ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങൾ ഇങ്ങനെ:

ലക്ഷ്മിപ്രിയ നൽകിയ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ മുൻപ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ ഈ പരാതി വ്യാജമാണെന്നും, തന്നെ മാനസികമായി പീഡിപ്പിക്കാനാണ് ലക്ഷ്മിപ്രിയ ശ്രമിച്ചതെന്നും അൻസിബ ആരോപിച്ചു. നിയമവിരുദ്ധമായി തന്നെ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചതായും അൻസിബ തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സ്റ്റേഷനിൽ വെച്ച് തന്നെക്കൊണ്ട് നിർബന്ധിതമായി മാപ്പ് എഴുതി വാങ്ങിച്ചു എന്ന ഗുരുതരമായ ആരോപണവും അൻസിബ ഉന്നയിച്ചിരുന്നു. തൃപ്പൂണിത്തുറ വനിതാ എസ്‌ഐ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അൻസിബ ഈ പരാതി നൽകിയത്. ഈ വിഷയത്തിൽ നേരത്തെ മുഖ്യമന്ത്രിക്കുൾപ്പെടെ അൻസിബ പരാതി നൽകിയിരുന്നു. പിന്നാലെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് പോലീസ് നൽകിയത്. എന്നാൽ പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു.