ഏതാനും മാസങ്ങൾക്ക് മുമ്പുവരെ ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ഒന്നടങ്കം ചർച്ചചെയ്ത വിഷയമായിരുന്നു ഹോളിവുഡ് നടൻ ജോണി ഡെപ്പും മുൻഭാര്യ ആംബർ ഹേർഡുമായുള്ള നിയമയുദ്ധം. ഗാർഹിക പീഡനത്തെക്കുറിച്ച് ഹേർഡ് എഴുതിയ ലേഖനം തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ഡെപ്പ് മാനനഷ്ടക്കേസ് നൽകിയതാണ് ഇതിനാധാരം. കേസിൽ ഡെപ്പിന് അനുകൂലമായി വിധിയും വന്നിരുന്നു. ഈ കേസ് ഒത്തുതീർപ്പാക്കാൻ ആംബർ ഹേർഡ് തീരുമാനിച്ചു എന്നതാണ് വിഷയത്തിലെ പുതിയ വഴിത്തിരിവ്.

To advertise here,

ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലാണ് ആംബർ ഹേർഡ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലെ നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് ഹേർഡ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. വിർജീനിയയിലുള്ള എന്റെ മുൻ ഭർത്താവ് എനിക്കെതിരെ കൊണ്ടുവന്ന മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കാൻ ഒരുപാട് ആലോചനകൾക്ക് ശേഷം താൻ വളരെ ബുദ്ധിമുട്ടി തീരുമാനിച്ചു എന്നുപറഞ്ഞുകൊണ്ടാണ് അവർ കുറിപ്പ് ആരംഭിക്കുന്നത്.

സമയം വിലപ്പെട്ടതാണ്, എന്റെ സമയം ലക്ഷ്യബോധത്തോടെ ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സത്യം പറഞ്ഞതിന് സ്ത്രീകൾക്ക് അധിക്ഷേപമോ പാപ്പരത്തമോ നേരിടേണ്ടിവരില്ല, പക്ഷേ നിർഭാഗ്യവശാൽ അത് വളരെ സാധാരണമായിരിക്കുന്നു. ഈ കേസ് തീർപ്പാക്കുന്നതിലൂടെ വിവാഹമോചനത്തിനുശേഷം എന്നെ സുഖപ്പെടുത്താൻ സഹായിച്ച ജോലിക്കായി സമയം ചെലവഴിക്കാനുള്ള സ്വാതന്ത്ര്യവും ഞാൻ തിരഞ്ഞെടുക്കുകയാണ്. ഞാൻ കാണുകയും കേൾക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന മേഖലകളിൽ നിലനിൽക്കുന്നതും എന്നിൽ മാറ്റം വരുത്താൻ കഴിയുമെന്ന് എനിക്കറിയാം.

അശ്രാന്തമായ കഠിനാധ്വാനത്തിന് അപ്പലേറ്റിനും ട്രയൽ ടീമുകൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അതിജീവിച്ച ഏതൊരു വ്യക്തിക്കും അവരുടെ കഥ പറയാനുള്ള കഴിവ് പലപ്പോഴും ഒരേയൊരു ആശ്വാസമായി തോന്നുന്നുവെന്ന് അറിയാം. എന്നിലുള്ള നിങ്ങളുടെ വിശ്വാസം എനിക്ക് മാത്രമല്ല, നിങ്ങൾക്കെല്ലാവർക്കും പ്രചോദനമാകുമെന്ന പ്രതീക്ഷ നിങ്ങളോട് പങ്കുവെയ്ക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല എന്നുപറഞ്ഞുകൊണ്ടാണ് ഹേർഡ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

2018-ൽ വാഷിങ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ ഗാർഹികപീഡനത്തെ അതിജീവിച്ച വ്യക്തിയായാണ് ആംബർ ഹേർഡ് സ്വയം അവതരിപ്പിച്ചത്. ലേഖനത്തിലെവിടെയും ജോണി ഡെപ്പിന്റെ പേരോ വ്യക്തിയെ തിരിച്ചറിയുന്ന സൂചനകളോ ഉണ്ടായിരുന്നില്ല. എന്നാൽ, അതിന് തൊട്ടുപിന്നാലെ ഡിസ്നി അടക്കമുള്ള വൻ നിർമാണ കമ്പനികൾ തങ്ങളുടെ സിനിമകളിൽനിന്ന് ഡെപ്പിനെ ഒഴിവാക്കി. തന്നെ വ്യക്തിഹത്യചെയ്യാനും സിനിമാജീവിതം തകർക്കാനും ഉദ്ദേശിച്ചുള്ളതാണ് ലേഖനമെന്ന് ആരോപിച്ച് 2019-ൽ ഡെപ്പ് കേസിനു പോയി. അഞ്ചു കോടി ഡോളറാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിനെതിരേ 10 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഹേർഡും നൽകി. 2015-ലായിരുന്നു ഇവരുടെ വിവാഹം.