ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ (സിബിഐ) രജിസ്റ്റർ ചെയ്ത കേസിൽ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യെ ചോദ്യംചെയ്ത് വിട്ടയച്ചു. ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നടന്ന ചോദ്യംചെയ്യൽ ഏഴുമണിക്കൂർ നീണ്ടുനിന്നു. മൂന്നാംതവണയാണ് കേസിൽ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത്.

To advertise here,

ഞായറാഴ്ച വൈകീട്ട് ആറോടെയാണ് വിജയ് സിബിഐ ആസ്ഥാനത്തുനിന്ന് മടങ്ങിയത്. കാറിന്റെ സൺറൂഫ് വഴി സിബിഐ ആസ്ഥാനത്തിന് പുറത്ത് തടിച്ചുകൂടിയവരെ വിജയ് കൈവീശി അഭിവാദ്യംചെയ്തു. മാർച്ച് 17-ന് കരൂർ എംഎൽഎ സെന്തിൽ ബാലാജിയോടും ചോദ്യംചെയ്യലിന് ഹാജരാവാൻ സിബിഐ നിർദേശിച്ചിട്ടുണ്ട്.

മാർച്ച് ഒൻപതിന് ചോദ്യംചെയ്യലിന് ഹാജരാവാൻ ആയിരുന്നു നോട്ടീസ് നൽകിയത്. 15 ദിവസം നീട്ടി ചോദിച്ചെങ്കിലും ആവശ്യം സിബിഐ നിഷേധിച്ചു. ചോദ്യംചെയ്യൽ ചെന്നൈയിലോ തമിഴ്‌നാട്ടിലെ ഏതെങ്കിലും ഓഫീസിലോ വേണമെന്ന ആവശ്യവും വിജയ് മുന്നോട്ടുവെച്ചിരുന്നു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടക്കുകയാണെന്ന് കാണിച്ചാണ് വിജയ് ഇളവ് ആവശ്യപ്പെട്ടത്.

കഴിഞ്ഞവർഷം സെപ്റ്റംബർ 27-ന് കരൂരിൽ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്. സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് പ്രത്യേക അന്വേഷണസംഘത്തിൽനിന്ന് സിബിഐ കേസ് ഏറ്റെടുക്കുകയായിരുന്നു. കേസിൽ ജനുവരിയിൽ രണ്ടുതവണ സിബിഐ വിജയ്‌യെ ചോദ്യംചെയ്തിരുന്നു.