നടനും സുഹൃത്തുമായ സന്തോഷ് നായരുടെ വിയോഗത്തിൽ കുറിപ്പ് പങ്കുവെച്ച് നടൻ റഹ്‌മാൻ. സന്തോഷ് നായരോടൊപ്പമുള്ള ഓർമകളാണ് റഹ്‌മാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. വാഹനപകടത്തിൽ സന്തോഷ് മരിച്ച വിവരം ഞെട്ടലോടെയാണ് കേട്ടതെന്നും ഇതിന് മുമ്പ് താൻ ഇത്രയധികം അസ്വസ്ഥനായിട്ടില്ലെന്നും റഹ്‌മാൻ കുറിച്ചു.

To advertise here,

സന്തോഷിനോട് തനിക്ക് വിശദീകരിക്കാനാകാത്ത പ്രത്യേക സ്‌നേഹം എന്നുമുണ്ടായിരുന്നെന്നും സ്‌ക്രീനിൽ വില്ലനായിരുന്നെങ്കിലും ജീവിതത്തിൽ നന്മയുള്ള മനുഷ്യനായിരുന്നുവെന്നും റഹ്‌മാൻ പറയുന്നു. എന്നും ഫോൺ വിളിച്ച് സംസാരിക്കാറില്ലെങ്കിലും വിളിക്കുമ്പോഴും പഴയ മനോഹരമായ കാലത്തെ കുറിച്ച് വാചാലരാകാറുണ്ടായിരുന്നുവെന്നും റഹ്‌മാൻ കൂട്ടിച്ചേർത്തു.

'എന്റെ സുഹൃത്ത് സന്തോഷ് നായർ ദാരുണമായ വാഹനാപകടത്തിൽ അകാലത്തിൽ വിടപറഞ്ഞെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത്. സിനിമാ ലോകത്ത് ഞങ്ങൾ ഒരുമിച്ച് വളർന്നവരാണ്. പല സിനിമകളിലും ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, പലപ്പോഴും നായകനും വി്ല്ലനുമായി. അദ്ദേഹം എന്റെ വില്ലനായാണ് അഭിനയിച്ചതെങ്കിലും യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം നല്ല മനസ്സുള്ള മനുഷ്യനും നല്ല സുഹൃത്തുമായിരുന്നു.

ഞങ്ങൾ എപ്പോഴും ഫോണിൽ വിളിക്കുന്നവർ ആയിരുന്നില്ലെങ്കിലും വിളിക്കുമ്പോഴെല്ലാം പഴയ ഓർമകൾ പങ്കുവെയ്ക്കാറുണ്ടായിരു്ന്നു. അദ്ദേഹത്തോട് എനിക്ക് എന്നും പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. അത് കൃത്യമായി വിശദീകരിക്കാൻ എനിക്ക് കഴിയില്ല. സിനിമകളിൽ 'പാക്ക് അപ്പ്' പറഞ്ഞതിന് ശേഷമുള്ള സമയങ്ങളിലാണ് ഞങ്ങളുടെ സൗഹൃദം പൂത്തുലഞ്ഞിരുന്നത്. ഹോട്ടൽ മുറികളിൽ ടിവി കണ്ടും ഭക്ഷണം പങ്കിട്ടും ചിരിച്ചും കഴിഞ്ഞ ആ ലളിതവും നിഷ്‌കളങ്കവും സന്തോഷകരവുമായ നിമിഷങ്ങൾ ഞാൻ എന്നും ഓർമിക്കും.

ഈ വാർത്ത കേട്ടപ്പോൾ ഞാൻ വല്ലാതെ അസ്വസ്ഥനായി. ഞാൻ ഇത്രയും അസ്വസ്ഥനാകുന്നത് അപൂർവമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഞാൻ എന്നും എന്റെ സുഹൃത്തിനെ ഓർമിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു.'- റഹ്‌മാൻ കുറിച്ചു.