
രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘ജയിലറി’നു മുന്നിൽ തന്റെ ചിത്രമായ ‘ജലധാര പമ്പ്സെറ്റ്’ വിറങ്ങലിച്ചു നിൽക്കുകയാണെന്ന് സിനിമയുടെ നായകനും സഹനിർമാതാവുമായ സാഗർ. തന്റെ പതിനഞ്ച് വർഷത്തെ കഷ്ടപ്പാടിന് ഒരാശ്വാസമാകും എന്നു കരുതിയ സിനിമയായിരുന്നു ‘ജലധാര’യെന്ന് സാഗർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഒരു കലാകാരൻ എന്ന രീതിയിൽ നമുക്ക് സന്തോഷം തരുന്നത് നമ്മൾ ചെയ്ത സിനിമ ആളുകൾ കാണുമ്പോഴും അതിന്റെ അഭിപ്രായം പറയുന്നത് കേൾക്കുമ്പോഴുമാണ്. അതിനുവേണ്ടി കാത്തിരിപ്പ് ഇനിയും തുടരണം എന്നാണോ എന്ന് സാഗർ ചോദിക്കുന്നു.
രണ്ടുവർഷമായി ഈ സിനിമയല്ലാതെ വേറൊന്നും മനസ്സിൽ ഇല്ലായിരുന്നുവെന്ന് സാഗർ പറഞ്ഞു. 15 വർഷത്തെ കഷ്ട്ടപ്പാടിനു ഒരു ആശ്വാസം ആകും എന്ന് കരുതിയ സിനിമയാണ് 'ജലധാര പമ്പ്സറ്റ്'. 'നീ രക്ഷപ്പെടുമെടാ' എന്ന വാക്കായിരുന്നു തൻ്റെ ശ്വാസവും വിശ്വാസവും. അതിനെ ധ്യാനിച്ചാണ് കടന്നു പോയ 15 വർഷവും ഓരോ ചുവടും വച്ചത്. തനിയ്ക്കും ഒരു കാരണവരുണ്ടെന്ന ഊറ്റത്തിൽ കെട്ടിപ്പൊക്കിയ പ്രതീക്ഷകളെല്ലാം അന്ന് പ്രിയ ഗുരു ലെനിൻ സാറിന്റെ അകാല വിയോഗത്തോടെ തകർന്നടിഞ്ഞു. ആത്മവിശ്വാസത്തോടെ മുന്നോട്ടുവെച്ച അടികൾ അതിലും വേഗത്തിൽ പലപ്പോഴും തിരിച്ചുവെയ്ക്കേണ്ടിവന്നുവെന്ന് സാഗർ പറഞ്ഞു.
'അഭിനയിച്ച സിനിമകൾ പലതും പെട്ടിയിലായി. പുറത്തു വന്നവയൊന്നും ഞാനെന്ന നടനെ തിരിച്ചറിഞ്ഞില്ല. അപമാനം, കളിയാക്കൽ, ചോദ്യങ്ങൾ, ഒപ്പം വളർന്നവർ പോലും കണ്ടെന്നു നടിച്ചില്ല. പ്രാർത്ഥിക്കുന്ന ദൈവങ്ങൾക്ക് മുൻപിൽ മണിക്കൂറുകളോളം പരിദേവനങ്ങളർപ്പിച്ചു. ഒടുവിൽ പ്രത്യാശയുടെ ഒരു തിരി വെട്ടം. 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'. തളർന്നു തുടങ്ങുന്നു. നല്ല പ്രായത്തിൽ സിനിമയിൽ എത്തി. ഇപ്പോൾ നരവീണു തുടങ്ങിയപ്പോഴാണ് ഒരു മുഴുനീളൻ കഥാപാത്രം ചെയ്തതും അതു തിയേറ്ററിൽ എത്തിയതും. ഒരു നടൻ അല്ലെങ്കിൽ ഒരു കലാകാരൻ എന്ന രീതിയിൽ നമുക്ക് സന്തോഷം തരുന്നത് നമ്മൾ ചെയ്ത സിനിമ ആളുകൾ കാണുമ്പോഴും അതിന്റെ അഭിപ്രായം പറയുന്നത് കേൾക്കുമ്പോഴുമാണ്... അതിനു വേണ്ടി കാത്തിരിപ്പ് ഇനിയും തുടരണം എന്നാണോ.? അതോ ഇനിയും അറിയപ്പെടാത്ത ഒരു നാടനായി നിൽക്കാനാവും എന്റെ യോഗം.' സാഗർ ചോദിക്കുന്നു.
'ജലധാര പമ്പ്സെറ്റ് സിൻസ് 1962' നിങ്ങളെങ്കിലും ഒന്ന് തിയേറ്ററിൽ കയറി കണ്ടാൽ. തിയേറ്ററിൽ ഈ ചിത്രം ഓടും എന്നുപറഞ്ഞുകൊണ്ടാണ് സാഗർ കുറിപ്പ് അവസാനിപ്പിക്കുന്നത്. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്നാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962 നിർമ്മിച്ചത്. കോർട്ട് റൂം ആക്ഷേപഹാസ്യമാണ് ചിത്രത്തിൻ്റെ പ്രമേയം. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ആക്ഷേപഹാസ്യ ഗണത്തിൽ വരുന്ന ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962.
Content Highlights: actor r sagar about his movie jaladhara pumpset since 1962, actor sagar facebook post
Published: 16 Aug 2023, 10:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented