
ഒരു ചെറിയ പമ്പ് സെറ്റ് മോഷണവും പിന്നാലെയുള്ള നൂലാമാലകളും കോർത്തിണക്കിയെത്തിയ ആക്ഷേപ ഹാസ്യം, അതാണ് 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'. സ്വതസിദ്ധമായ ശെെലിയിൽ പ്രേക്ഷകരെ ചിരിപ്പിക്കാൻ കഴിവുള്ള ഉർവശിയും ഇന്ദ്രൻസും നേർക്കുനേർ വരുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
യഥാർഥത്തിൽ നടന്ന ഒരു പമ്പ് സെറ്റ് മോഷണത്തിൽ നിന്ന് ഉരിത്തിരിഞ്ഞ കഥയാണ് ചിത്രം സംസാരിക്കുന്നത്. മോഷണത്തിൽ തുടങ്ങി നീതിന്യായ വ്യവസ്ഥിയുടെ മെല്ലെപ്പോക്കിലേക്കാണ് ചിത്രത്തിന്റെ സഞ്ചാരം. നവാഗതനായ ആഷിഷ് ചിന്നപ്പയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
മൃണാളിനി എന്ന അധ്യാപികയുടെ വീട്ടിലെ പമ്പ് സെറ്റ് മോഷ്ടിക്കാൻ മോട്ടോർ മണി എന്ന കള്ളൻ ശ്രമിക്കുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. കള്ളനെ കെെയോടെ നാട്ടുകാർ പിടികൂടിയെങ്കിലും കേസ് എങ്ങുമെത്താതെ നീണ്ടുപോവുകയാണ്. ഏഴ് വർഷത്തോളം നീളുന്ന കേസിലെ വാദപ്രതിവാദങ്ങൾ നർമ്മത്തിലൂന്നി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ.
പമ്പ് സെറ്റ് മോഷ്ടിക്കുന്ന കള്ളനായി ഇന്ദ്രൻസ് എത്തുമ്പോൾ മൃണാളിനി ടീച്ചറായി ഉർവശി വേഷമിടുന്നു. ടീച്ചറിന്റെ ഭർത്താവിന്റെ കഥാപാത്രം വിജയരാഘവൻ അവതരിപ്പിക്കുമ്പോൾ മകളായി വേഷമിട്ടിരിക്കുന്നത് സനുഷയാണ്. ഏഴ് വർഷത്തിന് ശേഷം സനുഷ മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മറ്റൊരു പ്രധാന വേഷത്തിൽ സാഗർ എത്തുന്നു.
നിസാരമെന്ന് തോന്നുമെങ്കിലും മൃണാളിനി ടീച്ചറിന് ഇത് ആത്മാഭിമാനത്തിന്റെ കൂടി കേസാണിത്. ഇത്രയും നാൾ ഒരു ചെറിയ കേസിന് പിന്നാലെ പോകുന്നതിന് പല ദിക്കിൽ നിന്നും കളിയാക്കലുകൾ നേരിടുന്നെങ്കിലും ഉർവശി അവതരിപ്പിച്ച കഥാപാത്രം പിന്മാറുന്നില്ല. ഏറെ നന്മയുള്ള ടീച്ചർ കഥാപാത്രം ഉർവശിയുടെ കെെകളിൽ ഭദ്രമായിരുന്നു.
ഈയടുത്ത് നിരവധി ഗംഭീര സീരിയസ് വേഷങ്ങളിലൂടെ ഞെട്ടിച്ച ഇന്ദ്രൻസിന്റെ പുതുമയുള്ള കഥാപാത്രമാണ് മോട്ടോർ മണി. രസികനും ഒരുപാട് വിഷമങ്ങൾ പേറി നടക്കുന്നയാളുമായ മണിയെ അനായാസം തിരശ്ശീലയിലെത്തിക്കാൻ ഇന്ദ്രൻസിനായി. പരസ്പരം കൗണ്ടറുകളടിച്ച് ഉർവശിയും ഇന്ദ്രൻസും രസിപ്പിക്കുന്നുണ്ട്. മോട്ടോർ മണിയും മകളും തമ്മിലുള്ള രംഗങ്ങൾ ചിത്രത്തിൽ പ്രത്യേക ശ്രദ്ധ നേടുന്നുണ്ട്.
ജോണി ആൻ്റണി, ടി. ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
മൃണാളിനി ടീച്ചറും കള്ളനും തമ്മിലുള്ള കേസ് വാദിക്കുന്ന വക്കീലന്മാരുടെ വേഷത്തിലാണ് ടി.ജി രവിയും ജോണി ആന്റണിയും എത്തുന്നത്. ഉർവ്വശിയുടെ കഥാപാത്രത്തിന് വേണ്ടി ടി.ജി രവിയും ഇന്ദ്രൻസിന്റെ കഥാപാത്രത്തിന് വേണ്ടി ജോണി ആന്റണിയുമാണ് എത്തിയത്. കുറച്ച് നാളുകൾക്ക് ശേഷൺ ടി.ജി രവി അവതരിപ്പിച്ച ശക്തമായ കഥാപാത്രമായിരുന്നു ചിത്രത്തിലെ വക്കീൽ വേഷം.
കോടതിയിലെ വാദ പ്രതിവാദങ്ങളുമായി മുന്നേറുന്ന ചിത്രം കോർട്ട് റൂം ഡ്രാമയിലേയ്ക്ക് നീങ്ങാതിരിക്കാൻ സംവിധായകൻ പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട്. കോടതി രംഗങ്ങളിൽ തമാശകളിലൂടെ നീതി ന്യായ വ്യവസ്ഥിതിയോട് നിരവധി ചോദ്യങ്ങളും ചിത്രം ചോദിക്കുന്നുണ്ട്.
പ്രജിൻ എം. പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്നാണ് 'ജലധാര പമ്പ്സെറ്റ് സിൻസ് 1962' നിർമിച്ചിരിക്കുന്നത്.
Content Highlights: urvashi indrans in jaladhara pumbset since 1962 review
Published: 11 Aug 2023, 02:24 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented