കുട്ടനാട്: ‘എന്റെ അമ്മ എന്റെ ദൈവം’ നടൻ പ്രമോദ് വെളിയനാടിന്റെ വാട്സാപ്പ് ഡിസ്‌ക്രിപ്ഷനിൽ കാണുന്ന വാചകമാണിത്. അമ്മയോടുള്ള പ്രമോദിന്റെ സ്നേഹവും ബഹുമാനവുമെല്ലാം ഈ ഒറ്റവരിയിൽ വായിച്ചെടുക്കാം. മലയാള സിനിമയിൽ ശ്രദ്ധേയനായ പ്രമോദ് വെളിയനാടിന്റെ ജീവിതപ്പോരാട്ടങ്ങൾക്കൊപ്പം എപ്പോഴും ചേർത്തുപറയപ്പെടുന്ന പേരാണ് അമ്മ വിജയമ്മയുടേത്. സിനിമയെന്ന സ്വപ്നവുമായി വർഷങ്ങളോളം അവസരങ്ങൾ തേടിനടന്ന കാലത്ത് പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും ‘നിനക്കു കഴിയും, ശ്രമം നിർത്തരുത്’ എന്നുപറഞ്ഞ് മകനെ മുന്നോട്ടുനയിച്ചത് വിജയമ്മയായിരുന്നു.

To advertise here,

തന്റെ ബാല്യകാല ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രമോദ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽപ്പോലും മകന്റെ കലാപ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കാതെ കഴിയുന്ന വിധത്തിൽ പിന്തുണനൽകാൻ അമ്മ ശ്രമിച്ചിരുന്നു. ഒരു ഓഡിഷനു പോകാനോ നാടകപരിശീലനത്തിൽ പങ്കെടുക്കാനോ യാത്രാച്ചെലവിനുള്ള പണം കണ്ടെത്താൻ കുടുംബം ബുദ്ധിമുട്ടിയ സാഹചര്യങ്ങളിലും അമ്മ മകന്റെ ആഗ്രഹത്തിന് ഒപ്പമുണ്ടായിരുന്നു.

അഭിനയരംഗത്ത് ആദ്യകാലത്ത് വലിയ അവസരങ്ങളൊന്നും ലഭിക്കാതിരുന്നപ്പോൾ പലതവണ നിരാശനായ പ്രമോദിനെ ആശ്വസിപ്പിച്ചതും അമ്മയായിരുന്നു. ‘ഇന്നല്ലെങ്കിൽ നാളെ നിന്റെ സമയം വരും’ എന്ന് ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. സിനിമകളിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയശേഷം ലഭിച്ച ഓരോ നേട്ടവും ആദ്യം പങ്കുവെച്ചിരുന്നത് അമ്മയോടൊപ്പമായിരുന്നു.

ടെലിവിഷനിലോ സിനിമയിലോ മകനെ കാണുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നതും അമ്മയായിരുന്നു. അയൽവാസികളോടും ബന്ധുക്കളോടും മകന്റെ വിജയങ്ങൾ അഭിമാനത്തോടെ പറയുന്ന അമ്മയുടെ സന്തോഷം പ്രമോദിനും വലിയ പ്രചോദനമായിരുന്നു. പുതിയ വീടിന്റെ ഗൃഹപ്രവേശത്തിന് ടൊവിനോയും ആഷിക് അബുവും റോഷൻ ആൻഡ്രൂസുമൊക്കെ എത്തിയിരുന്നു. മകന്റെ സിനിമക്കാരായ സുഹൃത്തുക്കളെന്ന് പ്രദേശവാസികളെയൊക്കെ ഏറെ അഭിമാനത്തോടെ പരിചയപ്പെടുത്തിയ നാട്ടിൻപുറത്തുകാരിയായ അമ്മയെപ്പറ്റി നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര ഫെയ്‌സ്ബുക്കിൽ കുറിച്ചു. ജീവിതത്തിലെ കഠിനമായ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ശക്തിപകർന്ന അമ്മയുടെ ഓർമ്മകൾ ഇനി പ്രമോദിന്റെ ജീവിതയാത്രയിൽ മായാത്ത സ്മരണകളായി തുടരും.