ബോളിവുഡ് നടനും വിമർശകനുമായ കമാൽ ആർ ഖാൻ എന്ന കെ.ആർ.കെ അറസ്റ്റിൽ. 2020-ൽ ട്വിറ്ററിലൂടെ നടത്തിയ വിവാദ പരാമർശങ്ങളേത്തുടർന്നാണ് അറസ്റ്റ്. യുവസേന അം​ഗം രാഹുൽ കാനാലിന്റെ പരാതിയിൽ മുംബൈയിലെ മാലാഡ് പോലീസാണ് കമാൽ ഖാനെ അറസ്റ്റ് ചെയ്തത്. 

To advertise here,

2020-ൽ നടന്മാരായ ഇർഫാൻ ഖാൻ, ഋഷി കപൂർ എന്നിവർക്കെതിരെ നടത്തിയ മോശം പരാമർശങ്ങളാണ് കമാൽ ഖാന്റെ അറസ്റ്റിലേക്ക് നയിച്ചത്. സംഭവത്തേത്തുടർന്ന് കമാൽ ഖാനെതിരെ പോലീസ് പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യുകയും  ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 294, 500, 501, 505, 67, 98  വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മുംബൈ പോലീസിന്റെ ഈ നടപടിയെ സ്വാ​ഗതം ചെയ്യുന്നതായി പരാതിക്കാരൻ പ്രതികരിച്ചു. കെ.ആർ.കെ സോഷ്യൽ മീഡിയ വഴി മോശം പരാമർശങ്ങൾ നടത്തുകയും സഭ്യമല്ലാത്ത ഭാഷ ഉപയോ​ഗിക്കുകയും ചെയ്തു. ഇത്തരം മനോഭാവം സമൂഹത്തിന് ഒരിക്കലും അം​ഗീകരിക്കാനാവില്ല. കെ.ആർ.കെയെ അറസ്റ്റ് ചെയ്തതിലൂടെ ഇത്തരക്കാർക്ക് ശക്തമായ സന്ദേശം നൽകുകയാണ് മുംബൈ പോലീസ് ചെയ്തതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

കമാൽ ഖാനെ ഇന്ന് രാത്രി പതിനൊന്ന് മണിയോടെ ബോറിവിലി കോടതിയിൽ ഹാജരാക്കും.