അയാം ഗെയിം എന്ന ചിത്രത്തിലേക്ക് താൻ എത്തിയതിനെക്കുറിച്ച് സംസാരിച്ച് നടൻ കതിർ. സംവിധായകൻ ലോകേഷ് കനകരാജ് വഴിയാണ് താൻ നഹാസ് ഹിദായത്തിനെ പരിചയപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് മലയാളത്തിൽ തന്റെ രണ്ടാമത്തെ ചിത്രമാണ്. മീശ എന്ന ചിത്രമാണ് ആദ്യം ചെയ്തത്. അയാം ഗെയിം എങ്ങനെയുണ്ടെന്ന് ചോദിച്ചാൽ സംവിധായകൻ നഹാസും നിർമാതാവും ഈ ചിത്രം തനിക്ക് കാണിച്ചുതന്നിട്ടില്ല. ഈ ചിത്രം കാണാൻ താനും കാത്തിരിക്കുകയാണെന്നും കതിർ പറഞ്ഞു.

To advertise here,

"അയാം ഗെയിമിനൊപ്പമുള്ള എന്റെ യാത്രയുടെ ആരംഭം സംവിധായകനും നടനുമായ ലോകേഷ് കനകരാജുമായുള്ള ഒരു ഫോൺ സംഭാഷണമാണ്. ഒരിക്കൽ ഞങ്ങൾ ആർഡിഎക്സ് എന്ന ചിത്രത്തേക്കുറിച്ച് സംസാരിച്ചിരുന്നു. നഹാസ് എന്നെ കാണണമെന്ന് ആവശ്യപ്പെട്ടുവെന്ന് ലോകേഷ് പറഞ്ഞു. ആ കഥ ഞാൻ കേൾക്കേണ്ട ആവശ്യമില്ലെന്നും താൻ കേട്ടുവെന്നും താനാണ് ഗ്യാരണ്ടിയെന്നും ലോകേഷ് എന്നോട് പറഞ്ഞു. ചെന്നൈയിൽ അവർ വരുമ്പോൾ ഒന്ന് കാണണമെന്നും ലോകേഷ് ആവശ്യപ്പെട്ടു. അതിന് മുൻപ് നഹാസിനെ ഞാൻ കണ്ടിട്ടേയില്ല.

ആർഡിഎക്സ് എന്ന ആക്ഷൻ ചിത്രമെടുത്ത സംവിധായകൻ വലിയ ഗൗരവക്കാരനായിരിക്കുമെന്നാണ് കരുതിയത്. സത്യത്തിൽ ഉറക്കെ സംസാരിക്കുകപോലും ചെയ്യാത്തയാളാണ് നഹാസ്. വലിയൊരു മനുഷ്യനാണ്. ക്രിക്കറ്റ് താരമായാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. ക്രിക്കറ്റിൽ ഞാൻ അല്പം മോശമാണെന്ന് കഥ കേട്ടപ്പോൾ ഞാൻ നഹാസിനോട് പറഞ്ഞിരുന്നു. നാട്ടിൽ ചെറിയ കളികളിലൊക്കെയേ പങ്കെടുത്തിട്ടുള്ളൂ എന്ന് പറഞ്ഞപ്പോൾ ഒന്നും പേടിക്കേണ്ടെന്ന് അദ്ദേഹം ധൈര്യംതന്നു. ആ ധൈര്യത്തെ അഭിനന്ദിക്കുന്നു.

ദുൽഖറിനൊപ്പം വളരെക്കുറച്ച് സമയംമാത്രമേ ചിലവഴിക്കാനായുള്ളൂ. ഒരു ദിവസം ഞങ്ങൾ സംസാരിച്ചത് ലോകയെക്കുറിച്ചാണ്. സംവിധായകനിലും ഛായാഗ്രാഹകനിലും കഥയിലും മാത്രമുള്ള വിശ്വാസംകൊണ്ട് ഇത്രയും തുക മുടക്കിയതിനെക്കുറിച്ച് ഞാൻ ചോദിച്ചു. അദ്ദേഹത്തിന്റെ ആത്മവിശ്വാസം, എടുത്ത റിസ്ക്, സിനിമയോടുള്ള അഭിനിവേശം എന്നിവ എടുത്തുപറയേണ്ടിയിരിക്കുന്നു." കതിരിന്റെ വാക്കുകൾ.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന 'ഐ ആം ഗെയിം' അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. സെപ്റ്റംബർ മൂന്നിന് ചിത്രം ആഗോള റിലീസായി എത്തും. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.