ടാക്‌സി ഡ്രൈവറെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ നടന്‍ ജയകൃഷ്ണന്‍ മാപ്പപേക്ഷിക്കുന്നതെന്ന പേരില്‍ വീഡിയോ പ്രചരിക്കുന്നു. പോലീസ് സ്‌റ്റേഷന് പുറത്ത് പരാതിക്കാരനോട് നടന്‍ സംസാരിക്കുന്നതിന്റെ പുറത്തുവന്നത്. പരാതി നല്‍കിയതിന് പിന്നാലെ ടാക്‌സി ഡ്രൈവറോട് മാപ്പപേക്ഷിക്കുയായിരുന്നുവെന്നാണ് വിവരം.

To advertise here,

പുറത്തുവന്ന വീഡിയോയിലെ സംഭാഷണങ്ങള്‍ പൂര്‍ണമായും വ്യക്തമല്ല. 'ഞാന്‍ പറഞ്ഞിട്ടില്ല, വോയ്​സ് ഞാന്‍ കേട്ടു, അത് എന്റേതല്ല', എന്നിങ്ങനെ നടന്‍ പറയുന്നതായി വീഡിയോയില്‍നിന്ന് മനസിലാക്കാം.

ജയകൃഷ്ണന് പുറമേ സന്തോഷ് എബ്രഹാം വിമല്‍ എന്നിവര്‍ക്കെതിരേയാണ് മംഗളൂരു ഉര്‍വ പോലീസ് കേസെടുത്തത്. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ അഹമ്മദ് ഷെഫീഖാണ് പരാതിക്കാരന്‍.

ഒക്ടോബര്‍ ഒമ്പതിനാണ് സംഭവം നടന്നത്. ജയകൃഷ്ണന്‍, സന്തോഷ് എബ്രഹാം, വിമല്‍ എന്നിവര്‍ ബെജായ്ക്ക് സമീപമുള്ള ഒരു ഹോംസ്റ്റേയില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനായി ടാക്‌സി ബുക്ക് ചെയ്തു. വാഹനം ബുക്ക് ചെയ്തപ്പോള്‍ വിലാസം മംഗളൂരു ബെജൈ ന്യൂ റോഡ് എന്നാണ് നല്‍കിയത്. ടാക്‌സി ഡ്രൈവര്‍ പിക്കപ്പ് ലൊക്കേഷന്‍ സ്ഥിരീകരിക്കാന്‍ ആപ്പ് വഴി അവരെ ബന്ധപ്പെട്ടു. സംസാരത്തിനിടെ ജയകൃഷ്ണന്‍ മോശമായി പെരുമാറി എന്നാണ് അഹമ്മദ് ഷെഫീഖിന്റെ പരാതിയിലുള്ളത്.

ജയകൃഷ്ണനും സുഹൃത്തുക്കളും ഹിന്ദിയിലും മലയാളത്തിലും അസഭ്യം പറയുകയും ഡ്രൈവറെ ഭീകരവാദി എന്നുള്‍പ്പെടെ വിളിച്ച് കടുത്ത മാനസിക വിഷമമുണ്ടാക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ജയകൃഷ്ണന്‍, സന്തോഷ് എബ്രഹാം എന്നിവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 352, 353(2) പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ഉര്‍വ പോലീസ് സബ് ഇന്‍സ്പെക്ടര്‍ എന്‍. ഗുരപ്പ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഈ പ്രവൃത്തി ടാക്‌സി ഡ്രൈവറുടെ അന്തസ്സിനും പൊതുവികാരത്തിനും ഗുരുതരമായ ദോഷം വരുത്തിയെന്നും, ഇതിനെത്തുടര്‍ന്ന് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചതായും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.