നടൻ ആമിർഖാനെതിരേ ഗുരുതര ആരോപണങ്ങളുമായി സഹോദരനും നടനുമായ ഫൈസൽ ഖാൻ. ആമിർഖാൻ ഭ്രാന്തനായി ചിത്രീകരിച്ച് തന്നെ ഏറെക്കാലം വീട്ടിൽ പൂട്ടിയിട്ടെന്നും മാനസികവെല്ലുവിളി നേരിടുന്നയാളായി ചിത്രീകരിച്ചെന്നും ഫൈസൽഖാൻ ആരോപിച്ചു. സ്വത്തുക്കളുടെ ക്രയവിക്രയാധികാരം സ്വന്തമാക്കാൻ ആമിർ ശ്രമിച്ചതായും ഫൈസൽ ഖാൻ പറഞ്ഞു. 

To advertise here,

ഒരു ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഫൈസൽഖാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘‘ജീവിതത്തിൽ ഞാൻ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ കാലമുണ്ടായിരുന്നു. സ്വന്തം കാര്യം നോക്കാൻ കഴിയാത്തയാളാണ് ഞാനെന്ന് ജഡ്ജിക്കുമുമ്പിൽ പറയണമെന്നായിരുന്നു ആമിറിന്റെ ആവശ്യം. അതോടെയാണ് വീടുവിട്ടുപോകാൻ തീരുമാനിച്ചത്’’ -ഫൈസൽഖാൻ പറഞ്ഞു.

‘‘കുടുംബവുമായി ഞാൻ അകലം പാലിച്ചു. ഞാൻ ബുദ്ധിഭ്രമമുള്ളയാളാണെന്ന് കുടുംബം പറഞ്ഞുപരത്തുകയായിരുന്നു. അവരെന്നെ വീട്ടുതടങ്കലിലാക്കി. എന്റെ ഫോൺ എടുത്തുമാറ്റി. എന്നെ ചില മരുന്നുകൾ കുടിപ്പിക്കാനും തുടങ്ങി. എന്നെ നോക്കാനായി ആമിർഖാൻ കാവൽക്കാരെ ഏർപ്പെടുത്തി. ലോകവുമായി എനിക്ക് ഒരു ബന്ധവുമില്ലായിരുന്നു. കുറച്ചുദിവസങ്ങൾക്കുശേഷമാണ് പ്രതിഷേധിക്കാൻ തുടങ്ങിയത്.’’ 

"പോലീസുകാരനായ സുഹൃത്തിന്റെ അടുത്തേക്കാണ് വീടുവിട്ടുപോയത്. സർക്കാർ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനായി. അവസാനം ഞാൻ ജയിച്ചു. മാനസികവെല്ലുവിളി നേരിടുന്നയാളല്ലെന്ന് കോടതി വിധിപറഞ്ഞു. പിതാവാണ് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നത്. എന്റെ സംരക്ഷണം ആവശ്യപ്പെട്ടാണ് ആമിർ കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയായ എന്നെ നോക്കാൻ എനിക്കറിയാമെന്ന് കോടതിയോട് പറഞ്ഞു. കോടതി ഈ വാദം അംഗീകരിച്ചു.’’-ഫൈസൽഖാൻ വ്യക്തമാക്കി.