നെടുമ്പാശ്ശേരി: അത്താണിയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികരായ മൂന്നുപേർ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിനു മർദനം. പോലീസ് കസ്റ്റഡിയിൽ വൈദ്യ പരിശോധനയ്ക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു പ്രതിക്കെതിരേ കൈയേറ്റം ഉണ്ടായത്.

To advertise here,

ആശുപത്രിയിൽനിന്ന് പ്രതിയെ പുറത്തേക്ക് കൊണ്ടു വരുന്നതിനിടെ, അപകടത്തിൽ കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കൾ 'നിന്റെ വാപ്പ എവഡ്രാ...' എന്ന് ചോദിച്ച് മർദിക്കുകയായിരുന്നു. അപകടത്തിനു ശേഷം; ‘എന്തു വന്നാലും വീട്ടുകാർ നോക്കും’ എന്ന് സുഹൈൽ വെല്ലുവിളിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മർദനം.

നെടുമ്പാശ്ശേരി വിഐപി റോഡിലുണ്ടായ വാഹനാപകടത്തിലാണ് രണ്ടു യുവതികളും ഒരു യുവാവും ഉൾപ്പെടെ മൂന്നുപേർ മരിച്ചത്. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മംഗലാപുരം സ്വദേശി ഇയാസ്, പാലക്കാട്, വയനാട് സ്വദേശികളായ ഗോപിക, ദേവിക എന്നിവരാണ് മരണപ്പെട്ടത്.

കൊച്ചിയിലെ ഒരു ആന്റീക് ഷോപ്പിലെ ജീവനക്കാരായ ഇവർ എയർപോർട്ട് ഭാഗം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. 

വിവിധയിടങ്ങളിൽനിന്ന് മദ്യപിച്ച് അപകടകരമാം വിധത്തിൽ ആയിരുന്നു സുഹൈലിന്റെ യാത്ര. ഇതിനിടെയായിരുന്നു ബൈക്കിൽ ഇടിച്ചത്. 19-കാരനായ പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരേ കേസെടുക്കാൻ എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു നിർദേശം നൽകിയിട്ടുണ്ട്. കാർ ഓടിച്ചിരുന്ന പ്രതി അപകടത്തിന് മുമ്പ് വിവിധ ബാറുകളിൽനിന്ന് മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. അതേസമയം പ്രതിയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് പോയേക്കും.