ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വിവിധ സംഘടനങ്ങൾ നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങൾ. വിജയ് വർമ, ഹുമ ഖുറേഷി തുടങ്ങിയ പ്രമുഖ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ശബ്ദമുയർത്തി. ഗ്യാനേഷ് കുമാറിനെതിരെ പരിഹാസരൂപേണയുള്ള കുറിപ്പാണ് വിജയ് വർമ പോസ്റ്റ് ചെയ്തത്. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയിൽ നടി ഹുമ ഖുറേഷി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

To advertise here,

ഡൽഹിയിലെ പ്രതിഷേധത്തെക്കുറിച്ച് വിജയ് വർമ

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് "സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന്റെ മുഖം" എന്നാണ് വിജയ് വർമ പരിഹാസരൂപേണ കുറിച്ചത്. ടോം ഹാങ്ക്സ് നായകനായ ഹോളിവുഡ് ചിത്രമായ 'സേവിംഗ് പ്രൈവറ്റ് റയാ'നെ (Saving Private Ryan) അടിസ്ഥാനമാക്കി 'സേവിംഗ് പ്രൈവറ്റ് ഗ്യാൻ' എന്ന ടാഗ്‌ലൈനും അദ്ദേഹം ഉപയോഗിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ ഒരു അമേരിക്കൻ പാരാട്രൂപ്പറെ രക്ഷിക്കാനുള്ള ദൗത്യമാണ് ഈ സിനിമയുടെ പ്രമേയം. "നമ്മുടെ ദേശീയ നായകനെ രക്ഷിക്കാൻ സേനകൾ ഒന്നിക്കുന്നതിൽ സന്തോഷം. എന്തുവിലകൊടുത്തും അദ്ദേഹത്തെ സംരക്ഷിക്കണം" എന്നാണ് വിജയ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതിനെതിരെ ഹുമ ഖുറേഷി

സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശവും ഉത്തരവാദിത്തവും ഊന്നിപ്പറഞ്ഞുകൊണ്ടാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയിൽ നടി ഹുമ ഖുറേഷി അതൃപ്തി രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സമാധാനപരമായി പ്രതിഷേധിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. സമാധാനപരമായ എതിർപ്പോ ചോദ്യങ്ങൾ ചോദിക്കുന്നതോ അക്കൗണ്ടബിലിറ്റി ആവശ്യപ്പെടുന്നതോ കുറ്റകൃത്യമല്ലെന്നും, ഭയവും ഉപദ്രവവും കൂടാതെ ശബ്ദമുയർത്താൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും അവർ വ്യക്തമാക്കി.

"നമ്മൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം അധികാരത്തിലിരിക്കുന്നവർ നൽകുന്ന ഔദാര്യമല്ല. സമാധാനപരമായി വിയോജിപ്പ് അറിയിക്കുന്നത് ഒരു കുറ്റമല്ല. ചോദ്യങ്ങൾ ചോദിക്കുന്നത് കുറ്റമല്ല. ഉത്തരവാദിത്തം ആവശ്യപ്പെടുന്നത് കുറ്റമല്ല. ഭയപ്പെടുത്തലോ പീഡനമോ കൂടാതെ ശബ്ദമുയർത്താൻ പൗരന്മാരെ ഒരു ജനാധിപത്യ രാജ്യം അനുവദിക്കണം. സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമർത്തുന്നത് നാം ഉയർത്തിപ്പിടിക്കാൻ അവകാശപ്പെടുന്ന മൂല്യങ്ങളെ തന്നെയാണ് തകർക്കുന്നത്.

ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയേയോ വ്യക്തിയേയോ പിന്തുണയ്ക്കുന്നില്ല. പൗരന്മാർക്കൊപ്പവും സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കൊപ്പവും വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുന്ന എല്ലാ ഇന്ത്യക്കാർക്കൊപ്പവുമാണ് ഞാൻ. ഈ രാജ്യത്തോടുള്ള എന്റെ സ്നേഹം കൊണ്ടാണ് എനിക്ക് മൗനം പാലിക്കാൻ കഴിയാത്തത്. ശബ്ദമുയർത്തിയാൽ അധിക്ഷേപങ്ങൾ, വ്യക്തിപരമായ ആക്രമണങ്ങൾ, എന്റെ സാമ്പത്തിക സ്രോതസ്സുകൾ പരിശോധിക്കൽ അല്ലെങ്കിൽ തൊഴിൽപരമായ തിരിച്ചടികൾ എന്നിവ നേരിടേണ്ടിവരുമെന്ന് എനിക്കറിയാം. അങ്ങനെയാണെങ്കിൽ അങ്ങനെയാവട്ടെ. എനിക്ക് ഒളിച്ചുവെക്കാനൊന്നുമില്ല, മാപ്പ് പറയേണ്ട സാഹചര്യമില്ല, എന്റെ ദേശസ്നേഹം തെളിയിക്കേണ്ട ആവശ്യവുമില്ല." ഹുമ ഖുറേഷിയുടെ വാക്കുകൾ.

ദേശസ്നേഹം എന്നത് അന്ധമായ മൗനമല്ല; ജനാധിപത്യം എന്നത് അന്ധമായ അനുസരണയുമല്ല. വിയോജിപ്പ് രാജ്യവിരുദ്ധമല്ല" എന്നുപറഞ്ഞാണ് അവർ തന്റെ പ്രസ്താവന അവസാനിപ്പിച്ചത്.

പ്രതിഷേധം തുടരുമെന്ന് CJP

ഡൽഹിയിലെ ജന്തർ മന്ദിറിൽ നടന്ന പ്രതിഷേധത്തിൽ പോലീസും സുരക്ഷാ സേനയും നിരവധിപേരെയാണ് കസ്റ്റഡിയിലെടുത്തത്. കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, ഐസ (AISA) പ്രസിഡന്റ് നേഹ ബോറ എന്നിവരടക്കമുള്ള പ്രതിഷേധക്കാരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ മുംബൈയിലെ ക്രാന്തി മൈതാനിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ആമിർ ഖാന്റെ അനന്തരവൾ സെയ്ൻ മരിയും താൽക്കാലികമായി കസ്റ്റഡിയിലായി. എന്നാൽ കസ്റ്റഡിയിലായവരെ പിന്നീട് പോലീസ് വിട്ടയച്ചു.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം രാജ്യവ്യാപകമാക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) അറിയിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയിൽനിന്ന് മോചിതരായതിനുപിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് നേതാക്കളുടെ പ്രഖ്യാപനം. സർക്കാർ ഡൽഹിയിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് സി.ജെ.പി. നേതാവ് സൗരവ് ദാസ് കുറ്റപ്പെടുത്തി.