ബോളിവുഡ് താരം സൽമാൻ ഖാനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ അഭിനവ് കശ്യപ്. 2010-ൽ അഭിനവിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദബാങ്ങിൻ്റെ ചിത്രീകരണത്തിനിടെ താരത്തിൽ നിന്നുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് അഭിനവ് അടുത്തിടെ ബോളിവുഡ് ടിക്കാനയ്ക്കുൾപ്പടെ നൽകിയ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു. വീണ്ടും നടനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിനവ്.
സിനിമയുടെ രംഗങ്ങളെല്ലാം ചിത്രീകരിച്ച് കഴിഞ്ഞിട്ടും പ്രോജക്റ്റ് ഏറ്റെടുക്കാനും സഹോദരൻ അർബാസ് ഖാനെ സംവിധായകനായി നിയമിക്കാനും സൽമാൻ ശ്രമിച്ചതായി അഭിനവ് ആരോപിച്ചു. ഉപദ്രവം കാരണം തനിക്ക് പ്രോജക്റ്റ് ഉപേക്ഷിക്കാൻ പലപ്പോഴും തോന്നിയിരുന്നതായി അദ്ദേഹം പറഞ്ഞു. സൽമാൻ ഖാനുമായുണ്ടായ രൂക്ഷമായ വാക്ക് തർക്കത്തെക്കുറിച്ചും തുടർന്നുണ്ടായ ബോധക്ഷയത്തെക്കുറിച്ചും അഭിനവ് കശ്യപ് അഭിമുഖത്തിൽ പറയുന്നുണ്ട്.
‘ഒരു വൈകുന്നേരം സൽമാനുമായി തർക്കമുണ്ടായി. എന്നോട് അദ്ദേഹം വളരെ മോശമായി സംസാരിച്ചു. ഞാൻ പണം തട്ടിയെടുത്തുവെന്ന് സൽമാൻ ആരോപിക്കുകയും കള്ളൻ എന്ന് വിളിക്കുകയും ചെയ്തു. ഞാൻ കഴിവില്ലാത്തവനും കള്ളനുമാണെങ്കിൽ നിങ്ങൾ എന്നെ എന്തിനാണ് ഇപ്പോഴും വെച്ചിരിക്കുന്നത് എന്ന് താൻ തിരിച്ചു ചോദിച്ചപ്പോൾ, എങ്കിൽ പോകൂ നിന്നെ ആര് തടഞ്ഞു?’ എന്ന് സൽമാൻ പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. ഈ വാക്കുകൾ തന്നെ വളരെയധികം വേദനിപ്പിച്ചെന്നും, തുടർന്ന് രണ്ട് മൂന്ന് മിനിറ്റോളം ബോധം പോവുകയും തറയിൽ ഇരിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നുണ്ട്.
ഈ സംഭവത്തിന് ദിവസങ്ങൾക്ക് ശേഷം സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചതായി അഭിനവ് പറയുന്നുണ്ട്. പിന്നീട് സുഹൃത്തുകളുടെ ഉപദേശത്തിലാണ് താൻ ആ തീരുമാനത്തിൽ നിന്ന് വിട്ടു നിന്നതെന്ന് അദ്ദേഹം പറയുന്നു.
പിന്നീട് താൻ സൽമാനുമായുള്ള ഇടപഴകൽ കുറയ്ക്കുകയും കൂടുതലും തന്റെ മുറിയിൽ ഒതുങ്ങിക്കൂടി സിനിമ പൂർത്തിയാക്കുകയുമായിരുന്നു എന്നും അഭിനവ് പറഞ്ഞു.
സംവിധായകൻ അനുരാഗ് കശ്യപിന്റെ സഹോദരൻ കൂടിയായ അഭിനവ് കശ്യപ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് 2010-ൽ പുറത്തിറങ്ങിയ ദബാങ്. സൽമാൻ ഖാനും സൊനാക്ഷി സിൻഹയുമാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തത്. 2013-ൽ രൺബീർ കപൂറിനെ നായകനാക്കി ബേഷരം എന്ന ചിത്രം ചെയ്തെങ്കിലും പരാജയമായിരുന്നു.
Content Highlights: Director Abhinav Kashyap reveals severe harassment allegations against Salman Khan during the filming of `Dabangg`.
Published: 15 Oct 2025, 05:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented