ബോളിവുഡ് താരം ആമിർ ഖാന്റെ വിവാഹ ആഘോഷങ്ങളിൽനിന്നുള്ള വീഡിയോ പങ്കുവെച്ച് മുൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. ഞായറാഴ്ച മുംബൈയിൽ നടന്ന ചടങ്ങുകളിൽനിന്നുള്ള വീഡിയോയാണ് ഇർഫാൻ പഠാൻ പങ്കുവെച്ചത്. ബാന്ദ്രയിലെ ആമിർ ഖാന്റെ വസതിയിലായിരുന്നു വിവാഹ രജിസ്ട്രേഷൻ.

To advertise here,

61-കാരനായ ആമിറും 47-കാരിയായ ഗൗരിയും ഉച്ചയ്ക്ക് 12.45-ന് വിവാഹരേഖകളിൽ ഒപ്പുവെച്ചു. പിന്നാലെ, പങ്കാളിയായി സ്വീകരിച്ചുകൊണ്ടുള്ള പ്രസ്താവന വായിച്ച ആമിർ, ഗൗരിയെ ചുംബിക്കാനൊരുങ്ങുന്നത് വീഡിയോയിൽ കാണാം. ഗൗരി വായിച്ചുകഴിഞ്ഞ ശേഷം ആമിർ അവരുടെ കൈകളിൽ സ്‌നേഹപൂർവം ചുംബിച്ചു. രജിസ്റ്ററിൽ ഒപ്പുവെച്ച ശേഷം ആവേശപൂർവം കൈകൾ ഉയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന ഗൗരിയെയും വീഡിയോയിൽ കാണാം.

വിവാഹത്തിനു ശേഷം ദമ്പതികൾ ആദ്യമായി നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. ബന്ധുക്കൾ കൈയടിച്ചും പ്രോത്സാഹിപ്പിച്ചും ഇരുവരെയും വരവേറ്റു.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ 150-ഓളം പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങുകൾക്ക് സാക്ഷിയായി ആമിറിന്റെ മുൻ വിവാഹങ്ങളിലെ മക്കളായ ഇറയും ജുനൈദും ആസാദും ഗൗരിയുടെ ആദ്യ വിവാഹത്തിലെ മകനും കൂടെയുണ്ടായിരുന്നു.

25 വർഷമായി സുഹൃത്തുക്കളായ ഇരുവരും രണ്ട് വർഷം മുമ്പാണ് ഡേറ്റിങ് തുടങ്ങിയത്. ബെംഗളൂരു സ്വദേശിയായ ഗൗരി ഫാഷൻ, ബ്യൂട്ടി, വെൽനെസ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ മുംബൈയിലാണ് താമസം. തന്റെ 60-ാം ജന്മദിനത്തിലാണ് ആമിർ ഗൗരിയുമായുള്ള പ്രണയം വെളിപ്പെടുത്തിയത്.

1986-ൽ റീന ദത്തയെ വിവാഹം ചെയ്ത ആമിറിന് ആ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. ഇറയും ജുനൈദും. 16 വർഷത്തെ ദാമ്പത്യത്തിനുശേഷം 2002-ൽ ഇരുവരും വേർപിരിഞ്ഞു. 2005-ൽ ആമിർ സംവിധായിക കിരൺ റാവുവിനെ വിവാഹം ചെയ്തു. 2001-ൽ ലഗാൻ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. 2021-ൽ വേർപിരിഞ്ഞ ഇരുവർക്കും ആസാദ് എന്ന മകനുണ്ട്.